Published: August 16, 2025 04:32 PM IST
1 minute Read
മുംബൈ∙ ഏഷ്യാകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരം ഇന്ത്യൻ ക്രിക്കറ്റ് ടീം ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി മുൻ ഇന്ത്യന്‍ താരം ഹർഭജന്‍ സിങ്. ഏഷ്യാ കപ്പിൽ ഇന്ത്യ പാക്കിസ്ഥാനെതിരെ കളിക്കാനിറങ്ങിയാൽ വീരമൃത്യു വരിച്ച സൈനികരെ പരിഹസിക്കുന്നതിനു തുല്യമാകുമെന്നും ഹര്‍ഭജൻ സിങ് വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ– പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമുകൾ ആദ്യമായി നേർക്കുനേർ വരുന്നത് ഏഷ്യാകപ്പിലാണ്.
സെപ്റ്റംബർ 14ന് ദുബായിൽ വച്ചാണ് ഏഷ്യാ കപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം നടക്കേണ്ടത്. ‘‘എന്താണ് പ്രധാനപ്പെട്ടതെന്ന് അവർ മനസ്സിലാക്കണം. അതു വളരെ എളുപ്പമാണ്. അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികനെ കാണാൻ അവരുടെ കുടുംബങ്ങൾക്കു സാധിക്കുന്നില്ല. ചിലപ്പോൾ അവര്‍ വീട്ടിലേക്കു തിരികെ വരില്ല. സ്വന്തം ജീവൻ നൽകിയാണ് സൈനികർ നമ്മളെ സംരക്ഷിക്കുന്നത്. അതുമായി തട്ടിച്ചുനോക്കുമ്പോൾ പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്കരിക്കുകയെന്നതു ചെറിയ കാര്യമാണ്.’’
‘‘കേന്ദ്രസർക്കാരിന്റെ നയവും അതു തന്നെയാണ്. വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ല. രണ്ടു രാജ്യങ്ങൾ തമ്മില്‍ അതിർത്തിയിൽ പ്രശ്നങ്ങളുള്ളപ്പോൾ ക്രിക്കറ്റ് കളിക്കാൻ സാധിക്കില്ല. വലിയ പ്രശ്നങ്ങൾ ഉണ്ടെന്നിരിക്കെ ഒരു ക്രിക്കറ്റ് മത്സരം എന്നതു ചെറിയ കാര്യം മാത്രമാണ്. രാജ്യമായിരിക്കണം എപ്പോഴും പ്രധാനം. നിങ്ങളൊരു നടനോ, ക്രിക്കറ്റ് താരമോ ആരു തന്നെയായാലും അതൊന്നും രാജ്യത്തിലും വലുതല്ല. അങ്ങനെ നോക്കുമ്പോൾ മത്സരം ഉപേക്ഷിക്കുകയാണു വേണ്ടത്.’’– ഹർഭജൻ സിങ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
ഹർഭജൻ സിങ് ഉൾപ്പടെ പങ്കെടുത്ത ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്കരിച്ചിരുന്നു. ഗ്രൂപ്പ ഘട്ടത്തിലെയും സെമി ഫൈനലിലെയും കളികളാണ് ഇന്ത്യൻ താരങ്ങള്‍ സഹകരിക്കാത്തതിനെ തുടര്‍ന്ന് ഉപേക്ഷിച്ചത്. പാക്കിസ്ഥാനെതിരെ കളിക്കാൻ സാധിക്കില്ലെന്ന് യുവരാജ് സിങ്, ഹർഭജൻ സിങ്, ഇർഫാൻ പഠാൻ തുടങ്ങിയ താരങ്ങൾ നിലപാടെടുക്കുകയായിരുന്നു.
English Summary:








English (US) ·