Published: November 19, 2025 10:11 AM IST
1 minute Read
കൊൽക്കത്ത ∙ ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കൻ സ്പിന്നർമാർക്കു മുന്നിൽ അടിതെറ്റിയതിനു പിന്നാലെ സ്പിന്നിനെ മെരുക്കാൻ വിവിധ തന്ത്രങ്ങൾ പരീക്ഷിച്ച് ഇന്ത്യൻ ബാറ്റർമാർ. ഇതിന്റെ ഭാഗമായി, ഇന്നലെ ഈഡൻ ഗാർഡൻസിൽ പരിശീലനം നടത്തിയ ഇന്ത്യയുടെ ധ്രുവ് ജുറേലും സായ് സുദർശനും ഒരു കാലിൽ മാത്രം പാഡ് കെട്ടിയാണ് നെറ്റ്സിൽ ബാറ്റ് ചെയ്തത്. പാഡ് ഇല്ലാത്ത കാലിൽ പന്തുകൊള്ളാതിരിക്കാൻ, പരമാവധി പന്തുകളെ ബാറ്റ് കൊണ്ട് നേരിടാനുള്ള സ്വാഭാവിക റിഫ്ലക്സ് ഉണ്ടാക്കിയെടുക്കാനാണ് ഈ പരിശീലന രീതി.
ഇരു കൈകൊണ്ടും പന്തെറിയാൻ സാധിക്കുന്ന (ആംബിഡെക്സ്റ്റെറസ്) സ്പിന്നർ കൗശിക് മൈതിയെയും ഇന്നലെ ഇന്ത്യൻ ടീം പരിശീലനത്തിനായി ഈഡൻ ഗാർഡൻസിൽ എത്തിച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാൾ താരമായ കൗശിക്, വലംകൈ ഓഫ്ബ്രേക്കുകളും ഇടംകൈ സ്പിന്നും അനായാസം എറിയും. ഈഡൻ പിച്ച് നന്നായി അറിയാവുന്ന കൗശികിനെ ഇന്ത്യൻ ബാറ്റർമാർക്ക് ‘കളിച്ചുപഠിക്കാനായാണ്’ പരിശീലനത്തിന് എത്തിച്ചത്.
22 മുതൽ ഗുവാഹത്തിയിലാണ് രണ്ടാം ടെസ്റ്റ്. ഒന്നാം ടെസ്റ്റിൽ ബാറ്റിങ്ങിനിടെ കഴുത്തിനു പരുക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് രണ്ടാം ടെസ്റ്റ് നഷ്ടമാകും. ഗില്ലിന്റെ പരുക്ക് പൂർണമായി ഭേദമായിട്ടില്ലെന്നും 4 ദിവസത്തേക്കു കൂടി വിശ്രമം വേണമെന്നും മെഡിക്കൽ സംഘം നിർദേശിച്ചതായാണ് വിവരം. ഇതോടെ 22ന് ഗുവാഹത്തിയിൽ ആരംഭിക്കുന്ന മത്സരത്തിൽ നിന്ന് ഗില്ലിന് വിട്ടുനിൽക്കേണ്ടിവരും.
English Summary:








English (US) ·