സ്ത്രീകൾക്കും നിർബന്ധിത സൈനിക സേവനം; എസ്റ്റോണിയയും ചരിത്രപരമായ മാറ്റത്തിനൊരുങ്ങുന്നു

1 month ago 5

യൂറോപ്യൻ രാജ്യമായ എസ്റ്റോണിയയിൽ സ്ത്രീകളെ നിർബന്ധിത സൈനിക സേവനത്തിലേക്ക് കൊണ്ടുവരാൻ ഇനി വെറും ചുരുങ്ങിയ സമയമേ എടുക്കൂ എന്ന് രാജ്യത്തെ പ്രതിരോധ വിഭവ ഏജൻസി മേധാവി അനൂ റാന്നവെസ്‌കി. ഭാവിയിൽ സൈന്യത്തിലേക്ക് ആവശ്യമായ പുരുഷന്മാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുമെന്നത് മുന്നിൽക്കണ്ടാണ് ഈ നീക്കമെന്ന് അവർ വ്യക്തമാക്കി.

മാധ്യമങ്ങൾക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് റാന്നവെസ്‌കി എസ്റ്റോണിയ നേരിടുന്ന പ്രതിസന്ധി വ്യക്തമാക്കിയത്. മുൻ തലമുറകളിൽ രാജ്യത്ത് പ്രതിവർഷം 15,000 ആൺകുട്ടികൾ വരെ ജനിച്ചിരുന്നുവെങ്കിൽ, നിലവിൽ അത് വെറും 4,000 മുതൽ 5,000 വരെയായി ചുരുങ്ങിയിരിക്കുകയാണ്. ജനനനിരക്കിലെ ഈ കുത്തനെയുള്ള ഇടിവ് രാജ്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെ ബാധിക്കും.

“നിലവിലെ യുവാക്കളുടെ എണ്ണം മാത്രം വെച്ച് രാജ്യത്തിന്റെ പ്രതിരോധ പദ്ധതികളിൽ വിഭാവനം ചെയ്തിരിക്കുന്ന 4,100 സൈനിക തസ്തികകൾ നികത്താൻ എസ്റ്റോണിയയ്ക്ക് സാധിക്കില്ല. 2040 ആകുമ്പോഴേക്കും രാജ്യം കടുത്ത സൈനിക ക്ഷാമം നേരിടേണ്ടി വരും,” റാന്നവെസ്‌കി ചൂണ്ടിക്കാട്ടി.

അതേസമയം, 2022-ൽ ഉക്രെയ്ൻ സംഘർഷം ശക്തമായതിന് പിന്നാലെ, റഷ്യയിൽ നിന്നുള്ള ഭീഷണികൾ പ്രതിരോധിക്കാൻ നാറ്റോ അംഗങ്ങളായ യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ സൈനിക ശേഷി വൻതോതിൽ വർദ്ധിപ്പിച്ചുവരികയാണ്. പല രാജ്യങ്ങളും പണ്ട് നിർത്തലാക്കിയ നിർബന്ധിത സൈനിക സേവനം പുനഃസ്ഥാപിക്കുക മാത്രമല്ല, ലിംഗഭേദമില്ലാതെ സ്ത്രീകളെയും ഇതിന്റെ ഭാഗമാക്കാൻ തുടങ്ങിയിട്ടുണ്ട്.

യൂറോപ്പിൽ സ്ത്രീകൾക്ക് നിർബന്ധിത സൈനിക സേവനം ഏർപ്പെടുത്തിയ രാജ്യങ്ങൾ നോർവേ (2015),
സ്വീഡൻ എന്നിവയാണ്. നെതർലാൻഡ്‌സ് 2018ൽ നിയമം കൊണ്ടുവന്നെങ്കിലും സമാധാന അന്തരീക്ഷമായതിനാൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് . ഡെൻമാർക്ക് കഴിഞ്ഞ വർഷം സ്ത്രീകൾക്ക് നിർബന്ധിത സൈനിക സേവനം നൽകാൻ ഔദ്യോഗിക അംഗീകാരം നൽകി.
ലാത്വിയ വരും വർഷങ്ങളിൽ ഈ നിയമം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ബാൾട്ടിക് രാജ്യങ്ങൾ, ജർമ്മനി, ക്രൊയേഷ്യ, ഫിൻലാൻഡ്, പോളണ്ട്, യുകെ തുടങ്ങിയ ഒന്നിലധികം യൂറോപ്യൻ രാജ്യങ്ങൾ ഇതിനകം തന്നെ സൈനിക റിക്രൂട്ട്‌മെന്റ് ശക്തമാക്കുകയോ റിസർവ് സൈനികരുടെ പ്രായപരിധി ഉയർത്തുകയോ ചെയ്തിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് എസ്റ്റോണിയയും ഇപ്പോൾ നിർണ്ണായകമായ നിയമനിർമ്മാണത്തിലേക്ക് നീങ്ങുന്നത്.

Read Entire Article