Published: January 16, 2026 10:44 PM IST
1 minute Read
സിഡ്നി∙ ബിഗ് ബാഷ് ലീഗ് മത്സരത്തിനിടെ അപമാന ഭാരവുമായി ഗ്രൗണ്ടിൽനിന്ന് മടങ്ങി പാക്കിസ്ഥാന്റെ സൂപ്പർ താരം ബാബർ അസം. കഴിഞ്ഞ ദിവസം പാക്ക് താരം മുഹമ്മദ് റിസ്വാനെ ബിഗ് ബാഷിലെ ബാറ്റിങ്ങിനിടെ തിരികെ വിളിച്ചത് വൻ വിവാദമായിരുന്നു. അതിനിടെയാണ് പുതിയ സംഭവം. സിഡ്നി സിക്സേഴ്സ് താരമായ ബാബറുമായി ബാറ്റിങ്ങിനിടെ സഹതാരം സ്റ്റീവ് സ്മിത്ത് സ്ട്രൈക്ക് കൈമാറാതിരുന്നതാണു പുതിയ ചർച്ചാവിഷയം. മത്സരത്തിൽ മികച്ച ഫോമിലുണ്ടായിരുന്ന സ്റ്റീവ് സ്മിത്ത് 42 പന്തിൽ സെഞ്ചറിയടിച്ച് സിഡ്നി സിക്സേഴ്സ് ടീമിനെ വിജയത്തിലെത്തിച്ചിരുന്നു.
സിഡ്നി തണ്ടേഴ്സ് ടീമിനെതിരെ 190 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന സിക്സേഴ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 16 പന്തുകൾ ബാക്കി നിൽക്കെയാണു വിജയത്തിലെത്തിയത്. 11–ാം ഓവറിലെ അവസാന പന്തിലായിരുന്നു ബാബര്‍ അസമിനു നാണക്കേടുണ്ടാക്കിയ സംഭവങ്ങൾ അരങ്ങേറിയത്. പന്ത് ലോങ് ഓണിലേക്ക് അടിച്ച ബാബർ ഓടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ നോൺ സ്ട്രൈക്കേഴ്സ് എൻഡിൽനിന്ന് സ്റ്റീവ് സ്മിത്ത് വേണ്ടെന്ന് ആംഗ്യം കാണിക്കുകയായിരുന്നു. ഓസ്ട്രേലിയൻ താരത്തിന്റെ നടപടിയിൽ ബാബർ ഗ്രൗണ്ടിൽവച്ചു തന്നെ രോഷം പ്രകടിപ്പിക്കുകയും ചെയ്തു.
തുടർന്നു വന്ന ഓവറിൽ സ്ട്രൈക്ക് എടുത്ത സ്മിത്ത് തുടർച്ചയായി നാലു സിക്സുകളും ഒരു ഫോറും ബൗണ്ടറി കടത്തി, 32 റൺസാണ് അടിച്ചെടുത്തത്. ബിഗ് ബാഷ് ലീഗിന്റെ ചരിത്രത്തിൽ ഒരു ഓവറിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. ഇതിനു ശേഷം നേരിട്ട ആദ്യ പന്തിൽ തന്നെ ബാബർ പുറത്തായി മടങ്ങുകയും ചെയ്തു. ഗ്രൗണ്ട് വിടുന്നതിനിടെ ബൗണ്ടറി ലൈനിൽ ബാറ്റു കൊണ്ട് ആഞ്ഞടിച്ച് ബാബർ രോഷം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലാണ്.
കഴിഞ്ഞ ദിവസം സിഡ്നി തണ്ടേഴ്സിനെതിരായ മത്സരത്തിൽ മെൽബൺ റെനഗേഡ്സിനായി ബാറ്റു ചെയ്യുന്നതിനിടെ, മുഹമ്മദ് റിസ്‍വാനെ ടീം തിരികെ വിളിച്ചിരുന്നു. 23 പന്തിൽ 26 റൺസെടുത്തു നിൽക്കെയാണ് മെൽബൺ ക്യാപ്റ്റൻ വിൽ സതർലൻഡ് റിസ്‍വാനോട് ബാറ്റിങ് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടത്. നാണക്കേടിലായതോടെ റിസ്‍വാൻ ബിഗ്ബാഷ് ലീഗ് വിടണമെന്ന് പാക്ക് ആരാധകർ ആവശ്യമുയർത്തിക്കഴിഞ്ഞു.
English Summary:








English (US) ·