സിനിമ ഷൂട്ടിങും തിരഞ്ഞെടുപ്പുകളും, അതുമായി ബന്ധപ്പെട്ട പ്രമോഷനുമൊക്കെയായി ഐശ്വര്യ ലക്ഷ്മി തന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകുകയാണ്. ഗട്ട ഗുസ്തി 2 എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലാണ് ഇപ്പോള്‍ നടി. അങ്ങനെ ഒരു അഭിമുഖത്തിലാണ് സോഷ്യല്‍ മീഡിയ ഇല്ലാത്ത ഇപ്പോഴത്തെ തന്റെ ജീവിത്തെ കുറിച്ച് ഐശ്വര്യ ലക്ഷ്മി സംസാരിക്കുന്നത്.
ജീവിതം വളരെ സമാധാനപരമായി മുന്നോട്ടു പോകുന്നു. ശരിക്കും ഞാന്‍ ജീവിക്കുന്നത് പോലൊരു അനുഭവമാണിപ്പോള്‍. അതിന് മുന്‍പ് ഞാന്‍ ജീവിച്ചിരുന്നില്ല എന്നല്ല, പക്ഷേ അതങ്ങനെ അല്ലായിരുന്നു. എല്ലാത്തിന്റെയും അവസാനം ഞാന്‍ ഞാന്‍ തന്നെയാണ്. പക്ഷേ അതിന് മുന്‍പ് എന്തൊക്കെയാണോ ഞാന്‍ ചെയ്യുന്നത് അതൊക്കെ ഞാന്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. എല്ലാത്തിനെയും ജഡ്ജ് ചെയ്തുകൊണ്ടാണ് ഓരോന്നും ചെയ്തിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഒരു ഫോട്ടോ ഇട്ടാല്‍ എന്താവും എന്ന് പലതവണ ചിന്തിയ്ക്കും
ഒരു വെക്കേഷന് പോകുകയാണെങ്കില്‍ പോലും, എന്ത് ധരിക്കണം, ഏത് ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ പറ്റും എന്നൊക്കെയുള്ള ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. അതാണ് സോഷ്യല്‍ മീഡിയ എന്നല്ല. ഞാനെിടെയെങ്കിലും നല്ല ഒരു സണ്‍സെറ്റില്‍ ഇരിക്കുന്നു, ആ ഫോട്ടോ എടുക്കാന്‍ തോന്നിയാല്‍ എടുത്ത് പോസ്റ്റ് ചെയ്ത്, അതിന് വരുന്ന കമന്റുകള്‍ക്ക് വേണ്ടി കാത്തിരുന്ന കാലമുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ ഞാനൊരു സണ്‍സെറ്റ് കണ്ടാല്‍ മതിവരുവോളം അത് നേരിട്ട് കണ്ട് കണ്ണ് നിറയെ ആസ്വദിക്കും.
വെക്കേഷന് പോകുകയാണെങ്കില്‍ എന്തൊക്കെ എനിക്ക് വേണോ അതൊക്കെ എടുത്ത് ബാഗിലിടും. നന്നായി ഡ്രസ്സ് ചെയ്യണമെങ്കില്‍ അങ്ങനെ ഡ്രസ്സ്് ഇടും, എന്താണോ എനിക്ക് തോന്നുന്നത് അത് പോലെ, ഒന്നും എന്നെ ബാധിക്കാറില്ല. ഫോണില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഒരുപാട് നേരം വീഡിയോ കോളില്‍ സംസാരിക്കാന്‍ ഇപ്പോള്‍ സമയമുണ്ട്.
സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടു നില്‍ക്കുന്നു എന്ന് പറഞ്ഞപ്പോള്‍, അയ്യോ എന്തു പറ്റി, ആരെങ്കിലും എന്തെങ്കിലും ചെയ്‌തോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് എനിക്കൊരുപാട് വന്നത്. ആര് വേണമെങ്കിലും എന്ത് വേണമെങ്കിലും പറഞ്ഞോളൂ, ഒന്നും എന്നെ ബാധിക്കുന്നില്ല എന്നാണ് ഇപ്പോഴെന്റെ ചിന്താഗതി. സോഷ്യല്‍ മീഡിയ ഉപയോഗിച്ചിരുന്ന കാലത്ത്, എന്നും എന്തെങ്കിലും പോസ്റ്റ് ചെയ്യണം എന്ന ഒരു പ്രഷര്‍ എപ്പോഴും അനുഭവിച്ചിരുന്നു. സ്വയം എന്നില്‍ തന്നെ വന്ന ഒരു പ്രഷറാണത്. ചില കമന്റുകള്‍ എന്നെ വേദനിപ്പിച്ചിരുന്നു. അതിനൊന്നും ഞാന്‍ ആപ്റ്റ് ആയിരുന്നില്ല, ആ ഗെയിം എനിക്കറിയില്ല- ഐശ്വര്യ ലക്ഷ്മി പറഞ്ഞു.




English (US) ·