
സൂര്യകുമാർ യാദവ് പരിശീലനത്തിനിടെ
ന്യൂഡല്‍ഹി: സ്‌പോര്‍ട്‌സ് ഹെര്‍ണിയ രോഗം കണ്ടെത്തിയ ഇന്ത്യയുടെ ടി20 നായകന്‍ സൂര്യകുമാര്‍ യാദവിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. ജര്‍മനിയിലെ മ്യൂണിക്കില്‍ വെച്ചാണ് താരം ശസ്ത്രക്രിയക്ക് വിധേയനായത്. സുഖം പ്രാപിച്ചുവരുകയാണെന്ന് താരം സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു.
സ്‌പോര്‍ട്‌സ് ഹെര്‍ണിയ രോഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷവും താരം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലാണ് സൂര്യകുമാര്‍ അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്. കഴിഞ്ഞ ഐപിഎല്‍ സീസണിലും മുംബൈക്കായി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്.
എന്താണ് സ്‌പോര്‍ട്‌സ് ഹെര്‍ണിയ?
പേരിലെ സ്‌പോര്‍ട്‌സ് കണ്ട് ഇത് കളിക്കാര്‍ക്ക് മാത്രം വരുന്നതാണെന്ന് തെറ്റിദ്ധരിക്കേണ്ട. അല്ലാത്തവര്‍ക്കും സംഭവിക്കാം. പക്ഷേ, കായിക താരങ്ങളില്‍ ഇത് സാധാരണയായി കണ്ടുവരുന്നതാണെന്നു മാത്രം. ഞരമ്പുകളില്‍ കടുത്ത വേദന അനുഭവപ്പെടുന്ന അസുഖമാണിത്. മസിലുകളിലോ ലിഗമെന്റുകളിലോ ടെന്‍ഡനുകളിലോ പരിക്കേല്‍ക്കുന്നതുവഴിയാണ് ഇത് സംഭവിക്കുന്നത്. അടിവയറ്റിലും സ്‌പോര്‍ട്‌സ് ഹെര്‍ണിയ ബാധിക്കാം.
അത്‌ലറ്റിക് പ്യൂബള്‍ജിയ എന്നും ഈ രോഗം അറിയപ്പെടുന്നു. പെട്ടെന്നുള്ള തിരിച്ചിലുകള്‍, ദിശയില്‍നിന്ന് പെട്ടെന്നുള്ള മാറ്റം, പെല്‍വിക് പ്രദേശത്തെ ആവര്‍ത്തിച്ചുള്ള സമ്മര്‍ദം എന്നിവ വഴിയാണ് സ്‌പോര്‍ട്‌സ് ഹെര്‍ണിയ സംഭവിക്കുന്നത്. ഫുട്‌ബോള്‍, ഹോക്കി, ക്രിക്കറ്റ്, ടെന്നീസ് കളിക്കാരില്‍ ഇത് കണ്ടുവരാറുണ്ട്. പെട്ടെന്നുള്ള തിരിച്ചിലും ദിശാ മാറ്റവും കൊണ്ടെല്ലാമാണ് ഇത് സംഭവിക്കുന്നത്. പെല്‍വിസിനോ അടിവയറിനോ ചുറ്റുമുള്ള മസിലുകളുടെ ബലഹീനതയും സ്‌പോര്‍ട്‌സ് ഹെര്‍ണിയക്ക് കാരണമാകും.
ഞരമ്പുകളിലെ കടുത്ത വേദനയാണ് സ്‌പോര്‍ട്‌സ് ഹെര്‍ണിയയുടെ പ്രാഥമിക ലക്ഷണം. അങ്ങോട്ടും ഇങ്ങോട്ടുമുള്ള തിരിച്ചിലിലും മറ്റും ഈ വേദന കടുക്കും. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ നേരത്തേ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെ.എല്‍. രാഹുലിനും ഈ രോഗമുണ്ടായിരുന്നു. ജര്‍മനിയില്‍ ശസ്ത്രക്രിയ ചെയ്ത ശേഷമാണ് സുഖം പ്രാപിച്ചത്. 2022-ലായിരുന്നു രാഹുലിന് സ്‌പോര്‍ട്‌സ് ഹെര്‍ണിയ പിടിപെട്ടത്.
Content Highlights: Suryakumar Yadav successful betterment aft palmy sports hernia surgery








English (US) ·