കാർ റേസിങ്ങിനോട് നടൻ അജിത് കുമാറിനുള്ള അഭിനിവേശം എല്ലാവർക്കും അറിയുന്നതാണ്. വാഹനങ്ങളോടും അദ്ദേഹത്തിന് വലിയ താത്പര്യമാണ്. ഇപ്പോഴിതാ ഒരു അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അജിത്. ബെൽജിയത്തിൽ നടന്ന സ്പാ-ഫ്രാങ്കോർചാംപ്‌സ് സർക്യൂട്ടിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് സൂപ്പർതാരം. അജിത്തിന്റെ മാനേജർ സുരേഷ് ചന്ദ്രയാണ് ഇക്കാര്യം അറിയിച്ചത്.
"ഇന്ത്യൻ മോട്ടോർസ്പോർട്ടിന് അഭിമാന നിമിഷം! അജിത്കുമാറും അദ്ദേഹത്തിൻ്റെ ടീമും ബെൽജിയത്തിലെ പ്രശസ്തമായ സ്പാ ഫ്രാങ്കോർചാംപ്‌സ് സർക്യൂട്ടിൽ ശ്രദ്ധേയമായ P2 പോഡിയം ഫിനിഷ് ഉറപ്പാക്കിയിരിക്കുന്നു. ആഗോള റേസിംഗ് വേദിയിൽ കൃത്യതയുടെയും സ്ഥിരോത്സാഹത്തിൻ്റെയും തെളിവാണിത്." അജിത്തിന്റെ നേട്ടത്തെക്കുറിച്ച് സുരേഷ് ചന്ദ്ര എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതിങ്ങനെ.
ഇതാദ്യമായാണ് അജിത് ഇങ്ങനെയൊരു നേട്ടം കൈവരിക്കുന്നത്. താരം രണ്ടാം സ്ഥാനത്തെത്തിയതിന്റെ ആഘോഷത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മത്സരത്തിൽ വിജയിച്ച മറ്റുള്ളവരെ അഭിനന്ദിക്കുന്നുമുണ്ട് അജിത്. "ആൾക്കൂട്ടം വർദ്ധിക്കുന്നു, സ്നേഹവും! ബെൽജിയത്തിലെ ആളുകൾ തങ്ങളുടെ ആരാധനാപാത്രത്തെ കാണാൻ വരിനിൽക്കുന്നു! സിനിമയിലും കായികരംഗത്തും, താൻ പോകുന്നിടത്തെല്ലാം പോസിറ്റിവിറ്റി പ്രചരിപ്പിക്കുന്നത് തുടരുന്ന അജിത് കുമാർ ഒരു യഥാർത്ഥ ആഗോള പ്രതിഭയാണ്." സുരേഷ് ചന്ദ്ര കുറിച്ചു.
ഗുഡ് ബാഡ് അഗ്ലിയാണ് അജിത്തിന്റേതായി പുറത്തുവന്ന ഏറ്റവും പുതിയ ചിത്രം. ഈ സിനിമയുടെ സംവിധായകൻ ആദിക് രവിചന്ദ്രനും അജിത്തിന്റെ നേട്ടത്തെ അഭിനന്ദിച്ചിട്ടുണ്ട്. ഇന്ത്യൻ മോട്ടോർസ്പോർട്ടിന് അഭിമാന നിമിഷമാണിതെന്നാണ് ആദിക് എക്സിൽ പോസ്റ്റ് ചെയ്തത്. ആഗോള റേസിംഗ് വേദിയിലെ അവരുടെ കൃത്യതയുടെയും അർപ്പണബോധത്തിൻ്റെയും പ്രതിഫലനമാണിതെന്ന് വിശേഷിപ്പിച്ച അദ്ദേഹം, തൻ്റെ ഹൃദയംഗമമായ അഭിനന്ദനവും നന്ദിയും അറിയിച്ചു.
മാർക്ക് ആന്റണി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. അർജുൻ ദാസ്, തൃഷ, സിമ്രാൻ, പ്രിയാ വാര്യർ എന്നിവരാണ് മുഖ്യവേഷങ്ങളിലെത്തിയത്. ചിത്രം ഇതിനോടകം 100 കോടി കളക്ഷൻ പിന്നിട്ടിരുന്നു. റിലീസിങ് സെന്ററുകളിൽ ചിത്രം വിജയക്കുതിപ്പ് തുടരുന്നതിനിടെയാണ് സിനിമയ്ക്ക് പുറത്ത് തന്റെ ഇഷ്ടമേഖലയിൽ അജിത് പുതിയ ഉയരം കീഴടക്കിയിരിക്കുന്നത്.
Content Highlights: Ajith Kumar`s racing squad achieves P2 podium decorativeness astatine the prestigious Spa-Francorchamps circuit





English (US) ·