Published: October 20, 2025 09:42 AM IST Updated: October 20, 2025 01:42 PM IST
1 minute Read
-
മലയാളി ഒളിംപ്യൻ മുഹമ്മദ് അനസിന്റെ പേരിൽ ഒഡീഷയിൽ സ്റ്റേഡിയം നിർമിച്ച് നാവികസേന
2012ൽ സംസ്ഥാന സ്കൂൾ കായികമേളയിൽ ആദ്യമായി മത്സരിക്കാനെത്തുമ്പോൾ ഒരു മെഡൽ പോലും മുഹമ്മദ് അനസിന്റെ മോഹങ്ങളിലുണ്ടായിരുന്നില്ല. 13 വർഷങ്ങൾക്കിപ്പുറം അതേ അനസിന്റെ പേരിൽ ഒഡീഷയിൽ ഒരു സ്റ്റേഡിയം തന്നെ ഉയർന്നുനിൽക്കുന്നു. അതും ഇന്ത്യൻ നാവികസേന ഒരു അത്‍ലറ്റിക്സ് താരത്തിന്റെ പേരിൽ നിർമിച്ച ആദ്യ സ്റ്റേഡിയം. നാളെ തിരുവനന്തപുരത്ത് ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ മെഡൽ കുതിപ്പിനൊരുങ്ങുന്ന കൗമാര താരങ്ങൾക്ക് പ്രചോദനമാണ് ഇതേ മത്സരവേദിയിലൂടെ വളർന്ന് 3 തവണ ഒളിംപിക്സിൽ മത്സരിച്ച മുഹമ്മദ് അനസിന്റെ നേട്ടങ്ങളുടെ കഥ. നിലവിൽ മത്സരരംഗത്തുള്ള അത്‍ലീറ്റുകളിൽ നീരജ് ചോപ്രയുടെയും മുഹമ്മദ് അനസിന്റെയും പേരിൽ മാത്രമാണ് രാജ്യത്ത് സ്റ്റേഡിയങ്ങളുള്ളത്.
വ്യാഴാഴ്ച തിരുവനന്തപുരത്ത് വിവാഹം നടക്കാനിരിക്കെ, കൊല്ലം നിലമേൽ സ്വദേശിയായ ഒളിംപ്യൻ മുഹമ്മദ് അനസിനുള്ള വിവാഹ സമ്മാനം കൂടിയാണ് ഈ അപൂർവ ബഹുമതി. ഏഷ്യൻ ഗെയിംസ് സ്വർണമുൾപ്പെടെ അത്‍ലറ്റിക്സിൽ മുഹമ്മദ് അനസ് കൈവരിച്ച ഉജ്വല നേട്ടങ്ങൾക്കുള്ള ആദരമായാണ് ഒഡീഷയിലെ ചിൽക തടാകത്തോടു ചേർന്നുള്ള നാവികസേനാ കേന്ദ്രമായ ഐഎൻഎസ് ചിൽക്കയിൽ കഴിഞ്ഞവർഷം സ്റ്റേഡിയം നിർമാണം ആരംഭിച്ചത്. നിർമാണം പൂർത്തിയായതിനു പിന്നാലെ ‘മുഹമ്മദ് അനസ് അത്‍ലറ്റിക്സ് സ്റ്റേഡിയം’ എന്ന് പേരിട്ട് രാജ്യത്തിനു സമർപ്പിച്ചു. രാജ്യാന്തര നിലവാരത്തിലൊരുക്കിയ സിന്തറ്റിക് ട്രാക്കും ഗാലറിയുമുള്ള സ്റ്റേഡിയം സർവീസസ് സ്പോർട്സ് മീറ്റുകൾക്കും നാവികസേനയുടെ കായിക പരിശീലനത്തിനും പ്രയോജനപ്പെടുത്താനാണ് പദ്ധതി.
2015ൽ സ്പോർട്സ് ക്വോട്ട വഴി നാവിക സേനയുടെ ഭാഗമായ മുഹമ്മദ് അനസ് നേവിയിൽ 10 വർഷം പൂർത്തിയാക്കുന്ന അവസരത്തിലാണ് ഈ അംഗീകാരം. 3 ഒളിംപിക്സുകളിൽ അനസ് രാജ്യത്തെ പ്രതിനിധീകരിച്ചതും 2 ഏഷ്യൻ ഗെയിംസുകളിൽനിന്നായി 2 സ്വർണം ഉൾപ്പെടെ 4 മെഡലുകൾ നേടിയതും നേവിയിൽ ചേർന്നതിനുശേഷമാണ്. 2018 ജക്കാർക്ക ഏഷ്യൻ ഗെയിംസിലെ 400 മീറ്റർ വെള്ളി, അനസിന്റെ കരിയറിലെ തിളക്കമാർന്ന നേട്ടങ്ങളിലൊന്നാണ്. ഏഷ്യൻ ഗെയിംസ് 400 മീറ്ററിൽ 40 വർഷത്തിനുശേഷമുള്ള ഒരു ഇന്ത്യൻ മെഡലായിരുന്നു അത്. 2023ലെ ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ നാലാം സ്ഥാനം നേടി ഇന്ത്യൻ 4–400 പുരുഷ റിലേ ടീ ചരിത്രം കുറിച്ചപ്പോൾ ടീമിന്റെ കരുത്തായി മുഹമ്മദ് അനസുമുണ്ടായിരുന്നു. 200 മീറ്ററിലെ ദേശീയ റെക്കോർഡ് 9 വർഷക്കാലം അനസിന്റെ പേരിലായിരുന്നു. അനസിന്റെ സഹോദരനും രാജ്യാന്തര ലോങ്ജംപ് താരവുമായ മുഹമ്മദ് അനീസും സ്കൂൾ മീറ്റുകളിലൂടെയാണ് മികവു തെളിയിച്ചത്.
English Summary:









English (US) ·