കുട്ടികളിലെ സ്‌ക്രീന്‍ ആസക്തിയെക്കുറിച്ചും മൊബൈല്‍ ദുരുപയോഗത്തിന്റെ വൈകാരിക ആഘാതങ്ങളെക്കുറിച്ചും പറയുന്ന മലയാള ചലച്ചിത്രം 'ഈ വലയം' 13-ന് റിലീസ് ചെയ്യും. കുട്ടികളിലെയും കൗമാരക്കാരിലെയും സ്‌ക്രീന്‍ അഡിക്ഷന്റെ ദുരന്തഫലങ്ങള്‍ വരച്ചുകാട്ടുന്ന ചിത്രം പ്രധാനമായും സ്‌കൂള്‍ വിദ്യാര്‍ഥികളെയും അവരുടെ രക്ഷിതാക്കളെയും ലക്ഷ്യമിട്ടുള്ളതാണ്.
രേവതി എസ്. വര്‍മ്മ സംവിധാനംചെയ്ത 'ഈ വലയം' ജിഡിഎസ്എന്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് കേരളത്തിലെ അറുപതിലധികം തീയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്. ഇക്കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട മാനസിക ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണ് ചിത്രത്തിന്റെ പ്രമേയം. ഡിജിറ്റല്‍ ആസക്തിയുടെ വൈകാരിക പ്രത്യാഘാതങ്ങളെക്കുറിച്ച് മാനസികാരോഗ്യവിദഗ്ധര്‍ ഗുരുതരമായ മുന്നറിയിപ്പുകള്‍ നല്‍കുന്ന കാലത്താണ് ചിത്രം പ്രേക്ഷകരില്‍ എത്തുന്നത്. നോമോഫോബിയ എന്ന് വിദഗ്ധര്‍ വിളിക്കുന്ന മാനസിക രോഗാവസ്ഥയെക്കുറിച്ചുള്ള ഇന്ത്യയിലെ ആദ്യ ചലച്ചിത്രമാണ് 'ഈ വലയം'.
പുതുമുഖ നടി ആഷ്ലി ഉഷയാണ് നായിക. രഞ്ജി പണിക്കര്‍, നന്ദു, മുത്തുമണി, ഷാലു റഹിം, സാന്ദ്ര നായര്‍, അക്ഷയ് പ്രശാന്ത്, സിന്ദ്ര, മാധവ് ഇളയിടം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. സ്‌ക്രീന്‍ ആസക്തി ബാധിച്ച കൗമാരക്കാരുടെ വൈകാരിക സംഘര്‍ഷങ്ങളും അവരുടെ മാതാപിതാക്കളുടെ നിസ്സഹായാവസ്ഥയും ചിത്രം പകര്‍ത്തുന്നു. ശ്രീജിത്ത് മോഹന്‍ദാസ് രചനയും അരവിന്ദ് കമലാനന്ദ് ഛായാഗ്രഹണവും നിര്‍വഹിച്ച ചിത്രത്തില്‍ റഫീഖ് അഹമ്മദ് എഴുതി ജെറി അമല്‍ദേവ് സംഗീതം പകര്‍ന്ന രണ്ടുഗാനങ്ങളും സന്തോഷ് വര്‍മ്മ എഴുതി എബി സാല്‍വിന്‍ തോമസ് സംഗീതം നല്‍കിയ മറ്റൊരു ഗാനവുമുണ്ട്.
സിനിമയുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പ്രാധാന്യം കണക്കിലെടുത്തു സംസ്ഥാനസര്‍ക്കാര്‍ വിനോദ നികുതി ഇളവ് നല്‍കിയിട്ടുണ്ട്. കുട്ടികളുടെ വിഭാഗത്തിലും പൊതുവിദ്യാഭ്യാസവിഭാഗത്തിലും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ഈ ചിത്രത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇത് കുട്ടികളിലേക്കും വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കും എത്തിക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നിര്‍മാതാവ് ജോബി ജോയ് വിലങ്ങന്‍പാറ പറഞ്ഞു. റിലീസിന്റെ ഭാഗമായി വെള്ളിയാഴ്ച കൊച്ചിയില്‍ അധ്യാപകര്‍, മാനസികാരോഗ്യവിദഗ്ധര്‍, രക്ഷാകര്‍തൃ ഗ്രൂപ്പുകള്‍, വിദ്യാഭ്യാസപ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ച് പ്രത്യേകപ്രിവ്യൂ സ്‌ക്രീനിങ് നടക്കും.
Content Highlights: Malayalam movie `Ee Valayam` highlights the affectional interaction of surface addiction connected children & teens
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·