'സ്ക്രീൻ കുത്തിപ്പൊട്ടിക്കാൻ തോന്നുന്ന ചിത്രം, അവാര്‍ഡ് കേരളത്തെ അപമാനിച്ചതിന്റെ കൂലി' -റിയാസ്

5 months ago 6

02 August 2025, 02:06 PM IST

mohammed-riyas-the-kerala-story

മുഹമ്മദ് റിയാസ്, ദി കേരളാ സ്റ്റോറിയുടെ പോസ്റ്റർ

കേരളാ സ്റ്റോറി എന്ന ചിത്രത്തിന്റെ സംവിധായകന് ദേശീയപുരസ്‌കാരം നല്‍കിയത് കേരളത്തെ അപമാനിച്ചതിന് സംഘപരിവാര്‍ നല്‍കിയ കൂലിയാണെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ദേശീയതലത്തില്‍ കേരളത്തെ അപമാനിക്കുക എന്ന ഒറ്റലക്ഷ്യം മുന്‍നിര്‍ത്തിയാണ് സിനിമ നിര്‍മ്മിച്ചത്. ആ സിനിമയുടെ സംവിധായകന് ഇന്ത്യയിലെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം നല്‍കിയത് മതനിരപേക്ഷ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്നും റിയാസ് പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'സ്‌ക്രീന്‍ കുത്തിപ്പൊട്ടിക്കാന്‍ തോന്നുന്നുവെന്നാണ് കേരളത്തെ സ്‌നേഹിക്കുന്ന മനുഷ്യരാകെ പറഞ്ഞത്. അത്ര വൃത്തികേടാണ്. കേരളത്തെ അപമാനിക്കുന്ന ചിത്രമാണ്. കേരളത്തെ അപമാനിച്ചതിന് സംഘപരിവാര്‍ നല്‍കിയ കൂലിയാണ് അവാര്‍ഡ്. ഇനിയും ഇതുപോലുള്ള സിനിമകളെടുത്താല്‍ ഇനിയും ഇതുപോലെ അവാര്‍ഡ് തരാം എന്ന സന്ദേശമാണ് അവാര്‍ഡിലൂടെ നല്‍കുന്നത്. കേരളത്തിലെ മഹാഭൂരിപക്ഷം പേരും ഈ ചിത്രത്തെ എതിര്‍ത്തവരാണ്.' -മുഹമ്മദ് റിയാസ് പറഞ്ഞു.

മുഹമ്മദ് റിയാസിന്റെ പോസ്റ്റ്

കേരള സ്റ്റോറിക്കുള്ള ദേശീയ അവാര്‍ഡ് കേരളത്തെ അപമാനിച്ചതിനുള്ള സംഘപരിവാറിന്റെ 'കൂലി'...
കേരളത്തിനെതിരെ അങ്ങേയറ്റം വിഷലിപ്തമായ രീതിയില്‍ വര്‍ഗ്ഗീയ വിദ്വേഷം പടര്‍ത്തിക്കൊണ്ട് സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും പടച്ചുവിട്ട ''ദി കേരള സ്റ്റോറി'' എന്ന പ്രൊപഗണ്ട സിനിമ ചെയ്തതിന് അതിന്റെ സംവിധായകന് ഇന്ത്യയിലെ മികച്ച സംവിധായകനുള്ള പുരസ്‌കാരം നല്‍കിയത് രാജ്യത്തെ മതനിരപേക്ഷമൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്. നുണക്കഥകള്‍ കുത്തിനിറച്ചിറക്കി തനി വര്‍ഗീയത പ്രചരിപ്പിച്ച സിനിമ കേരളത്തെ ദേശീയ തലത്തില്‍ അപമാനിക്കുക എന്ന ഒറ്റ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് നിര്‍മിച്ചത്. സംഘടിതമായ വിദ്വേഷ പ്രചരണമായിരുന്നു ഈ സിനിമയുടെ പശ്ചാത്തലത്തില്‍ കേരളത്തിനെതിരെ ആസൂത്രണം ചെയ്യപ്പെട്ടത്. പച്ചക്കള്ളങ്ങള്‍ പറഞ്ഞുകൊണ്ട് വര്‍ഗ്ഗീയ ധ്രുവീകരണം നടത്താന്‍ മാത്രമായി പുറത്തിറങ്ങിയ സിനിമക്ക് അവാര്‍ഡ് നല്‍കുന്നതിലൂടെ ജൂറിയും ജൂറിയെ നിയമിച്ച കേന്ദ്ര സര്‍ക്കാരും സിനിമയെന്ന കല മുന്നോട്ടുവെക്കുന്ന മൂല്യങ്ങളെ തന്നെയാണ് വഞ്ചിച്ചിരിക്കുന്നത്.

Content Highlights: National grant for the movie Kerala Story is wage for insulting Kerala says curate Muhammad Riyas

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article