Published: May 05 , 2025 08:16 AM IST
1 minute Read
മഡ്രിഡ് ∙ സ്പാനിഷ് ലാലിഗ കിരീടത്തിനായി അവസാന ശ്വാസം വരെ പൊരുതാൻ തന്നെയാണ് റയൽ മഡ്രിഡിന്റെ തീരുമാനം! കിലിയൻ എംബപെയുടെ ഇരട്ടഗോളുകളുടെ മികവിൽ സെൽറ്റ വിഗോയെ 3–2നു മറികടന്ന റയൽ ഒന്നാമതുള്ള ബാർസയുമായുള്ള അകലം 4 പോയിന്റായി നിലനിർത്തി. ബാർസ റയൽ വല്ലദോലിഡിനെ 2–1നു തോൽപിച്ചതിനു പിന്നാലെയായിരുന്നു റയലിന്റെ ജയം.
ഇരുടീമിനും 4 മത്സരങ്ങളാണ് ഇനി ശേഷിക്കുന്നത്. അടുത്ത ഞായറാഴ്ച ബാർസയുടെ മൈതാനത്തു നടക്കുന്ന സീസണിലെ അവസാന എൽ ക്ലാസിക്കോ ഇതോടെ നിർണായകമായി.
ഹോംഗ്രൗണ്ടായ സാന്തിയാഗോ ബെർണബ്യൂവിൽ സെൽറ്റയ്ക്കെതിരെ 3–0നു മുന്നിലെത്തിയ ശേഷമാണ് റയൽ 2 ഗോൾ വഴങ്ങിയത്. 33–ാം മിനിറ്റിൽ തുർക്കി താരം അർദ ഗുലറാണ് റയലിന്റെ ആദ്യ ഗോൾ നേടിയത്. 39, 48 മിനിറ്റുകളിലെ ഗോളിൽ എംബപെ ലീഡുയർത്തി. എന്നാൽ രണ്ടാം പകുതിയിൽ 7 മിനിറ്റുകൾക്കിടെ 2 ഗോൾ തിരിച്ചടിച്ച സെൽറ്റ റയലിനെ വിറപ്പിച്ചു.
ജാവി റോഡ്രിഗസ് (69–ാം മിനിറ്റ്), വിലിയട്ട് സ്വീഡ്ബർഗ് (76) എന്നിവരാണ് ഗോൾ നേടിയത്. ഗോൾകീപ്പർ തിബോ കോർട്ടോയുടെ സേവുകളുടെ മികവിൽ പിടിച്ചുനിന്ന റയൽ നിർണായക വിജയം നേടി. വല്ലദോലിഡിനെതിരെ റഫീഞ്ഞ (54–ാം മിനിറ്റ്), ഫെർമിൻ ലോപസ് (60) എന്നിവരുടെ ഗോളിലാണ് ബാർസയുടെ ജയം. ഇവാൻ സാഞ്ചസിന്റെ ഗോളിൽ 6–ാം മിനിറ്റിൽ വല്ലദോലിഡ് മുന്നിലെത്തിയ ശേഷമായിരുന്നു ബാർസയുടെ തിരിച്ചടി.
∙ ഒറ്റ ഗോളിൽ ഇന്റർ, നാപ്പോളിമിലാൻ ∙ ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ കിരീടപ്പോരാട്ടത്തിൽ മുന്നിലുള്ള നാപ്പോളിക്കും ഇന്റർ മിലാനും ഒറ്റ ഗോൾ ജയം. ഒന്നാമതുള്ള നാപ്പോളി ലീച്ചെയെ 1–0നു തോൽപിച്ചപ്പോൾ രണ്ടാമതുള്ള ഇന്റർ അതേ സ്കോറിന് ഹെല്ലാസ് വെറോണയെ മറികടന്നു. മൂന്നു റൗണ്ട് മത്സരങ്ങൾ ശേഷിക്കേ നാപ്പോളിയെക്കാൾ 3 പോയിന്റ് പിന്നിലാണ് ഇന്റർ.
നാളെ ബാർസിലോനയ്ക്കെതിരെ ചാംപ്യൻസ് ലീഗ് സെമിഫൈനൽ രണ്ടാം പാദം ഉള്ളതിനാൽ പ്രധാനതാരങ്ങളാരും ഇല്ലാതെയാണ് ഇന്റർ ഇറങ്ങിയത്. വിലക്കിലായതിനാൽ കോച്ച് സിമോൺ ഇൻസാഗിയും മിഡ്ഫീൽഡർ ഹാകൻ ചൽഹനോലുവും ടീമിനൊപ്പമുണ്ടായിരുന്നില്ല.
English Summary:








English (US) ·