
റിങ്കു സിങ്, പ്രിയ സരോജ് | Photo: PTI
ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ് വിവാഹിതനാകുന്നുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ വധുവിന്റെ വിവരങ്ങൾ അന്വേഷിച്ച് പരക്കംപായുകയാണ് ആരാധകർ. വധുവായ പ്രിയ സരോജ് ആരാണ് എന്നാണ് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി ഉയരുന്ന ചോദ്യം. 26-കാരിയായ പ്രിയാ സരോജ് ഉത്തര്‍പ്രദേശിലെ മച്ഛ്‌ലിശഹറില്‍നിന്നുള്ള എം.പിയാണ്. ഇരുവരുടേയും വിവാഹനിശ്ചയം ജൂൺ എട്ടിനാണ് നടക്കുന്നത്. സുഹൃത്ത് വഴിയാണ് റിങ്കു സിങുമായി പ്രിയ പരിചയത്തിലാകുന്നത്. ഒരു വര്‍ഷത്തിലേറെയായി ഇരുവരും പരിചയത്തിലായിരുന്നു. ലഖ്‌നൗവിലെ ഹോട്ടലിൽ വെച്ചാണ് വിവാഹനിശ്ചയമെന്നാണ് വിവരം.
റിങ്കു-പ്രിയ വിവാഹവുമായി ബന്ധപ്പെട്ട് നേരത്തേ പല അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നെങ്കിലും ആലോചന മാത്രമേ നടന്നിട്ടുള്ളൂവെന്നായിരുന്നു പ്രിയയുടെ പിതാവും മുൻ എം.പിയും നിലവിൽ എസ്പി എംഎല്‍എയുമായ തുഫാനി സരോജ് ഫെബ്രുവരിയിൽ പ്രതികരിച്ചത്. വിവാഹവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 16ന് അലിഗഢില്‍വെച്ച് റിങ്കുസിങ്ങിന്റെ പിതാവടക്കമുള്ളവരുമായി തങ്ങളുടെ കുടുംബം കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ഇരുകുടുംബവും വിവാഹത്തിന് സമ്മതമറിയിച്ചുവെന്നും തുഫാനി സരോജ് പറഞ്ഞു.
ആരാണ് പ്രിയാ സരോജ്?
മാസങ്ങൾക്ക് മുമ്പ് വിവാഹാലോചനകളുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിക്കുമ്പോള്‍ കേരളത്തിലായിരുന്നു പ്രിയാ സരോജ്. സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച പാര്‍ലമെന്ററി കമ്മിറ്റിയുടെ യോഗങ്ങളിലും മീറ്റിങ്ങുകളിലും പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയതാണ് അവര്‍. 26-കാരിയായ പ്രിയാ സരോജ് ഉത്തര്‍പ്രദേശിലെ മച്ഛ്‌ലിശഹറില്‍നിന്നുള്ള എം.പിയാണ്. നിലവിലെ ലോക്‌സഭയില്‍ ഏറ്റവും പ്രായംകുറഞ്ഞ എം.പിമാരില്‍ ഒരാളാണ് പ്രിയ.
ഉത്തര്‍പ്രദേശിലെ ജാന്‍പുര്‍ ജില്ലയിലെ കേരാകട് നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള നിയമസഭാംഗമാണ് പ്രിയയുടെ പിതാവ് തുഫാനി സരോജ്. മൂന്നു തവണ ലോക്‌സഭാ എം.പിയായിരുന്നു തുഫാനി സരോജ്. 2009-ല്‍ മച്ഛ്‌ലിശഹറില്‍നിന്നാണ് തുഫാനി സരോജ് ലോക്‌സഭയില്‍ എത്തിയത്. പിന്നീട് രണ്ടുതവണ ബി.ജെ.പി. വിജയിച്ച സീറ്റ് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്.പി. സ്ഥാനാര്‍ഥിയായി പിടിച്ചെടുക്കുകയായിരുന്നു പ്രിയാ സരോജ്.
ഡല്‍ഹിയില്‍ എയര്‍ഫോഴ്‌സ് ഗോള്‍ഡന്‍ ജൂബിലി ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബി.എ. ബിരുദം നേടി. തുടര്‍ന്ന് നോയിഡയിലെ അമിറ്റി യൂണിവേഴ്‌സിറ്റിയില്‍നിന്ന് എല്‍.എല്‍.ബി. പൂര്‍ത്തിയാക്കിയ പ്രിയ സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയായിരുന്നു. അധികം വൈകാതെ തന്നെ പ്രിയ പിതാവിന്റെ വഴിയില്‍ രാഷ്ട്രീയത്തിലെത്തി. കന്നി അങ്കത്തില്‍ ബി.ജെ.പിയുടെ സിറ്റിങ് എം.പി ബി.പി. സരോജിനെ 35,000-ലേറെ വോട്ടുകള്‍ക്കാണ് പ്രിയാ സരോജ് പരാജയപ്പെടുത്തിയത്. 2009ൽ പ്രിയയുടെ അച്ഛൻ തുഫാനി സരോജിനെ തോൽപിച്ചാണ് ബി.ജെ.പി സീറ്റ് പിടിച്ചെടുത്തത്.
അതേസമയം താനൊരിക്കലും രാഷ്ട്രീയക്കാരിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് പ്രിയ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പ്രതികരിച്ചത്. വളര്‍ന്നുവരുമ്പോള്‍ രാഷ്ട്രീയത്തിലിറങ്ങുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. നിയമബിരുദം നേടിയതിന് ശേഷം ജഡ്ജിയാകുന്നതിനുള്ള പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിലായിരുന്നു. കോവിഡ്-19 സമയത്തായിരുന്നു അത്. ലോക്‌സഭാ സ്ഥാനാര്‍ഥിയായി എന്നെ പ്രഖ്യാപിക്കുമ്പോള്‍ പോലും ഞാന്‍ പരീക്ഷയുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു. - പ്രിയ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു.
Content Highlights: Who is Priya Saroj Samajwadi Party MP to beryllium engaged to cricketer Rinku Singh








English (US) ·