സ്പീഡ് & സ്റ്റൈൽ; 200 മീറ്ററിൽ നോഹ ലൈൽസിന് നാലാം ലോക സ്വർണം

4 months ago 5

മനോരമ ലേഖകൻ

Published: September 20, 2025 07:40 AM IST Updated: September 20, 2025 10:40 AM IST

1 minute Read

  • ഉസൈൻ ബോൾട്ടിന്റെ റെക്കോർഡിന് ഒപ്പം

സ്വർണ മെഡലുമായി ലൈൽസിന്റെ വിജയാഘോഷം.
സ്വർണ മെഡലുമായി ലൈൽസിന്റെ വിജയാഘോഷം.

ടോക്കിയോ ∙ മുത്തുകോർത്ത് പിന്നിയൊതുക്കിയിരുന്ന ചെമ്പൻമുടി പാറിപ്പറക്കുന്നതല്ലാതെ വേഗത്തിന്റെ ട്രാക്കിൽ നോഹ ലൈൽസിന് ഒരു മാറ്റവുമില്ല! സ്റ്റൈൽ മാറ്റിയെങ്കിലും സ്പീഡ് കുറയ്ക്കാതെ കുതിച്ചു പാഞ്ഞ യുഎസ് താരത്തിന് ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ 200 മീറ്ററിൽ തുടർച്ചയായ നാലാം സ്വർണം. 19.52 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ലൈൽസ് ജേതാവായപ്പോൾ യുഎസിന്റെ കെന്നി ബഡ്നറിക്കിനാണ് വെള്ളി (19.58 സെക്കൻഡ്). ജമൈക്കയുടെ ബ്രയാൻ ലെവെല്ലിനാണ് വെങ്കലം (19.64). 

ലോക ചാംപ്യൻഷിപ് 200 മീറ്ററിൽ 4 സ്വർണമെന്ന റെക്കോർഡിൽ ഇതിഹാസ താരം ഉസൈൻ ബോൾട്ടിനൊപ്പമെത്താനും നോഹ ലൈൽസിനായി.  2023ലെ ലോക ചാംപ്യൻഷിപ്പിൽ 100 മീറ്ററിലും സ്വർണം നേടിയ ലൈൽസ് ഇത്തവണ 100 മീറ്ററിൽ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. 

വനിതാ 200 മീറ്ററിൽ സ്വർണം നേടിയ മെലീസ ജെഫേഴ്സൻ ടോക്കിയോയിൽ സ്പ്രിന്റ് ഡബിൾ തികച്ചു.

നിരാശ തുടരുന്നു 

പുരുഷ 5000 മീറ്റർ ഹീറ്റ്സിൽ ഒൻപതാം സ്ഥാനം നേടിയ ഇന്ത്യയുടെ ഗുൽവീർ സിങ്ങിന് (13.42:34 മിനിറ്റ്) നേരിയ വ്യത്യാസത്തിൽ ഫൈനൽ നഷ്ടമായി‌. ഹീറ്റ്സിലെ ആദ്യ 8 സ്ഥാനക്കാർക്കാണ് ഫൈനൽ യോഗ്യത. വനിതാ ജാവലിൻത്രോയിൽ അന്നു റാണിയും ഫൈനൽ കാണാതെ പുറത്തായി. 55.18 മീറ്റർ പിന്നിടാനായ അന്നു യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പി‍ൽ 15–ാം സ്ഥാനത്തായി.

English Summary:

World Athletics: Noah Lyles Extends 200m Dominance, Ties Bolt's Golden Streak

Read Entire Article