
അഞ്ജലി മേനോൻ | ഫോട്ടോ: മാതൃഭൂമി
സിനിമയിലെ ഹിറ്റുകള്‍ പുരുഷന്റെ പേരിനോടുമാത്രം ചേര്‍ത്തുവെച്ചുകേട്ട കാലത്താണ് അഞ്ജലി മേനോന്‍ മലയാള സിനിമയില്‍ ഹിറ്റ് മേക്കറായി എത്തുന്നത്. യുവത്വത്തിന്റെയും തുല്യതയുടെയും ത്രസിപ്പിക്കുന്ന ഏടുകള്‍ അവരുടെ സിനിമകളില്‍ മലയാളി കണ്ടാസ്വദിച്ചു. വ്യത്യസ്തമായൊരു ഭാവുകത്വം അവര്‍ മലയാള സിനിമയില്‍ സാധ്യമാക്കി. നവധാരാ സിനിമയ്ക്ക് വഴിയൊരുക്കിയവരില്‍ മുന്‍പന്തിയില്‍ അഞ്ജലിയുണ്ട്. യുവ സപ്‌നോ കാ സഫര്‍ എന്ന ആന്തോളജിയുടെ ഭാഗമായി ബാക്ക്‌സ്റ്റേജ് എന്ന ഷോര്‍ട്ട് ഫിലിമുമായി അഞ്ജലി മേനോന്‍ വീണ്ടുമെത്തുകയാണ്. വേവ്‌സ് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ചിത്രം നൃത്തത്തിന്റെ പശ്ചാത്തലത്തില്‍ സൗഹൃദത്തിന്റെ കഥപറയുന്നു. പത്മപ്രിയയും റിമ കല്ലിങ്കലും പ്രധാനവേഷത്തിലെത്തിയ ബാക്ക്‌സ്റ്റേജിനെ ബന്ധങ്ങളിലേക്ക്, അതിന്റെ അതിസൂക്ഷ്മമായ തലങ്ങളിലേക്ക് തുറന്നുവെച്ച കണ്ണാടി എന്ന് വിശേഷിപ്പിക്കാം. മനോഹരമായ ദൃശ്യങ്ങള്‍, കെട്ടുറപ്പുള്ള കഥ, രൂപകങ്ങളിലൂടെയുള്ള കഥയുടെ ചലനം... അഞ്ജലി മേനോന്‍ സംസാരിക്കുന്നു.
എന്താണ് ബാക്ക്‌സ്റ്റേജിന്റെ അണിയറ
ഇന്ത്യയുടെ നാലുഭാഗങ്ങളിലെ നാലു വനിതാ സംവിധായകരുടെ ചിത്രങ്ങള്‍ ചേരുന്ന ആന്തോളജി എന്നനിലയിലേക്കാണ് എനിക്ക് ഇതിലേക്ക് ക്ഷണംവരുന്നത്. തെക്കെ ഇന്ത്യയെ പ്രതിനിധാനംചെയ്ത് സിനിമചെയ്യാനാണ് എന്നോട് ആവശ്യപ്പെട്ടതും. ഭാഷ ഹിന്ദിയായിരിക്കണം എന്നുമുണ്ടായിരുന്നു. പിന്നീട് ആന്തോളജി കുറച്ചുകൂടി വിശാലമായി. അതിലെ ഫിലിമുകളുടെ എണ്ണം കൂടി. സ്വപ്നം, ചങ്ങാത്തം എന്നിവയാണ് ആന്തോളജിയുടെ തീം. ചെറിയ കഥകള്‍ പറയാനാണ് എനിക്കിഷ്ടം.
പക്ഷേ, തെന്നിന്ത്യന്‍ പശ്ചാത്തലമുള്ള സിനിമ എന്ന നിബന്ധനയ്ക്കുമുന്നില്‍ ഏറ്റവുംവലിയ വെല്ലുവിളി കഥതന്നെയായിരുന്നു. ഒരുപാട് ആലോചിച്ചശേഷമാണ് നൃത്തം എന്ന ആശയത്തിലേക്ക് വന്നെത്തുന്നത്. പതിന്നാലുവര്‍ഷം നൃത്തം പഠിച്ചിട്ടുണ്ട് ഞാന്‍. അക്കാലത്തുണ്ടായ അനുഭവങ്ങളും അറിഞ്ഞ സങ്കടങ്ങളും നൃത്തത്തിലൂടെ ജീവിതത്തിന്റെ ഭാഗമായ സൗഹൃദങ്ങളുമൊക്കെ മനസ്സിലേക്കുവന്നു. അക്കാര്യങ്ങളൊക്കെയും കഥയില്‍ ഉള്‍ക്കൊള്ളിക്കാം എന്നൊരു തോന്നല്‍വന്നു.
നൃത്തം സംസ്‌കാരത്തിന്റെ ഭാഗമായൊരു സമൂഹമാണ് നമ്മുടേത്. എന്നിട്ടും നമ്മുടെ സിനിമ അതിനെ വേണ്ടവിധത്തില്‍ രേഖപ്പെടുത്തിയിട്ടില്ല എന്നൊരഭിപ്രായം എനിക്കുണ്ട്. കുട്ടിക്കാലത്ത് 'സാഗരസംഗമം'പോലുള്ള സിനിമകള്‍കണ്ട് ഭ്രമിച്ചിരുന്നിട്ടുണ്ട്. കഥകളി എന്ന കലയെയും അതിന്റെ അണിയറയെയും മികവുറ്റരീതിയില്‍ ഉള്‍ക്കൊള്ളിച്ച 'വാനപ്രസ്ഥം'പോലൊരു സിനിമ മലയാളത്തിന് സ്വന്തമാണ്. അതിനപ്പുറം നൃത്തത്തിന്റെ അണിയറക്കാഴ്ചകളും മറ്റും നമ്മുടെ സിനിമയ്ക്ക് ഇന്നും അന്യമാണ്. അതേസമയം ബാലെ ഉള്‍പ്പെടെയുള്ള നൃത്തരൂപങ്ങളെ അധികരിച്ച് ക്ലാസിക് സിനിമകള്‍ വിദേശത്തുണ്ടാകുന്നുമുണ്ട്.
ഈ ചിന്തകളൊക്കെയും മനസ്സിലുണ്ടായി. വേദിയിലേതിനെക്കാള്‍ നാടകീയമാണ് അണിയറയിലെ കാഴ്ചകള്‍. അവിടെ വികാരങ്ങളും വിക്ഷോഭങ്ങളും ധാരാളമായുണ്ട്. ആ കോണിലേക്കാണ് കഥയുടെ കാഴ്ച നീണ്ടുപോയത്. പക്ഷേ, ഇങ്ങനെയൊരു കഥയുടെ ഭാഷ ഹിന്ദിയില്‍ പരിമിതപ്പെടുത്താനാകുമായിരുന്നില്ല. അക്കാര്യം നിര്‍മാതാക്കളുമായി ചര്‍ച്ചചെയ്തു. സ്‌ക്രിപ്റ്റ് കണ്ടശേഷം തീരുമാനിക്കാം എന്നതായിരുന്നു അവരുടെ മറുപടി. ഒടുവില്‍ ഹിന്ദിയും ഇംഗ്ലീഷും മലയാളവും ഒക്കെച്ചേരുന്നവിധത്തില്‍ ആ കഥയുടെ സത്ത ഉള്‍ക്കൊണ്ടുകൊണ്ട് സിനിമയൊരുക്കി.
ചങ്ങാത്തത്തിന്റെ ചരടിലാണല്ലോ കഥയുടെ സഞ്ചാരം
നൃത്തമാണ് പശ്ചാത്തലമെങ്കിലും കഥ സൗഹൃദത്തെപ്പറ്റിയാണ്. സൗഹൃദത്തില്‍ കയറിക്കൂടുന്ന മത്സരബുദ്ധിയും അസൂയയും ആ ബന്ധത്തെ മാറ്റിമറിക്കാറുണ്ട്. അതിനെ തരണംചെയ്യാതെ സൗഹൃദത്തിന് മുന്നോട്ടുപോകാനാകില്ല. ആഴമുള്ള ബന്ധങ്ങള്‍ക്ക് ഇതിനെയൊക്കെയും മറികടക്കാനുള്ള കെല്‍പുണ്ട്. ബന്ധങ്ങള്‍ക്ക് ആഴമുണ്ടാകാന്‍ ഇതിനെയൊക്കെയും മറികടക്കേണ്ടിവരും.
സ്ത്രീയുടെയും പുരുഷന്റെയും സൗഹൃദങ്ങള്‍ എങ്ങനെയാണ് വ്യത്യാസപ്പെടുന്നത്
രണ്ടു പുരുഷന്മാര്‍ക്കിടയിലെ സൗഹൃദത്തെപ്പറ്റി പറയാന്‍ എനിക്കറിയില്ല. എന്നെസംബന്ധിച്ച് സൗഹൃദങ്ങളാണ് എന്റെ കരുത്ത്. നമ്മെ നാമായി ഉള്‍ക്കൊള്ളാന്‍കഴിയുന്ന ഇടങ്ങളാണ് അവയൊക്കെയും. എന്റെ സൗഹൃദവലയത്തില്‍ സ്ത്രീകളും പുരുഷന്മാരുമുണ്ട്. ഈ രണ്ടു സൗഹൃദങ്ങളും വ്യത്യസ്തമാണെന്നാണ് എന്റെപക്ഷം. സ്ത്രീകള്‍ തമ്മിലുള്ള സൗഹൃദം കുറെക്കൂടി ഗാഢമാണ്. രസകരമാണത്. ചെറിയസിനിമയാണ് ബാക്ക്‌സ്റ്റേജ് പക്ഷേ, രസകരമായ ഒട്ടേറെ വിഷ്വലുകള്‍ അതിലുണ്ട്.
പീസ് (സമാധാനം) എന്നെഴുതിയ കടലാസിനു മുകളില്‍ ആണിയടിച്ച് കയര്‍കെട്ടി അതില്‍ സാരി മറയാക്കി നിവര്‍ത്തിയിടുന്ന ഒരു സീന്‍ അതിലൊന്നാണ്... ഈ രൂപകങ്ങള്‍ ബോധപൂര്‍വമാണോ
കഥയിലെന്നപോലെ സിനിമയിലും രൂപകങ്ങള്‍ പ്രധാനമാണ്. ബോധപൂര്‍വമാണ് രൂപകങ്ങളെ ഉള്‍ക്കൊള്ളിക്കുന്നതും. മേല്പറഞ്ഞ സീനില്‍ ആ ആണിയും അതിന്മേല്‍ വലിച്ചുകെട്ടിയ കയറും അതില്‍ തൂക്കിയിട്ട സാരിയുമൊക്കെ അതിരിനെപ്പറ്റിയാണ് സംസാരിക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങള്‍ക്കിടയിലെന്നപോലെ ജീവിതത്തിലും രണ്ട് വ്യക്തികള്‍ക്കിടയില്‍ സമാധാനം സാധ്യമാകാന്‍ അതിരുകള്‍ നിശ്ചയിക്കേണ്ടതുണ്ട്. എന്റേത് എന്റേത് എന്ന് കലഹിക്കുന്ന രണ്ടുപേര്‍ക്കിടയില്‍ അതിര് സമാധാനത്തെ സാധ്യമാക്കും. സിനിമയില്‍ ആ അതിര് ഒരു കണ്ണാടിയിലാണ് ചെന്നുചേരുന്നത്.
കണ്ണാടി ഇവിടെ ഭൂതകാലത്തെ പ്രതിനിധാനംചെയ്യുന്ന ബിംബമാണ്. രണ്ടുവ്യക്തികള്‍ ഒന്നിച്ചുപങ്കിട്ട, ഇനി തിരുത്താനാകാത്ത, അവരുടെ ഭൂതകാലത്തെ അത് പ്രതിഫലിപ്പിക്കുന്നു. ആ കണ്ണാടിയുടെയും തിരശ്ശീലപോലെ നിവര്‍ത്തിയിട്ട സാരിയുടെയുമൊക്കെ തിരഞ്ഞെടുപ്പ് ബോധപൂര്‍വമാണ്. മണ്ണിന്റെനിറമുള്ള നേര്‍ത്തസാരിയുടെ ഇരുവശങ്ങളിലാണ് നര്‍ത്തകിമാരുള്ളത്. നേര്‍ത്തമറയ്ക്കപ്പുറമുള്ള കാഴ്ചയെ സ്വപ്നമായോ ഭൂതകാലമായോ ഒക്കെ വ്യാഖ്യാനിക്കാം. കഥ സുഖമായി പറയാന്‍പറ്റുന്നരീതിയില്‍ ബിംബങ്ങളെ ഉപയോഗിക്കാന്‍ കഴിയുക പ്രധാനമാണ്. ബോധപൂര്‍വം തിരുകിക്കയറ്റി എന്ന തോന്നല്‍ ആസ്വാദനത്തെ ബാധിക്കും.
Content Highlights: Anjali menon latest interview
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·