'സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി'; ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് രോഹിത് ശര്‍മ

8 months ago 10

07 May 2025, 07:44 PM IST

Rohit Sharma

Photo: AFP

ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ അപ്രതീക്ഷിതമായാണ്‌
വിരമിക്കുന്ന കാര്യം രോഹിത് അറിയിച്ചത്. നേരത്തേ ടെസ്റ്റ് നായകസ്ഥാനത്തുനിന്ന് രോഹിത്തിനെ നീക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

'ഞാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന കാര്യം എല്ലാവരോടുമായി പങ്കുവെക്കുകയാണ്. വെള്ളക്കുപ്പായത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. വര്‍ഷങ്ങളായി പ്രകടിപ്പിക്കുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി കളിക്കും.' - രോഹിത് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചു.

2013 ല്‍ വിന്‍ഡീസിനെതിരേയാണ് രോഹിത് ശര്‍മയുടെ ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം. പിന്നീടങ്ങോട്ട് റെഡ്‌ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിലെ സ്ഥിരസാന്നിധ്യമായി. 67 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 4301 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. 12 സെഞ്ചുറികളും 18 അര്‍ധസെഞ്ചുറികളും നേടിയിട്ടുണ്ട്. ഒരു ഇരട്ടസെഞ്ചുറിയുമുണ്ട്. 40.57 ആണ് ശരാശരി.

വിരാട് കോലി നായകസ്ഥാനത്തുനിന്ന് പടിയിറങ്ങിയതിന് പിന്നാലെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ നയിക്കാന്‍ രോഹിത്തെത്തുന്നത്. പിന്നാലെ രോഹിത്തിന്റെ നായകത്വത്തില്‍ ഇന്ത്യ 2021-23 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തിയിരുന്നു. എന്നാൽ അടുത്തിടെ നടന്ന ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിയും പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ പരമ്പര കൈവിട്ടതും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാന്‍ സാധിക്കാതിരുന്നതും രോഹിത്തിന്റെ നായകസ്ഥാനം തുലാസിലാക്കി. എന്നാല്‍ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി വിജയം ആശ്വാസമായി.

ടീമിനെ കിരീടത്തിലേക്കു നയിച്ചെങ്കിലും റെഡ് ബോൾ ഫോർമാറ്റിലുള്ള താരത്തിന്റെ പ്രകടനം അത്രമികച്ചതായിരുന്നില്ല. ഇംഗ്ലണ്ടിനെതിരേ ജൂണില്‍ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ടീം പുതിയ നായകനുകീഴിലാണ് കളിക്കുകയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ജേതാക്കളായതിന് പിന്നാലെ രോഹിത് ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ഇപ്പോഴിതാ ടെസ്റ്റില്‍ നിന്നും വിരമിച്ചതോടെ ഇനി ഏകദിനത്തില്‍ മാത്രമാണ് താരത്തെ കാണാനാവുക.

Content Highlights: Rohit Sharma announces status from Test cricket

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article