31 July 2025, 02:47 PM IST

നിറതിങ്കളേ എന്ന ഗാനരംഗത്തുനിന്ന് | സ്ക്രീൻഗ്രാബ്
ചില ഗാനങ്ങൾ കാലത്തിന് അതീതമാണെന്ന് പറയാറുണ്ട്. ഇറങ്ങി വർഷങ്ങൾക്കുശേഷമാവും അതിന്റെ യഥാർത്ഥ മൂല്യം ആസ്വാദകർ മനസിലാക്കുക. പറഞ്ഞുവരുന്നത് ഒരു മലയാളഗാനത്തേക്കുറിച്ചാണ്. 2009-ൽ പുറത്തിറങ്ങിയ മൈ ബിഗ് ഫാദർ എന്ന ചിത്രത്തിലെ ഒരു ഗാനം യൂട്യൂബിൽ 50 മില്യണിലേറെ കാഴ്ചക്കാരെയും സ്വന്തമാക്കി കുതിപ്പ് തുടരുകയാണ്.
യേശുദാസ് ആലപിച്ച നിറതിങ്കളേ നറു പൈതലേ എന്ന ഗാനമാണ് യൂട്യൂബിൽ അപ്രതീക്ഷിത പ്രകടനം കാഴ്ചവെച്ചത്. നിലവിൽ 53 മില്യണിലേറെയാണ് ഗാനത്തിന്റെ വ്യൂസ്. വയലാർ ശരത്ചന്ദ്ര വർമ എഴുതിയ ഗാനം അലക്സ് പോൾ ആണ് ഈണിട്ടത്. ഗിന്നസ് പക്രുവും ഇന്നസെന്റുമാണ് ഗാനരംഗത്തിലുള്ളത്.
ഉയരക്കുറവുള്ള അച്ഛന്റെയും ഉയരമുള്ള മകന്റെയും ആത്മബന്ധത്തിന്റെ കഥയാണ് മഹേഷ് പി. ശ്രീനിവാസൻ സംവിധാനംചെയ്ത മൈ ബിഗ് ഫാദർ പറഞ്ഞത്. ഗിന്നസ് പക്രു അച്ഛൻ വേഷത്തിലെത്തിയപ്പോൾ മകനായെത്തിയത് ജയറാമായിരുന്നു. അച്ഛന് മകനോടുള്ള വാത്സല്യമാണ് ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.
വിദേശികളാണ് ഈ ഗാനം ഇത്രയേറെ ഹിറ്റാക്കിയതെന്നതാണ് ഏറെ ശ്രദ്ധേയം. എപി മലയാളം സോങ്സ് എന്ന യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്ത വീഡിയോയുടെ കമന്റ് സെക്ഷൻ മുഴുവൻ വിദേശികളാണ് കയ്യടിക്കിയിരിക്കുന്നത്. പല വിദേശഭാഷകളിലുള്ള കമന്റുകളാണ് ഏറെയും. ഗാനരംഗത്തിലുള്ളത് യഥാർത്ഥ അച്ഛനും മകനുമാണ് എന്നാണ് വിദേശികളായ പലരും ധരിച്ചിരിക്കുന്നത്. കമന്റുകൾ പരിശോധിച്ച മറ്റുചിലർ ഇത് സിനിമാ ഗാനമാണെന്നും ഗിന്നസ് പക്രുവെന്നാണ് നടന്റെ പേര് എന്നും കമന്റ് ചെയ്തിട്ടുണ്ട്.
കനിഹയായിരുന്നു നായിക. സുരാജ് വെഞ്ഞാറമ്മൂട്, സലിം കുമാർ, ബാബുരാജ് തുടങ്ങിയവരായിരുന്നു മറ്റുപ്രധാനവേഷങ്ങളിൽ. സതീഷ് കെ. ശിവൻ, സുരേഷ് മേനോൻ എന്നിവരുടേതാണ് തിരക്കഥ. പി.എ. സെബാസ്റ്റ്യനാണ് ചിത്രം നിർമിച്ചത്.
Content Highlights: Timeless Malayalam Melody "Nirathingale" Reaches Global Audience connected YouTube





English (US) ·