ഗാര്‍ഹികപീഡന നിരോധനനിയമത്തിന്റെ ദുരുപയോഗവും അതില്‍ ഇരകളാവുന്ന പുരുഷന്മാരുടേയും കഥപറയുന്ന ആസിഫ് അലി ചിത്രമാണ് 'ആഭ്യന്തര കുറ്റവാളി'. പ്രമേയംകൊണ്ടും അഭിനേതാക്കളുടെ പ്രകടനംകൊണ്ടും സിനിമ ചര്‍ച്ചയാവുകയാണ്. നവാഗതനായ സേതുനാഥ് പദ്മകുമാറാണ് സംവിധായകന്‍. സഹദേവന്‍ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആസിഫ് അലിയുടെ നായികമാരില്‍ ഒരാളായി ചിത്രത്തില്‍ അഭിനയിച്ചത് ശ്രേയ രുക്മിണിയാണ്. ശ്രേയയുടെ രണ്ടാമത്തെ ചിത്രമാണ് 'ആഭ്യന്തര കുറ്റവാളി'. വിനീത് കുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘പവി കെയര്‍ ടേക്കറി’ലൂടെയായിരുന്നു ശ്രേയയുടെ സിനിമാ അരങ്ങേറ്റം. 'ആഭ്യന്തര കുറ്റവാളി'യുടെ പശ്ചാത്തലത്തില്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുകയാണ് ശ്രേയ രുക്മിണി.
'ആഭ്യന്തര കുറ്റവാളി'ക്ക് വലിയ സ്വീകാര്യതയാണല്ലോ ലഭിച്ചത്. ചിത്രത്തിനും അഡ്വ. അനില എന്ന കഥാപാത്രത്തിനും ലഭിക്കുന്ന പ്രതികരണങ്ങള്‍ എന്താണ്.
സിനിമയ്ക്കും കഥാപാത്രത്തിനും നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഭിഭാഷക ജോലി ചെയ്യുന്ന ഒരുപാട് പേര്‍ മെസേജുകളായും മറ്റും പ്രതികരണങ്ങള്‍ അറിയിക്കുന്നുണ്ട്. ഇപ്പോഴും ജൂനിയര്‍ അഭിഭാഷകരായി തുടരുന്നവര്‍ അവരുടെ ബുദ്ധിമുട്ടുകളൊക്കെ പങ്കുവെക്കുന്നുണ്ട്. ഓരോ ദിവസവും അവര്‍ കടന്നുപോകുന്ന സാഹചര്യങ്ങളും വേതനക്കുറവുമെല്ലാം പറയുന്നുണ്ട്. അഡ്വ. അനിലയില്‍ തങ്ങളെതന്നെ കാണാന്‍ കഴിഞ്ഞെന്ന്, അഭിഭാഷക ജോലി ചെയ്യുന്ന ഒരുപാട് പേര്‍ അഭിപ്രായപ്പെട്ടു.
ശ്രേയയുടെ രണ്ടാമത്തെ ചിത്രമാണ് 'ആഭ്യന്തര കുറ്റവാളി'. ആദ്യ ചിത്രമായ 'പവി കെയര്‍ ടേക്കറി'ലേക്ക് എത്തിയതിന് പിന്നില്‍ ഒരു കഥയുണ്ടല്ലോ? ശ്രേയ തന്നെയാണ് ജാനകി എന്ന് സംവിധായകന്‍ വിനീത് കുമാര്‍ തീരുമാനിച്ചതിന് പിന്നിലുള്ള ആ കഥ.
'പവി കെയര്‍ ടേക്കറി'ല്‍ ജാനകി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സംവിധായകന്‍ വിനീത് കുമാര്‍ ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയച്ച് ഒഡിഷനില്‍ പങ്കെടുക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിക്കുകയായിരുന്നു. ഞാന്‍ തയ്യാറാണെന്ന് പറഞ്ഞു. ഞാന്‍ ഭാഗമായ ഒരു മ്യൂസിക് ബാന്‍ഡിന്റെ ഷോയിലേക്ക് വിനീതേട്ടനെ ക്ഷണിച്ചിരുന്നു. ആ പരിപാടിയില്‍ പാടിക്കൊണ്ടിരിക്കെ വരികള്‍ മറന്നുപോയി. പക്ഷേ, ഞാന്‍ ആത്മവിശ്വാസം വിടാതെ പാട്ട് തുടര്‍ന്നു. വരികള്‍ മറന്നുപോയി, അഡ്ജസ്റ്റുചെയ്യാമെന്നൊക്കെ പറഞ്ഞ് ഞാന്‍ പിടിച്ചുനിന്നു. ഇതുകണ്ട വിനീതേട്ടന്‍, ജാനകിയ്ക്കുവേണ്ട കോണ്‍ഫിഡന്‍സ് ഇതാണെന്ന് പറഞ്ഞു. എന്റെ സ്വഭാവങ്ങളുമായി അടുത്തുനില്‍ക്കുന്ന കഥാപാത്രമായിരുന്നു ജാനകി.
'പവി കെയര്‍ ടേക്കറി'ല്‍ അഭിനയിക്കുമ്പോള്‍ സിനിമമേഖലയില്‍ പൂര്‍ണമായും പുതിയ ഒരാളാണല്ലോ. 'ആഭ്യന്തര കുറ്റവാളി'യില്‍ എത്തുമ്പോഴേക്കും സിനിമയുടെ രീതികള്‍ അറിയാം. ഒരു സിനിമയുടേത് ആണെങ്കിലും മുന്‍പരിചയമുണ്ട്. 'പവി കെയര്‍ ടേക്കറി'ല്‍നിന്ന് 'ആഭ്യന്തര കുറ്റവാളി'യിലേക്ക് എത്തുമ്പോഴുള്ള മാറ്റങ്ങള്‍ എന്തൊക്കെയായിരുന്നു.
'പവി കെയര്‍ ടേക്കര്‍' ചെയ്യുമ്പോള്‍ സിനിമയെക്കുറിച്ച് കാര്യമായ അറിവൊന്നുമുണ്ടായിരുന്നില്ല. എല്ലാംപെട്ടെന്ന് സംഭവിച്ചതുപോലെയായിരുന്നു. എന്റെ ഇന്‍ട്രോ സീന്‍ ആയിരുന്നു ‘പവി കെയര്‍ ടേക്കറി’ല്‍ ആദ്യം ഷൂട്ട് ചെയ്തത്. അതുചെയ്യുമ്പോള്‍ എനിക്ക് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. ആദ്യമായാണ് ക്യാമറയ്ക്കു മുന്നില്‍ അഭിനയിക്കുന്നത്. യാതൊരു മുന്‍പരിചയവും ഉണ്ടായിരുന്നില്ല.
സിനിമ എന്താണെന്ന് കുറച്ചുകൂടെ പഠിക്കാന്‍ പറ്റി എന്നുള്ളതാണ് ‘ആഭ്യന്തര കുറ്റവാളി’യിലേക്ക് വരുമ്പോഴുള്ള കാര്യം. ഏത് അഭിനേതവായാലും ലൊക്കേഷനിലെ ആദ്യദിവസവും ആദ്യസീനും ടെന്‍ഷനുള്ളത് തന്നെയായിരിക്കും. അതുപോലൊരു ടെന്‍ഷന്‍ എനിക്കും ഉണ്ടായിരുന്നു. ‘ആഭ്യന്തര കുറ്റവാളി’യില്‍ ആദ്യസീന്‍ ആസിഫ് അലിയ്ക്കൊപ്പമായിരുന്നു. ആ സീന്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ കുറച്ചുകൂടെ അടുത്തു, കൂള്‍ ആയി.
പാട്ട്, നൃത്തം, മോഡലിങ്, അധ്യാപിക. ഫൊറന്‍സിക് മേഖലയില്‍ ജോലി ചെയ്തിട്ടുണ്ട്, ആര്‍ജെ ആയിരുന്നു. സിനിമ സ്വപ്‌നമായി ഉണ്ടായിരുന്നോ? വിനീത് ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തില്ലായിരുന്നെങ്കിലും സിനിമയില്‍, അഭിനേതാവായി തന്നെ എത്തുമായിരുന്നോ.
ഫൊറന്‍സിക് മേഖലയിലെ ജോലിക്കുശേഷമാണ് ലെക്ചററാവുന്നത്. പാട്ട് ചെറുപ്പം മുതലേ കൂടെയുണ്ടായിരുന്നു. കുറച്ചുകാലം ആര്‍ജെയായി ജോലിചെയ്തു. അതിനിടെയാണ് 'പവി കെയര്‍ ടേക്കറി'ലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ആ അവസരം വന്നില്ലെങ്കിലും ഞാന്‍ സിനിമയിലേക്ക് എത്തുമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.
‘പവി കെയര്‍ ടേക്കറി'ലേക്ക് എത്തുന്നതിന് മുമ്പേ ഒരു ഒഡിഷനില്‍ പങ്കെടുത്തിരുന്നു. അതില്‍ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ ആ സിനിമ നടന്നില്ല. ആ ചിത്രത്തിനുവേണ്ടി നടത്തിയ തയ്യാറെടുപ്പുകളാണ്, സിനിമയാണ് എന്റെ മേഖല എന്ന തിരിച്ചറിവ് ഉണ്ടാക്കിയത്. 'പവി കെയര്‍ ടേക്കര്‍' സംഭവിച്ചില്ലായിരുന്നെങ്കിലും, വിനീതേട്ടന്‍ എന്നെ ഫോളോ ചെയ്തിട്ടില്ലായിരുന്നെങ്കിലും ഞാന്‍ ഒഡീഷനുകള്‍ വഴി സിനിമയ്ക്കായി പരിശ്രമിക്കുമായിരുന്നു.
സിനിമയില്‍ ആദ്യചിത്രം ദിലീപിനും രണ്ടാം ചിത്രം ആസിഫിനും ഒപ്പം. മോഹന്‍ലാലിനും പൃഥ്വിരാജിനും ഒപ്പം ഒന്നിച്ച് അഭിനയിച്ച പരസ്യ ചിത്രങ്ങള്‍. സിനിമയായിട്ടും അല്ലാതെയും മലയാളത്തിലെ മുന്‍നിര നായകന്മാരോടൊപ്പം വര്‍ക്ക് ചെയ്തുകഴിഞ്ഞു. ഓരോ അനുഭവങ്ങളും എത്ര വ്യത്യസ്തമായിരുന്നു.
ഓരോ ആളിന്റെ കൂടെ അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങള്‍ ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു. നാലുപേരും മലയാളത്തില്‍ അവരുടെ കൈയൊപ്പ് പതിപ്പിച്ച, ലെജന്‍ഡുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന നടന്മാരാണ്. അവരുടെ രീതികള്‍ പോലെ തന്നെ വ്യത്യസ്തമാണ് അവരുടെ കൂടെ അഭിനയിച്ച സാഹചര്യങ്ങളും. ദിലീപേട്ടനാണെങ്കിലും ആസിഫിക്കയാണെങ്കിലും വളരെ അടുത്ത് പെരുമാറുന്നവരാണ്. നന്നായി സംസാരിച്ച് കംഫര്‍ട്ടബിൾ ആക്കിയാണ് ലാലേട്ടനും അഭിനയിച്ചത്. എന്നാല്‍, ലാലേട്ടന്‍ എന്ന ബഹുമാനം കാരണം അധികം സംസാരിക്കാന്‍ പോവില്ല. പൃഥ്വിരാജുമായും അധികം സംസാരിച്ചിരുന്നില്ല. എന്നാല്‍, കൂടെ അഭിനയിക്കാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നില്ല, എളുപ്പമായിരുന്നു.
‘ആഭ്യന്തര കുറ്റവാളി’യിലേക്ക് എത്തുന്നത് എങ്ങനെയാണ്? കഥ മുഴുവനായി ആദ്യംതന്നെ കേട്ടിരുന്നോ.
സംവിധായകന്‍ സേതുനാഥ് പദ്മകുമാര്‍ തിരക്കഥ പൂര്‍ണമായി വിവരിച്ചുതന്നിരുന്നു. അഡ്വ. അനില എന്ന വേഷമാണെന്ന് പറഞ്ഞു. ആ കഥാപാത്രത്തെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. വ്യക്തിത്വമുള്ള കഥാപാത്രമായിരുന്നു. മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധ്യതയുണ്ടെന്നും മനസിലാക്കിയാണ് കഥാപാത്രത്തിലേക്ക് എത്തുന്നത്.
ജൂനിയര്‍ വക്കീല്‍ അനിലയെക്കുറിച്ച് സംവിധായകന്‍ തന്ന ആദ്യ ബ്രീഫിങ് എന്തായിരുന്നു? കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ ആദ്യം മനസില്‍ വന്ന ചിന്ത.
സിനിമയിലെ ഏറ്റവും നല്ല ക്യാറക്ടര്‍ ഗ്രാഫുള്ള കഥാപാത്രമാണ് അഡ്വ. അനിലയെന്ന് എന്നോട് അദ്ദേഹം പറഞ്ഞിരുന്നു. എല്ലാവര്‍ക്കും പെട്ടെന്ന് ഇഷ്ടപ്പെടാന്‍ പോകുന്ന കഥാപാത്രമായാണ് അനിലയെ അവതരിപ്പിച്ചിരുന്നത്. നാട്ടിന്‍പുറത്തുകാരിയായ, പുറത്തേക്ക് ബോള്‍ഡ്‌നെസ് കാണിക്കുമെങ്കിലും ഉള്ളില്‍ പഞ്ചപാവമായ കുട്ടിയാണ് എന്നായിരുന്നു പറഞ്ഞത്. ജീവിതസാഹചര്യങ്ങളടക്കം പറഞ്ഞുതന്നിരുന്നു. നമ്മളില്‍ പലരും ഇങ്ങനെയാണെന്നാണ് എനിക്ക് ആദ്യം തോന്നിയത്. പുറത്തേയ്ക്ക് ധൈര്യമൊക്കെ കാണിക്കുമെങ്കിലും നമ്മളെല്ലാം ഉള്ളില്‍ വളരെ പാവമാണ്. സ്ത്രീയായിരുന്നിട്ടുകൂടി സത്യം അറിയുമ്പോള്‍ സഹദേവനോട് സഹതാപം തോന്നി അയാളുടെ കൂടെ നില്‍ക്കുന്ന കഥാപാത്രമാണ് അനില. അതില്‍ എനിക്ക് വളരേ താത്പര്യം തോന്നി.
സഹദേവന് വേണ്ടി കോടതിയില്‍ ഹാജരായപ്പോഴുള്ള അഡ്വ. അനിലയുടെ അവസ്ഥയായിരുന്നോ ലൊക്കേഷനില്‍ ശ്രേയയ്ക്ക്? ഒരുപാട് സീനിയേഴ്സിനൊപ്പമാണ് 'ആഭ്യന്തര കുറ്റവാളി'യില്‍ അഭിനയിക്കുന്നത്. അപ്പുറത്ത് നില്‍ക്കുന്ന സീനിയേഴ്സിനെ കണ്ട് പകച്ചുപോയിരുന്നോ.
ഒരുപാട് മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പമാണ് 'ആഭ്യന്തര കുറ്റവാളി'യില്‍ അഭിനയിക്കുന്നത്. ജഗദീഷേട്ടന്റേയും ആസിഫിക്കയുടേയും കൂടെയാണ് കൂടുതല്‍ സീനുകളും ഉണ്ടായിരുന്നത്. മലയാളത്തിലെ തന്നെ ഏറ്റവും വലിയ നടന്മാരില്‍ ഒരാളാണ് ജഗദീഷേട്ടന്‍. എതിര്‍ഭാഗം വക്കീലിന്റെ വേഷമാണ് ജഗദീഷേട്ടന്റേത്. അദ്ദേഹത്തിനൊപ്പം പിടിച്ചുനില്‍ക്കണം എന്നത് ആദ്യമൊരു ടെന്‍ഷനുണ്ടായിരുന്നു. എന്നാല്‍, അനില കോടതിയില്‍ പോയതുപോലെയുള്ള അവസ്ഥയുണ്ടായിരുന്നില്ല. ആസിഫിക്കയുടെ കൂടെ വളരെ കംഫര്‍ട്ടബിളായാണ് അഭിനയിച്ചത്. ഹരിശ്രീ അശോകന്‍ ചേട്ടന്റേയും സിദ്ധാര്‍ഥ് ഏട്ടന്റെ (സിദ്ധാര്‍ഥ് ഭരതന്‍) കൂടെ കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, അവരുടെ പ്രകടനം കണ്ട് എനിക്ക് രോമാഞ്ചം വന്ന നിമിഷങ്ങുണ്ടായിരുന്നു.
ആസിഫുമായി വര്‍ക്ക് ചെയ്യുന്നത് എത്രത്തോളം ഈസി ആയിരുന്നു.
ആസിഫിക്കയുടെ കൂടെ അഭിനയിക്കുന്നത് വളരേ കംഫര്‍ട്ടബിളായിരുന്നു. ആദ്യദിവസം കുറച്ച് ടെന്‍ഷന്‍ ഉണ്ടായിരുന്നു. എല്ലാ ഷൂട്ടിനും ആദ്യദിവസം വളരേ ടെന്‍ഷനുള്ളതാണ്. എന്നാല്‍, അദ്ദേഹം അത് മനസിലാക്കി, നമ്മളോട് നന്നായി സംസാരിച്ച് സൗഹൃദപരമായ സാഹചര്യമുണ്ടാക്കിയ ശേഷമാണ് മറ്റ് ഭാഗങ്ങളിലേക്ക് പോയത്. അതുകൊണ്ട് വളരെ ഈസിയായിരുന്നു ചിത്രത്തില്‍ അഭിനയിക്കാന്‍. അങ്ങനെയുള്ള നടന്മാര്‍ക്കൊപ്പം ഇനിയും അഭിനയിക്കാന്‍ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.
വളരെ ശ്രദ്ധാപൂര്‍വമാണ് 'ആഭ്യന്തര കുറ്റവാളി'യുടെ അവതരണം. പാളിയിരുന്നെങ്കില്‍ ഏറെവിമര്‍ശനങ്ങള്‍ കേള്‍ക്കാമായിരുന്നു പ്രമേയം ആണ് ചിത്രത്തിന്റേത്. എന്നുകരുതി പറയാനുള്ളതെല്ലാം നേരിട്ടുതന്നെ സിനിമ പറയുന്നുമുണ്ട്. ചിത്രത്തിന്റെ ഭാഗമായ ഒരാള്‍ എന്ന നിലയില്‍ അത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചിരുന്നോ.
സൂചിപ്പിച്ചതുപോലെ അവതരണത്തില്‍ പാളിയാല്‍ സ്ത്രീവിരുദ്ധമായി വരുമോ എന്ന ചിന്ത ആദ്യമുണ്ടായിരുന്നു. എന്നാല്‍, അതിലെല്ലാം സംവിധായകന്‍ വ്യക്തതവരുത്തി തന്നിരുന്നു. സഹദേവനെതിരായി നീങ്ങാന്‍ നയന എന്ന കഥാപാത്രത്തിന് ഒരുകാരണമുണ്ട്. പക്ഷേ, അതില്‍ ബലിയാടായത് പാവപ്പെട്ട മനുഷ്യനാണ്. അയാള്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നത്. പുരുഷപക്ഷ സിനിമ എന്ന് മുഴുവനായി പറയാന്‍ കഴിയില്ല. പ്രതികളാക്കപ്പെടുന്ന നിരപരാധികളായ പുരുഷന്മാര്‍ക്കുവേണ്ടി സംസാരിക്കുന്ന സിനിമയായിട്ടാണ് 'ആഭ്യന്തര കുറ്റവാളി' അവതരിപ്പിച്ചിരിക്കുന്നത്.
ബോള്‍ഡായ, ആറ്റിറ്റ്യൂഡ് ഇടുന്ന വക്കീലായാണ് ആദ്യം അനിലയെ കാണുന്നത്. പിന്നീട്, കോടതിമുറിയിലെ സീനില്‍ പകച്ചുപോകുന്ന വക്കീലാവുന്നു. കക്ഷിയായി എത്തിയ സഹദേവനോട് ഇല്ലാത്ത സഹതാപം, അയാളുടെ നിരപരാധിത്വം തിരിച്ചറിയുമ്പോള്‍ അനിലയ്ക്ക് ഉണ്ടാവുന്നുണ്ട്. വളരേ സാധ്യതകളുള്ള വേഷമായിരുന്നല്ലോ അഡ്വ. അനില. വെല്ലുവിളികള്‍ എന്തെങ്കിലും തോന്നിയോ? റഫറന്‍സുകള്‍ വല്ലതും തന്നിരുന്നോ.
ശരിക്കും ഏറെ വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രമായിരുന്നു അഡ്വ. അനില. ശ്രേയ രുക്മിണി എന്ന വ്യക്തിയില്‍നിന്ന് തീര്‍ത്തും വ്യത്യസ്തയാണ്. ഞാനുമായി ഒരു സാമ്യതയുമില്ല. അതുകൊണ്ട്, ആ കഥാപാത്രത്തിലേക്ക് എത്താന്‍ കുറച്ചുസമയമെടുത്തു. എന്നാല്‍, കഥാപാത്രത്തിനുള്ള ആഴവും വളര്‍ച്ചയും എന്റെ മനസില്‍ തട്ടിയിട്ടുണ്ട്. ബോള്‍ഡ്നെസ്സ് കാണിക്കുന്നെങ്കിലും കോടതിമുറിയില്‍ പകച്ചുപോവുന്നുണ്ട്. സത്യം സഹദേവനൊപ്പമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അയാളോട് സഹതാപം തോന്നി ഒപ്പംനില്‍ക്കുന്നു. അഭിനയിച്ചുകഴിഞ്ഞപ്പോള്‍ അനില എന്ന കഥാപാത്രത്തോട് ഒരുപാട് ഇഷ്ടം തോന്നി. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തില്‍ സംയുക്ത വര്‍മ അവതരിപ്പിച്ച ഭാവന എന്ന കഥാപാത്രമായിരുന്നു എനിക്ക് റഫറന്‍സായി തന്നിരുന്നത്. അത് മുന്നില്‍വെച്ചാണ് ഞാന്‍ തയ്യാറെടുപ്പുകള്‍ നടത്തിയത്.
കളംപാട്ടുപോലെ ഒരു പരമ്പരാഗത അനുഷ്ഠാനം ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ടല്ലോ. അതിനുവേണ്ടി പ്രത്യേകം തയ്യാറെടുപ്പ് നടത്തിയിരുന്നോ.
കളംപാട്ടൊക്കെ ഞാന്‍ ആദ്യമായാണ് കാണുന്നത്. സംവിധായകന്‍ യൂട്യൂബ് വീഡിയോകള്‍ അയച്ചുതന്നിരുന്നു. ഇത് കണ്ടാണ് പഠിച്ചത്. ആദ്യമായി ചെയ്യുന്നതുകാരണം നല്ല ടെന്‍ഷനുണ്ടായിരുന്നു. റിഹേഴ്സല്‍ പോലുള്ള മുന്‍തയ്യാറെടുപ്പുകള്‍ ഒന്നുമുണ്ടായിരുന്നില്ല. നേരെ കളമെഴുത്തിന്റെ മുമ്പില്‍ കൊണ്ടുപോയി ഇരുത്തി, ചെയ്തോ എന്ന് പറഞ്ഞു. വലിയ ബുദ്ധിമുട്ടില്ലാതെ അത് ചെയ്യാന്‍ കഴിഞ്ഞുവെന്നും ചിത്രത്തിൽ നന്നായി വന്നിട്ടുമുണ്ടെന്നാണ് കരുതുന്നത്.
സഹദേവന്റെ വക്കീലായി എത്തുന്ന അനില പിന്നീട് ഒരു സുഹൃത്തായി മാറുന്നു. സ്വാഭാവികമായും ആളുകള്‍ അനിലയും സഹദേവനും ഒന്നിക്കും എന്ന് പ്രതീക്ഷിക്കും. പക്ഷേ, ചിത്രത്തില്‍ അതുണ്ടാവുന്നില്ല. ആ ക്ലീഷേ ബ്രേക്ക് ചെയ്യാനുള്ള തീരുമാനം ബോധപൂർവമായിരുന്നോ.
സഹദേവനും അനിലയും ഒന്നിക്കണമെന്നത് ഒരു നിര്‍ബന്ധമായി ഒരിക്കലും കഥയിൽ ഉണ്ടായിരുന്നില്ല. അനിലയെ നല്ല സുഹൃത്തായാവാം സഹദേവന്‍ കണ്ടിട്ടുണ്ടാവുക. അവര്‍ തമ്മിലുള്ള ബന്ധം പ്രണയമായിട്ടാണോ സൗഹൃദമായിട്ടാണോ അവസാനിക്കുന്നത് എന്ന് പ്രേക്ഷകര്‍ക്ക് തീരുമാനിക്കാം. അവര്‍ തമ്മില്‍ പ്രണയിക്കട്ടേയെന്നോ കല്യാണം കഴിക്കട്ടേയെന്നോ തീരുമാനിക്കാതെ അവസാനിപ്പിച്ചത് ബോധപൂര്‍വം തന്നെയാണ്. ബാക്കിയുള്ളത് പ്രേക്ഷകര്‍ക്ക് വിട്ടിരിക്കുന്നു. അത് എങ്ങനെ വേണമെങ്കിലും എടുക്കാം.

'ആഭ്യന്തര കുറ്റവാളി' പറയാന്‍ ഉദ്ദേശിച്ചത് ആളുകളിലേക്ക് എത്തി, ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് എന്ന് തോന്നുന്നുണ്ടോ.
പടം എന്താണോ പറയാന്‍ ഉദ്ദേശിച്ചത് അത് വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്. ആ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട് എന്നുമാണ് കാണാന്‍ പറ്റുന്നത്. അതിനെ സാധൂകരിക്കുന്ന പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. സമൂഹത്തില്‍ സഹദേവനപ്പോലെ ഒരുപാട് പുരുഷന്മാരുണ്ട്. അവര്‍ക്കൊക്കെ തങ്ങളാണെന്ന് തോന്നുന്ന, അവര്‍ക്കുവേണ്ടി സംസാരിക്കുന്ന സിനിമയായി വന്നതിലും പ്രേക്ഷകര്‍ ഇത്രയും സ്വീകരിച്ചതും വളരേ സന്തോഷം. ഒരുപാട് മെസേജുകള്‍ വരുന്നുണ്ട്. ഇപ്പോഴത്തെ സമൂഹം കണ്ടിരിക്കേണ്ട സിനിമയാണെന്ന് ഒരുപാടുപേര്‍ പറയുന്നുണ്ട്. സിനിമ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്.
രണ്ടാമത്തെ സിനിമയാണല്ലോ 'ആഭ്യന്തര കുറ്റവാളി'. ഏറെ പ്രതിസന്ധികള്‍ക്കുശേഷമാണ് ചിത്രം റിലീസിന് എത്തുന്നത്. റിലീസ് വൈകിയപ്പോൾ തുടക്കക്കാരിയെന്ന നിലയില്‍ ആശങ്കകളുണ്ടായിരുന്നോ.
കേസു കാരണം ചിത്രത്തിന്റെ റിലീസ് നീണ്ടുപോയി. തുടക്കക്കാരിയെന്ന നിലയില്‍, എന്തുസംഭവിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. എന്തു പ്രതിസന്ധി വന്നാലും സിനിമ ഇറങ്ങും എന്ന് ഉറപ്പായിരുന്നു. ആശങ്കപ്പെടേണ്ടതില്ല, കുറച്ച് വൈകിയാണെങ്കിലും സിനിമ റിലീസ് ചെയ്യുമെന്ന് സംവിധായകനും പറഞ്ഞിരുന്നു. എങ്കിലും നീണ്ടുപോയപ്പോള്‍ മറ്റുള്ളവരെപ്പോലെ എനിക്കും ആശങ്കയുണ്ടായിരുന്നു.
ആദ്യചിത്രത്തില്‍ അഞ്ച് നായികമാരില്‍ ഒരാളാണ്, രണ്ടാംചിത്രത്തില്‍ രണ്ടുപേരില്‍ ഒരാളും. അടുത്ത ചിത്രത്തില്‍ ഫീമെയില്‍ ലീഡായി കാണാന്‍ പറ്റുമോ? വരാനിരിക്കുന്ന പ്രൊജക്ടുകള്‍ ഏതൊക്കെയാണ്.
അടുത്ത ചിത്രത്തില്‍ മെയിന്‍ ലീഡായി വരണം എന്നാണ് ആഗ്രഹിക്കുന്നത്. അങ്ങനെയുള്ള സിനിമകളാണ് തിരഞ്ഞെടുക്കുന്നതും. അത്തരം കഥകള്‍ കേള്‍ക്കുന്നുണ്ട്, സാധ്യതകളുള്ള കഥാപാത്രമാണെങ്കില്‍ ഉറപ്പായും ചെയ്യും.





English (US) ·