Published: June 01 , 2025 05:05 PM IST Updated: June 01, 2025 05:21 PM IST
1 minute Read
മുംബൈ∙ ആരാണ് പ്രിയ സരോജ്? ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങുമായുള്ള വിവാഹനിശ്ചയ വാർത്ത പുറത്തുവന്നതിനു പിന്നാലെ, സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഉയരുന്ന ചോദ്യമാണിത്. ഇരുവരുടെയും വിവാഹ നിശ്ചയം ഈ മാസം എട്ടിനു ലക്നൗവിലെ സ്വകാര്യ ഹോട്ടലിൽവച്ച് നടക്കുന്നുവെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ്, ആരാധകർ പ്രിയ സരോജിനായുള്ള ‘അന്വേഷണം’ ആരംഭിച്ചത്. സത്യത്തിൽ ആരാണ് പ്രിയ സരോജ്?
ഉത്തർപ്രദേശിലെ മച്ച്ലിഷഹറിൽനിന്നുള്ള ലോക്സഭാംഗമാണ് പ്രിയ സരോജ്. ഇരുപത്താറുകാരിയായ പ്രിയ, ഇന്ത്യയിലെ തന്നെ പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ കൂടിയാണ്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുതിർന്ന നേതാവ് ബി.പി. സരോജിനെ 35,000ൽ അധികം വോട്ടുകൾക്കു തോൽപ്പിച്ചാണ് സമാജ്‌വാദി പാർട്ടി ടിക്കറ്റിൽ പ്രിയ ലോക്സഭയിലെത്തിയത്.
വാരണാസിയിലെ കർഗിയാവോനിൽ നിന്നുള്ള പ്രിയ സരോജ്, ഡൽഹി സർവകലാശാലയിൽനിന്ന് ആർട്സിൽ ബിരുദവും അമിറ്റി സർവകലാശാലയിൽനിന്ന് നിയമത്തിൽ ബിരുദവും നേടി.
സമാജ്‌വാദി പാർട്ടി നേതാവും ഒന്നര പതിറ്റാണ്ടായി ഉത്തർപ്രദേശ് നിയമസഭയിൽ അംഗവുമായ പിതാവ് തുഫാനി സരോജിന്റെ പാത പിന്തുടർന്നാണ് പ്രിയ സരോജ് രാഷ്ട്രീയക്കളത്തിൽ എത്തുന്നത്. അതിനു മുൻപ് സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്ന അഭിഭാഷകയായിരുന്നു പ്രിയ. 2022ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പിതാവിനായി പ്രചാരണരംഗത്ത് ഇറങ്ങിയതോടെയാണ് പ്രിയ ശ്രദ്ധേയയാകുന്നത്.
‘‘ചെറുപ്പത്തിൽ ഒരിക്കലും ഞാൻ രാഷ്ട്രീയത്തിൽ എത്തുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. നിയമത്തിൽ ബിരുദം നേടിയ ശേഷം, കോവിഡ് കാലത്ത് ഞാൻ ജഡ്ജിയാകുന്നതിനുള്ള പരീക്ഷയ്ക്കുള്ള തയാറെടുപ്പിലായിരുന്നു. ലോക്സഭയിലേക്ക് എന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്ന സമയത്തുപോലും ഞാൻ പരീക്ഷയ്ക്കുള്ള തയാറെടുപ്പിന്റെ ഭാഗമായി ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്നു’ – രാഷ്ട്രീയത്തിലേക്കുള്ള വരവിനെക്കുറിച്ച് പ്രിയ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞത് ഇങ്ങനെ.
English Summary:








English (US) ·