ജയ്പുർ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിനിടെ രാജസ്ഥാൻ നായകൻ റിയാൻ പരാഗും യുവതാരം തുഷാർ ദേശ്പാണ്ഡെയും തമ്മിൽ വാക്പോരുണ്ടായെന്ന പ്രചാരണം തള്ളി രാജസ്ഥാൻ റോയൽസ്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത പ്രത്യേക വിഡിയോയിലൂടെയാണ് രാജസ്ഥാൻ റോയൽസിന്റെ വിശദീകരണം. സംഭവത്തിൽ ഉൾപ്പെട്ട റിയാൻ പരാഗും തുഷാർ ദേശ്പാണ്ഡെയും ഒരുമിച്ചെത്തി സംഭവിച്ചത് എന്താണെന്ന് വിശദീകരിക്കുന്നതാണ് വിഡിയോ.
വാക്‌പോര് അതിരുവിട്ടതോടെ ബോളിങ് പരിശീലകൻ ഷെയ്ൻ ബോണ്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയതെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഇതോടെയാണ് രാജസ്ഥാൻ വിശദീകരണവുമായി രംഗത്തെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചത് രാജസ്ഥാൻ റോയൽസിന് വിജയത്തിളക്കത്തിനിടയിലും നാണക്കേടായിരുന്നു. മത്സരത്തിനിടെ സ്ട്രാറ്റജിക് ടൈം ഔട്ടിന്റെ സമയത്താണ് പരാഗും ദേശ്പാണ്ഡെയും തമ്മിൽ വഴക്കുണ്ടായതെന്നായിരുന്നു റിപ്പോർട്ട്. ദേശ്പാണ്ഡെയ്‌ക്കെതിരെ വിരൽ ചൂണ്ടി റിയാൻ പരാഗ് അതൃപ്തിയോടെ എന്തോ പറയുന്നതായിരുന്നു ദൃശ്യങ്ങളിൽ. ഈ സമയത്ത് ഷെയ്ൻ ബോണ്ട് സമീപത്തു നിൽക്കുന്നതും കാണാമായിരുന്നു.
‘സോറി ഗയ്സ്, നോ ഡ്രാമ ഹിയർ’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച വിഡിയോയിലാണ്, വാക്പോരുണ്ടായെന്ന വാർത്ത രാജസ്ഥാൻ തള്ളിയത്. ഷെയ്ൻ ബോണ്ട് അൽപം മാറിനിൽക്കാൻ ആവശ്യപ്പെട്ടതാണ് എല്ലാവരും പിടിച്ചുമാറ്റിയതെന്നും പിടിച്ചുതള്ളിയതെന്നും ആക്കിയതെന്നും ഇരുവരും വിഡിയോയിൽ വിശദീകരിച്ചു.
‘‘ഈ സ്ട്രാറ്റജിക് ടൈം ഔട്ടിന്റെ സമയത്ത് സന്ദീപ് ശർമയ്ക്ക് രണ്ടു ബോൾ കൂടി എറിയാനുണ്ടായിരുന്നു. നാലാം ബോളിനു പിന്നാലെ പരുക്കിന്റെ ലക്ഷണങ്ങൾ കാട്ടിയതോടെ സാൻഡി ഫിസിയോയെ വിളിച്ചു. ഈ സമയത്താണ് സ്ട്രാറ്റജിക് ടൈം ഔട്ടും നൽകിയത്. അദ്ദേഹത്തിന് ബോളിങ് തുടരാനാകില്ലെങ്കിൽ ആര് ഈ രണ്ടു പന്തുകൾ എറിയുമെന്ന് ഞാൻ ചോദിച്ചു.’
‘‘സ്റ്റേഡിയത്തിലെ ശബ്ദം കാരണം, രണ്ട് ഓവറുകൾ എറിയുന്നത് ആരാണെന്നാണ് ഞാൻ ചോദിച്ചതെന്നാണ് പരാഗ് കരുതിയത്. അതുകൊണ്ട് യുധ്‌വീറും ജോഫ്രയുമെന്ന് മറുപടിയും നൽകി. ചോദിച്ചത് മനസ്സിലായില്ലെന്ന് വ്യക്തമായതോടെ, രണ്ട് ഓവറല്ല രണ്ട് പന്ത് എന്നാണെന്ന് ഞാൻ ഒന്നുകൂടി വിശദീകരിച്ചു’ – ദേശ്പാണ്ഡെയുടെ വാക്കുകൾ.
ദേശ്പാണ്ഡെ പറഞ്ഞുനിർത്തിയതിനു പിന്നാലെ റിയാൻ പരാഗ് തന്റെ ഭാഗം വിശദീകരിച്ചു. ‘‘യുധ്‌വീർ ശേഷിക്കുന്ന രണ്ടു പന്തുകൾ എറിയുകയും സന്ദീപ് ശർമയ്ക്ക് ബോളിങ് തുടരാനാകാതെ വരികയും ചെയ്താൽ, ശേഷിക്കുന്ന ഒരു ഓവർ ബോൾ ചെയ്യാൻ യുധ്‌വീറിനു കഴിയില്ല. പിന്നീട് നാലു പന്തുകൂടി എറിഞ്ഞ് നിർത്തേണ്ടി വരും.’– പരാഗ് ചൂണ്ടിക്കാട്ടി.
‘‘അങ്ങനെ വന്നാൽ ശേഷിക്കുന്ന രണ്ടു പന്തുകൾ ആരെറിയും? മിക്കവാറും അംപയർ വന്ന് എറിയേണ്ടി വരും’ – ദേശ്പാണ്ഡെയുടെ വാക്കുകൾ.
‘‘അതുകൊണ്ട്, ശേഷിക്കുന്ന രണ്ടു പന്തുകൾ ഞാൻ എറിയണമെന്നാണ് ദേശ്പാണ്ഡെ ഉദ്ദേശിച്ചത്. പക്ഷേ ഞാൻ കേട്ടത് രണ്ട് ഓവർ എന്നായിപ്പോയി. ഇതേ സമയത്താണ് ഷെയ്ൻ ബോണ്ട് എന്തോ പറഞ്ഞത്. അദ്ദേഹം ഞങ്ങളെ പിടിച്ചുവച്ച് കാര്യം പറയാൻ ശ്രമിച്ചതാണ് ആ കണ്ടത്.’ – പരാഗ് കൂട്ടിച്ചേർത്തു.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ റോയൽസിനു മുന്നിലുയർത്തിയത് 210 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം. മറുപടി ബാറ്റിങ്ങിൽ പതിനാലുകാരനായ ഓപ്പണർ വൈഭവ് സൂര്യവംശി സെഞ്ചറിയുമായും സഹ ഓപ്പണർ യശസ്വി ജയ്‌സ്വാൾ അപരാജിത അർധസെഞ്ചറിയുമായും തിളങ്ങിയതോടെ രാജസ്ഥാൻ 25 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തിയിരുന്നു. 38 പന്തിൽ ഏഴു ഫോറും 11 സിക്സും സഹിതം 101 റൺസെടുത്ത വൈഭവ് കളിയിലെ കേമനായി.
ഇതുവരെ 10 മത്സരങ്ങൾ പൂർത്തിയാക്കിയ രാജസ്ഥാൻ റോയൽസ് മൂന്നു ജയവും ഏഴു തോൽവിയും സഹിതം ആറു പോയിന്റുമായി എട്ടാം സ്ഥാനത്താണ്. പിന്നിലുള്ളത് ഒൻപത് മത്സരങ്ങളിൽനിന്ന് മൂന്നു ജയം സഹിതം 6 പോയിന്റുമായി സൺറൈസേഴ്സ് ഹൈദരാബാദും ഒൻപതു മത്സരങ്ങളിൽനിന്ന് രണ്ടു ജയം സഹിതം നാലു പോയിന്റുമായി ചെന്നൈ സൂപ്പർ കിങ്സും മാത്രം.
English Summary:








English (US) ·