ലണ്ടൻ ∙ മുഹമ്മദ് സലാ ഇല്ലെങ്കിലെന്താ, പെനൽറ്റി സ്പോട്ടിൽ ലിവർപൂളിനു ലക്ഷ്യം പിഴച്ചില്ല!
കോച്ചുമായുള്ള അസ്വാരസ്യങ്ങൾ തുടരുന്നതിനിടെ, ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സലായെ ഇംഗ്ലണ്ടിൽ നിർത്തി യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ മത്സരം കളിക്കാൻ ഇറ്റലിയിലേക്കു വന്ന ലിവർപൂളിനു വിജയം; ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനെ 1–0ന് ചെമ്പട കീഴടക്കി. 88–ാം മിനിറ്റിൽ പെനൽറ്റി സ്പോട്ടിൽനിന്ന് ഡൊമിനിക് സോബോസ്‌ലായിയാണ് ലിവർപൂളിന്റെ വിജയഗോൾ നേടിയത്. മറ്റു പ്രധാന മത്സരങ്ങളിൽ സ്പാനിഷ് ക്ലബ് ബാർസിലോനയും ജർമൻ ക്ലബ് ബയൺ മ്യൂണിക്കും ജയിച്ചപ്പോൾ ഇംഗ്ലിഷ് ക്ലബ് ചെൽസി തോറ്റു.
ലിവർപൂളിന് ആശ്വാസംഎല്ലാ ടൂർണമെന്റുകളിലുമായി 6 കളികളിൽ ഒരു ജയം മാത്രമെന്ന നിലയിൽ ചാംപ്യൻസ് ലീഗിനു വന്ന ലിവർപൂളിന് ആശ്വാസം പകരുന്നതാണ് ഇന്ററിനെതിരായ വിജയം. 31–ാം മിനിറ്റിൽ ഇബ്രാഹിം കോനാട്ടെയുടെ ഹെഡറിൽ ലിവർപൂൾ മുന്നിലെത്തിയെന്നു കരുതിയതാണ്. എന്നാൽ, മിനിറ്റുകൾ നീണ്ടുനിന്ന വിഡിയോ റിവ്യൂവിൽ (വാർ) ഇതു ഹാൻഡ് ബോളാണെന്നു വ്യക്തമായി. ലിവർപൂളിന് ഒരു ഗോൾ നിഷേധിച്ച വാർ തന്നെ പിന്നീടു ടീമിന്റെ രക്ഷയ്ക്കുമെത്തി.
ഇന്റർ താരം അലസാന്ദ്രോ ബസ്റ്റോണി ലിവർപൂൾ താരം ഫ്ലോറിയൻ വിറ്റ്സിനെ പെനൽറ്റി ഏരിയയിൽ ഷർട്ടിൽ പിടിച്ചു വലിച്ചിട്ടതു വാർ ക്യാമറകൾ കണ്ടെത്തി. ഇതിനു ലഭിച്ച പെനൽറ്റി കിക്കാണ്, പതിവുകാരൻ മുഹമ്മദ് സലായുടെ അഭാവത്തിൽ ഹംഗേറിയൻ മിഡ്ഫീൽഡർ ഡൊമിനിക് സോബോസ്‌ലായ് ലക്ഷ്യത്തിലെത്തിച്ചത്. ജയത്തോടെ 8–ാം സ്ഥാനത്തെത്തിയ ലിവർപൂൾ നോക്കൗട്ടിൽ ഇടംപിടിക്കാമെന്ന പ്രതീക്ഷ ശക്തമാക്കി. തോൽവിയോടെ ഇന്റർ 5–ാം സ്ഥാനത്തായി.
12 മിനിറ്റിനിടെ 3 ഗോൾപോർച്ചുഗീസ് ക്ലബ് സ്പോർടിങ് ലിസ്ബണിനെ 3–1നു തോൽപിച്ച ജർമൻ ക്ലബ് ബയൺ മ്യൂണിക്കിന്റെ പ്രകടനത്തിൽ നിർണായകമായത് പതിനേഴുകാരൻ മിഡ്ഫീൽഡർ ലെനാർട്ട് കാളിന്റെ മാസ്മരിക പ്രകടനമാണ്.
54–ാം മിനിറ്റിൽ ജോഷ്വ കിമ്മിച്ചിന്റെ സെൽഫ് ഗോളിൽ ലീഡ് വഴങ്ങിയ ബയൺ മ്യൂണിക് പിന്നീടു 12 മിനിറ്റിനിടെ 3 ഗോളുകൾ തിരിച്ചടിച്ച് പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. സെർജി ഗനാബ്രി (65), ലെനാർട്ട് കാൾ (69), ജൊനാഥൻ ടാ (77) എന്നിവരാണു ബയണിനായി ഗോളുകൾ തിരിച്ചടിച്ചത്.
ജയത്തോടെ, ഇംഗ്ലിഷ് ക്ലബ് ആർസനലിനു പിന്നിൽ രണ്ടാം സ്ഥാനത്തെത്താൻ ബയണിനായി. ഈ സീസണിൽ ജർമൻ ഫുട്ബോളിലെ ഏറ്റവും മികച്ച കൗമാര താരമായി വിലയിരുത്തപ്പെടുന്ന പതിനേഴുകാരൻ കാൾ 4 ചാംപ്യൻസ് ലീഗ് മത്സരങ്ങളിൽ മൂന്നാമത്തെ ഗോളാണു പേരിൽ കുറിക്കുന്നത്. കൊൺറാഡ് ലെയ്മറിന്റെ പാസ് അന്തരീക്ഷത്തിൽവച്ചു തന്നെ പിടിച്ചെടുത്ത കാൾ വിഷമം പിടിച്ച ആംഗിളിൽനിന്നു 2 ഡിഫൻഡർമാരെയും ഗോളിയെയും മറികടന്ന സൂപ്പർ വോളി തൊടുക്കുകയായിരുന്നു.
യമാലിന് റെക്കോർഡ്ജർമൻ ക്ലബ് ഐൻട്രാച്റ്റ് ഫ്രാങ്ക്ഫുർട്ടിനെ 2–1നു തോൽപിച്ച ബാർസിലോനയുടെ 2 ഗോളുകളും നേടിയത് ഫ്രഞ്ച് താരം യൂൾസ് കുൻഡെയാണ്. 50–ാം മിനിറ്റിലെ ഗോളിന് മാർക്കസ് റാഷ്ഫഡും 53–ാം മിനിറ്റിലെ ഗോളിനു ലമീൻ യമാലും വഴിയൊരുക്കി. ഇതോടെ, ചാംപ്യൻസ് ലീഗിൽ യമാലിന്റെ ഗോളുകളുടെയും അസിസ്റ്റുകളുടെയും ആകെ എണ്ണം 14 ആയി. 19 വയസ്സിൽ താഴെയുള്ള താരം ഈ നേട്ടം കൈവരിക്കുന്നത് ആദ്യമാണ്.
ഫ്രഞ്ച് ഫുട്ബോളർ കിലിയൻ എംബപെയുടെ പേരിലായിരുന്നു ഇതുവരെ റെക്കോർഡ് (13). നേരത്തേ, 21–ാം മിനിറ്റിൽ അൻസ്ഗർ നൗഫിന്റെ ഗോളിൽ ജർമൻ ക്ലബ്ബായിരുന്നു ആദ്യം ലീഡ് നേടിയത്. പക്ഷേ, നൂകാംപിലെ ആരാധകരെ നിരാശരാക്കാതെ ബാർസ തിരിച്ചടിച്ചു.
ചെൽസി വീണുഇറ്റാലിയൻ ക്ലബ് അറ്റലാന്റയോട് 2–1 തോൽവി വഴങ്ങേണ്ടി വന്ന ഇംഗ്ലിഷ് ക്ലബ് ചെൽസിയുടേത് ദൗർഭാഗ്യത്തിന്റെ കഥ കൂടിയാണ്. 25–ാം മിനിറ്റിൽ ജോവ പെഡ്രോയുടെ ഗോളിൽ ചെൽസി ലീഡ് നേടിയതാണ്. എന്നാൽ 55, 83 മിനിറ്റുകളിലെ ഗോളുകളിൽ അറ്റലാന്റ തിരിച്ചടിച്ചു. ജയത്തോടെ അവർ 3–ാം സ്ഥാനത്തെത്തി. ചെൽസിയാകട്ടെ തുടർച്ചയായ 2–ാം തോൽവിയോടെ 11–ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ആദ്യ 8 സ്ഥാനക്കാർക്കാണു നേരിട്ടു നോക്കൗട്ട് യോഗ്യത.
മറ്റൊരു ഇംഗ്ലിഷ് ക്ലബ് ടോട്ടനം ഹോട്സ്പർ ചെക്ക് റിപ്പബ്ലിക് ക്ലബ് സ്ലാവിയ പ്രാഗിനെ 3–0ന് തോൽപിച്ച മത്സരം കാണാൻ സ്പർസിന്റെ ഇതിഹാസതാരം സൺ ഹ്യൂങ് മിന്നും എത്തിയിരുന്നു. ഡച്ച് ക്ലബ് പിഎസ്‌വി ഐന്തോവനെ സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മഡ്രിഡ് 3–2നു തോൽപിച്ചു. ഫ്രഞ്ച് ക്ലബ് മോണക്കോ 1–0ന് തുർക്കി ക്ലബ് ഗലാട്ടസറെയെയും തോൽപിച്ചു.
English Summary:








English (US) ·