15 May 2025, 08:17 PM IST

സോഫിയ ഖുറേഷി, ശിഖർ ധവാൻ | Photo: ANI, AFP
ന്യൂഡല്‍ഹി: കേണല്‍ സോഫിയ ഖുറേഷിക്കും രാജ്യത്തിനു വേണ്ടി പോരാടിയ മുസ്ലിംകള്‍ക്കും അഭിനന്ദനങ്ങളുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് ധവാന്റെ അഭിനന്ദനം.
ഇന്ത്യയുടെ സിന്ദൂര്‍ ഓപ്പറേഷന്റെ വിശദാംശങ്ങള്‍ സൈന്യത്തിനു വേണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ച സോഫിയ ഖുറേഷിക്കെതിരേ ബിജെപി നേതാവിന്റെ അധിക്ഷേപ പരാമര്‍ശം ചര്‍ച്ചയായതിനു പിന്നാലെയാണ് ധവാന്റെ കുറിപ്പ്.
'' ഇന്ത്യയുടെ ആത്മാവ് അതിന്റെ ഐക്യത്തിലാണ് കുടികൊള്ളുന്നത്. കേണല്‍ സോഫിയ ഖുറേഷിയെപ്പോലുള്ള ധീരന്മാര്‍ക്കും, രാജ്യത്തിനുവേണ്ടി പോരാടിയ എണ്ണമറ്റ ഇന്ത്യന്‍ മുസ്ലിംകള്‍ക്കും അഭിനന്ദനങ്ങള്‍. ജയ് ഹിന്ദ്!''- ശിഖര്‍ ധവാന്‍ എക്‌സില്‍ കുറിച്ചു.
അതേസമയം സോഫിയെ ഖുറേഷിയെ അധിക്ഷേപിച്ച മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ രൂക്ഷമായ ഭാഷയിലാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. വിജയ് ഷായുടെ പരാമര്‍ശം അംഗീകരിക്കാനാകില്ലെന്നും ഭരണഘടനാ പദവി വഹിക്കുന്നവര്‍ സംസാരത്തില്‍ മിതത്വം പാലിക്കണമെന്നും ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി പറഞ്ഞു. തനിക്കെതിരായ നിയമനടപടികള്‍ മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് ഷാ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ വിമര്‍ശനം.
ഇന്ദോറില്‍ നടന്ന ഒരു പൊതുപരിപാടിയിക്കിടെ ആയിരുന്നു വിജയ് ഷായുടെ വിവാദപരാമര്‍ശം. സോഫിയ ഖുറേഷിയെ ഭീകരരുടെ സഹോദരിയെന്ന വിധത്തില്‍ പരാമര്‍ശിച്ചതാണ് വിവാദമായത്. 'പഹല്‍ഗാമിലെ കൂട്ടക്കൊലയിലൂടെ നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെതന്നെ സഹോദരിയെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തകര്‍ത്തു. ആരാണോ നമ്മുടെ സഹോദരിമാരെ വിധവകളാക്കിയത്, അതേ സമൂഹത്തിലെ സഹോദരിമാരെ ഉപയോഗിച്ച് പാഠം പഠിപ്പിച്ചു,' എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. പരാമര്‍ശം വിവാദമായതോടെ മന്ത്രി മാപ്പ് പറഞ്ഞിരുന്നു.
Content Highlights: Shikhar Dhawan lauded Colonel Sofia Khureshi and different Muslim soldiers who fought for India








English (US) ·