Published: November 08, 2025 07:10 AM IST Updated: November 08, 2025 11:00 AM IST
1 minute Read
-
2 മെഡലുകൾ നേടിയ ഉത്തർപ്രദേശുകാരി ജ്യോതി ഉപാധ്യായയ്ക്ക് 21 വയസ്സ്
-
സ്കൂളിൽ സമർപ്പിച്ച ആധാർ കാർഡ് വ്യാജമെന്ന് കണ്ടെത്തൽ
തിരുവനന്തപുരം∙ സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ 100, 200 മീറ്റർ മത്സരങ്ങളിൽ വെള്ളി മെഡൽ നേടിയ കോഴിക്കോട് പുല്ലൂരാംപാറ സ്കൂൾ വിദ്യാർഥി ജ്യോതി ഉപാധ്യായ പ്രായത്തട്ടിപ്പ് നടത്തിയതായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ സ്ഥിരീകരിച്ചു. ഉത്തർപ്രദേശുകാരിയായ ജ്യോതി സ്കൂൾ പ്രവേശനത്തിനായി സമർപ്പിച്ചിരിക്കുന്ന ആധാർ വ്യാജമാണെന്നാണ് കണ്ടെത്തൽ. സ്കൂളിനും കുട്ടിക്കും വിശദീകരണം നൽകാൻ അടുത്ത ആഴ്ച ഹിയറിങ് നടത്തുമെന്ന് സ്കൂൾ സ്പോർട്സ് ഓർഗനൈസർ ഹരീഷ് ശങ്കർ പറഞ്ഞു. അതിനു ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക. ജ്യോതിയുടെ ആധാർ കാർഡ് വ്യാജമാണെന്നും പ്രായത്തട്ടിപ്പ് നടന്നെന്നും കായികമേളയ്ക്കിടെ മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.
സ്കൂൾ പ്രവേശനത്തിനു സമർപ്പിച്ച ആധാറിൽ ഈ കുട്ടിയുടെ ജനനത്തീയതി 2007 മേയ് 4 ആണ്. ഇതനുസരിച്ചാണ് അണ്ടർ 19 വിഭാഗത്തിൽ മത്സരിച്ചത്. എന്നാൽ ദേശീയ അത്‌ലറ്റിക് ഫെഡറേഷനിൽ ഇതേ കുട്ടി റജിസ്റ്റർ ചെയ്തിരിക്കുന്നത് മറ്റൊരു ആധാർ ഉപയോഗിച്ചാണ്. അതിൽ 2004ൽ ആണ് ജനന തീയതി. കേരളത്തിൽ സ്കൂൾ പ്രവേശനത്തിനു നൽകിയ ആധാർ വ്യാജമാണെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിൽ സ്ഥിരീകരിച്ചത്. അതനുസരിച്ച് ജ്യോതിക്ക് 21 വയസ്സുണ്ട്. ജനന സർട്ടിഫിക്കറ്റിലും പൊരുത്തക്കേടുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബർ ആറിനാണ് കുട്ടി സ്കൂളിൽ പ്രവേശനം നേടിയത്. ജനന സർട്ടിഫിക്കറ്റ് വാങ്ങിയിരിക്കുന്നതും അതിനു തൊട്ടുമുൻപാണ്.
പരാതി ഉയർന്നതിനെ തുടർന്ന് ജ്യോതിയുടെ മത്സര ഫലങ്ങൾ വകുപ്പ് തടഞ്ഞിരുന്നു. സബ് ജൂനിയർ വിഭാഗത്തിൽ മത്സരിച്ച മലപ്പുറത്തെ ഒരു സ്കൂളിലെ മറുനാട്ടുകാരനായ വിദ്യാർഥിക്കെതിരെയും പ്രായത്തട്ടിപ്പ് പരാതി ലഭിച്ചിട്ടുണ്ട്. ഇതും വിദ്യാഭ്യാസ വകുപ്പ് വിജിലൻസ് അന്വേഷിക്കുന്നുണ്ട്.
English Summary:








English (US) ·