സ്നേഹവലയമൊരുക്കി സുഹൃത്തുക്കൾ, ഔദ്യോഗിക ജീവിതത്തിൽനിന്ന് ഷൈനി വിൽസൺ പടിയിറങ്ങി; ഷൈനിങ് ഓഫ്!

7 months ago 8

ജെറിൻ ജോയ്

ജെറിൻ ജോയ്

Published: June 01 , 2025 10:11 AM IST

1 minute Read

 മനോരമ
ചെന്നൈയിൽ നടന്ന യാത്രയയപ്പ് ചടങ്ങിനിടെ ഷൈനി വിൽസൺ മുൻ രാജ്യാന്തര താരങ്ങളായ മോളി ചാക്കോ, എം.ഡി.വൽസമ്മ, പത്മിനി തോമസ്, കെ.സി.റോസക്കുട്ടി എന്നിവർക്കൊപ്പം. ചിത്രം: മനോരമ

ചെന്നൈ ∙ വാശിയേറിയ മത്സരത്തിൽ ഒന്നാമതെത്തുമ്പോഴൊക്കെ ഷൈനി വിൽസൺ കേട്ടിരുന്ന അതേ കയ്യടി ഒരിക്കൽ കൂടി അതേ താളത്തിലും വേഗത്തിലും ഉയർന്നു കേട്ടു. മൈതാനങ്ങളിൽ ഒപ്പമുണ്ടായിരുന്നവരും ഒന്നിച്ച് ഓടിയവരുമെല്ലാം ചുറ്റും നിന്ന് ആശ്ലേഷിച്ച് സ്നേഹത്താൽ വീ‍ർപ്പുമുട്ടിച്ച് ആശംസകളേകി. 4 ഒളിംപിക്സുകളിൽ തുടർച്ചയായി മത്സരിച്ച ആദ്യ മലയാളി, ഒളിംപിക്സിൽ ഇന്ത്യൻ സംഘത്തെ നയിച്ച് ദേശീയ പതാകയേന്തിയ ആദ്യ വനിത എന്നിവ അടക്കം ട്രാക്ക് നിറയെ നേട്ടങ്ങളുമായി 41 വർഷത്തെ ഔദ്യോഗിക ജീവിതം പൂർത്തിയാക്കിയ ഷൈനി ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) ജനറൽ മാനേജർ പദവിയിൽ നിന്നു പടിയിറങ്ങി.

പലതലമുറകളിലെ കായികതാരങ്ങളുടെ സംഗമ വേദിയായി മാറിയ യാത്രയയപ്പു സമ്മേളനത്തിൽ മുഖ്യാതിഥിയായി എഫ്സിഐ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അശുതോഷ് അഗ്നിഹോത്രിയാണെത്തിയത്. വിയർപ്പും ചോരയും കഠിനാധ്വാനവും കൊണ്ടാണു ഷൈനി തന്റെ വിജയചരിത്രങ്ങളെല്ലാം രചിച്ചതെന്നു പറഞ്ഞ അദ്ദേഹം, ഷൈനിയുടെ നേട്ടങ്ങളെ ആസ്പദമാക്കിയുള്ള ഹിന്ദി കവിതയും അവതരിപ്പിച്ചു. ഷൈനി നേടിയെടുത്ത ഓരോ വിജയവും അനുസ്മരിക്കപ്പെട്ട ദിവസത്തിൽ, ഷൈനിയുടെ നേട്ടങ്ങൾ അണിനിരത്തിയുള്ള ഹ്രസ്വചിത്രം ഓർമകളിലേക്കുള്ള തിരിച്ചു പോക്കായി.

കായിക താരങ്ങളായ പത്മിനി തോമസ്, മോളി ചാക്കോ, എം.ഡി.വൽസമ്മ, കെ.സി.റോസക്കുട്ടി തുടങ്ങിയവർ സ്നേഹ സ്മരണകളാൽ ഷൈനിയെ ചേർത്തു പിടിച്ചു. പ്രത്യേകമായി വാങ്ങിയ സാരിയാണ് ഇവർ ഓരോരുത്തരും സമ്മാനിച്ചത്. ഭർത്താവ് വിൽസൺ ചെറിയാനും മറ്റു കുടുംബാംഗങ്ങളും ചേർന്ന് പൊന്നാടയണിച്ച് ഷൈനിയെ ആദരിച്ചു. പ്രിയ ഗുരുനാഥൻ കെ.പി.തോമസിന്റെ വക സ്നേഹ ചുംബനം. ചെറുമകൻ ജോവാന്റെ ബംഗാളി ഗാനം.

തുടർന്ന് സഹപ്രവർത്തകരും സ്നേഹ സമ്മാനങ്ങളേകി. ഹൃദയം തുളുമ്പിയുള്ള നന്ദി മാത്രമാണു എല്ലാ സ്നേഹത്തിനും പകരം നൽകാനുള്ളതെന്നു ഷൈനി മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഓർമകളിലൂടെയൊന്ന് പിന്നോട്ടു പാഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞു വേദിയിൽ പൊട്ടിക്കരഞ്ഞു. വിൽസൺ അടുത്തെത്തി ആശ്വസിപ്പിച്ചു. ഇരുകയ്യും കൂപ്പി, നിറകണ്ണുകളോടെ വാക്കുകൾ അവസാനിപ്പിച്ചതോടെ സദസ്സൊന്നാകെ എഴുന്നേറ്റ് നിന്നു കയ്യടിച്ചാണ് ഷൈനിക്ക് ആദരമേകിയത്. വൈകാതെ ചെന്നൈ ജീവിതം അവസാനിപ്പിച്ച് കൊച്ചിയുടെ മകളായി ഷൈനി ഇനി കേരളത്തിലേക്ക് തിരിച്ചെത്തും.

English Summary:

Shiny Wilson: A Farewell to a Legendary Athlete

Read Entire Article