കെന്നിങ്ടണ്‍: കഴിഞ്ഞ നാലുടെസ്റ്റുകളില്‍ ഇംഗ്ലണ്ടിനെ മുന്നില്‍നിന്നു നയിച്ച നായകനാണ് ബെന്‍ സ്റ്റോക്സ്. മാഞ്ചെസ്റ്ററില്‍ അത് ഉഗ്രരൂപംപൂണ്ടു. സെഞ്ചുറിയും അഞ്ചുവിക്കറ്റ് നേട്ടവുമായി കളിയിലെ താരവുമായി. ഇന്ത്യക്കെതിരായ അവസാനടെസ്റ്റില്‍ കളിക്കാനിറങ്ങുമ്പോള്‍ ഇംഗ്ലണ്ട് നായകന്റെ അഭാവം ഏതുരീതിയില്‍ കൈകാര്യംചെയ്യുമെന്നതിനെ ആശ്രയിച്ചിരിക്കും മത്സരഫലം. പരിക്കേറ്റ ബെന്‍ സ്റ്റോക്സില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. കെന്നിങ്ടണിലെ ഓവലില്‍ വ്യാഴാഴ്ചയാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ അവസാനമത്സരം. ഉച്ചയ്ക്ക് 3.30 മുതല്‍ കളി ആരംഭിക്കും.
ബുംറയ്ക്ക് വിശ്രമം
ഇന്ത്യന്‍ ടീമില്‍ പേസ് ലീഡര്‍ ജസ്പ്രീത് ബുംറ ഉണ്ടാകാനിടയില്ല. ബുംറയ്ക്ക് വിശ്രമം അനുവദിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അങ്ങനെയെങ്കില്‍ പേസ് വിഭാഗത്തില്‍ വലിയമാറ്റങ്ങളുണ്ടാകും. ബുംറയ്ക്ക് പകരം ആകാശ് ദീപ് ടീമിലേക്ക് തിരിച്ചെത്തും. പരിക്കുമൂലം ആകാശ് കഴിഞ്ഞമത്സരത്തില്‍ കളിച്ചിരുന്നില്ല. ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപിന് അരങ്ങേറ്റത്തിന് അവസരമുണ്ടാകും. അന്‍ഷുല്‍ കാംബോജാകും അര്‍ഷ്ദീപിനായി വഴിമാറുക.
പേസ് ഓള്‍റൗണ്ടര്‍ ശാര്‍ദൂല്‍ ഠാക്കൂറിനുപകരം ചൈനാമെന്‍ ബൗളര്‍ കുല്‍ദീപ് യാദവിനെ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ടീമില്‍ മൂന്നുപേസര്‍മാരും മൂന്നുസ്പിന്നര്‍മാരുമാകും. സ്പിന്‍ ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും ടീമിലുണ്ടാകും. ബാറ്റിങ്ങാണ് ടീമിന്റെ കരുത്ത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, കെ.എല്‍. രാഹുല്‍, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ മികച്ചഫോമിലാണ്. മൂന്നാം നമ്പറില്‍ സായ് സുദര്‍ശന്‍ കഴിവുതെളിയിച്ചിട്ടുണ്ട്. പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനുപകരം ധ്രുവ് ജുറെല്‍ കളിക്കും.
നാലുമാറ്റങ്ങളോടെ ഇംഗ്ലണ്ട്
വലതുചുമലിനേറ്റ പരിക്കാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന് തിരിച്ചടിയായത്. ഇംഗ്ലീഷ് ബൗളിങ്ങിന്റെ ആണിക്കല്ല് സ്റ്റോക്സായിരുന്നു. സ്റ്റോക്സിന്റെ അഭാവത്തില്‍ ടീമിനെ ഒലി പോപ്പ് നയിക്കും. സ്റ്റോക്സിനുപുറമേ ജോഫ്രെ ആര്‍ച്ചര്‍, ബ്രൈഡന്‍ കാഴ്സ്, ലിയാം ഡോസന്‍ എന്നിവരും ടീമിലില്ല. പകരം ജേക്കബ് ബെത്ഹെല്‍, ഗസ് അറ്റ്കിന്‍സന്‍, ജാമി ഓവര്‍ട്ടണ്‍, ജോഷ് ടങ് എന്നിവര്‍ ടീമിലെത്തി.
നിത്യഹരിതബാറ്റര്‍ ജോ റൂട്ടാണ് കഴിഞ്ഞ രണ്ടു ടെസ്റ്റുകളില്‍ ടീമിന്റെ ബാറ്റിങ്ങിനെ നയിച്ചത്. റൂട്ടിന് മികച്ച റെക്കോഡുള്ള ഗ്രൗണ്ടാണിത്. ഓപ്പണര്‍മാരായ സാക് ക്രോളി, ബെന്‍ ഡെക്കറ്റ്, താത്കാലിക നായകന്‍ ഒലി പോപ്പ് എന്നിവര്‍ ഫോമിലാണ്. ബൗളിങ്ങില്‍ ക്രിസ് വോക്സാണ് ആശ്രയിക്കാവുന്ന താരം. അറ്റ്കിന്‍സന്‍, ഓവര്‍ട്ടണ്‍ എന്നിവരുടെ വരവ് ടീമിന് ഗുണകരമാകുമോയെന്ന് കണ്ടറിയണം. സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല.
പിച്ച് റിപ്പോര്‍ട്ട്
ആദ്യദിനങ്ങളില്‍ ബാറ്റര്‍മാര്‍ക്ക് അനൂകൂല്യംകിട്ടുന്ന പിച്ചാണ് ഓവലിലേത് എന്നാണ് സൂചന. അവസാനദിവസങ്ങളില്‍ സ്പിന്നിനെ തുണയ്ക്കുന്നതാണ് ചരിത്രം. എന്നാല്‍, ഇംഗ്ലണ്ട് ടീമില്‍ സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ പൂര്‍ണമായും ബാറ്റിങ് പിച്ചാണോയെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
കിരീടം ആര്‍ക്ക്
പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്. അവസാനമത്സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ ആന്‍ഡേഴ്സന്‍-തെണ്ടുല്‍ക്കര്‍ ട്രോഫി ആതിഥേയര്‍ക്ക് സ്വന്തമാക്കാം. അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ ജയിച്ചാല്‍ 2-2ന് തുല്യതവരും. അപ്പോള്‍ കിരീടം ആര്‍ക്കെന്നകാര്യത്തില്‍ അനിശ്ചിതത്വമുണ്ട്. പരമ്പര സമനിലയായാല്‍ മുന്‍വര്‍ഷത്തെ ജേതാക്കള്‍ കിരീടം കൈവശംവെക്കുകയാണ് ചട്ടം. 2021-ല്‍ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര സമനിലയിലായിരുന്നു. എന്നാല്‍, 2019-ല്‍ ഇംഗ്ലണ്ട് 4-1ന് ഇന്ത്യയെ തോല്‍പ്പിച്ചിട്ടുണ്ട്. ഇതുപ്രകാരം ഇംഗ്ലണ്ടിനാണ് കിരീടം ലഭിക്കേണ്ടത്. എന്നാലത് പട്ടൗഡി ട്രോഫിയായിരുന്നു. ഇത്തവണമുതല്‍ പേരുമാറ്റിയാണ് കിരീടം നല്‍കുന്നത്. അതുകൊണ്ട് ചട്ടം പ്രാവര്‍ത്തികമാകുമോയെന്ന് ഉറപ്പില്ല. രണ്ടുടീമുകള്‍ക്കുമായി കിരീടം പങ്കുവെക്കാനാണ് സാധ്യത കൂടുതല്‍.
Content Highlights: England look India without Stokes successful the last trial astatine The Oval. Will Root`s signifier and location advantage








English (US) ·