ലോക ജേതാക്കളായ അർജന്റീന ഫുട്ബോൾ ടീമും നായകൻ ലയണൽ മെസ്സിയും സൗഹൃദ മത്സരത്തിനായി കേരളത്തിലേക്കു വരുമോ എന്നതിനെച്ചൊല്ലി വീണ്ടും വാദവും മറുവാദവും. സ്പോൺസർ പണം അടച്ചാൽ മത്സരം നടക്കുമെന്ന് കായിക മന്ത്രിയും എന്നാൽ മത്സര തീയതി അറിഞ്ഞാലേ പണം അടയ്ക്കുകയുള്ളൂവെന്ന് സ്പോൺസറും ഇന്നലെ പറഞ്ഞു.
‘മെസ്സി വരും എന്നു തന്നെ പ്രതീക്ഷ’
അർജന്റീന ഫുട്ബോൾ ടീമും നായകൻ ലയണൽ മെസ്സിയും കേരളത്തിൽ എത്തുമെന്നു തന്നെയാണു പ്രതീക്ഷയെന്നും നിശ്ചയിച്ച സമയത്തു തന്നെ മത്സരം നടന്നേക്കുമെന്നും മന്ത്രി വി.അബ്ദുറഹിമാൻ. മെസ്സിയും അർജന്റീനയും വരില്ലെന്നു പറയാൻ ഇപ്പോൾ കഴിയില്ല. വിവരങ്ങൾ അറിയാൻ ഒരാഴ്ച കാത്തിരിക്കാമെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. മെസ്സിയും അർജന്റീന ടീമും കേരളത്തിലേക്കില്ല എന്ന വാർത്തകളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
അർജന്റീന പിൻമാറിയിട്ടില്ല
അർജന്റീന ടീമിനു പണമയയ്ക്കാൻ സ്പോൺസർക്കു റിസർവ് ബാങ്കിന്റെ ഒരു അനുമതി കൂടി ലഭിക്കാനുണ്ടായിരുന്നു. അതും കിട്ടി. അടുത്തയാഴ്ച സ്പോൺസർ പണം അടയ്ക്കും. മെസ്സിയെയും ടീമിനെയും എത്തിക്കാൻ സർക്കാർ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ ആശയക്കുഴപ്പമൊന്നുമില്ല. പറഞ്ഞ സമയത്തു കളി നടക്കുമെന്നാണ് സ്പോൺസർ സർക്കാരിനെ അറിയിച്ചത്.
ഉത്തരവാദിത്തം സ്പോൺസറിന്
2 സ്ഥാപനങ്ങളാണ് സ്പോൺസർഷിപ്പിനു സമീപിച്ചത്. ആദ്യം വന്ന സ്ഥാപനത്തിനു റിസർവ് ബാങ്ക് അനുമതി നൽകിയില്ല. അനുമതി കിട്ടിയ സ്ഥാപനം ആവശ്യമായ പണം അക്കൗണ്ടിലുണ്ടെന്നു കാണിച്ചിട്ടുണ്ട്. സ്പോൺസർ ഉത്തരവാദിത്തം കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടീമിനെ എത്തിക്കേണ്ടതു സ്പോൺസറുടെ ചുമതലയാണ്. അതിനുള്ള അനുമതി നേടിക്കൊടുക്കുക മാത്രമാണു സർക്കാരിന്റെ ചുമതല. അതു ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
‘അന്തിമ തീരുമാനം അർജന്റീനയുടേത്’
അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ സൗഹൃദ മത്സരങ്ങൾ കളിക്കാനെത്തുമെന്നു തന്നെയാണു പ്രതീക്ഷിക്കുന്നതെന്നു സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ. ടീം കേരളത്തിലേക്കു വരില്ലെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) ഔദ്യോഗികമായി അറിയിച്ചിട്ടില്ല. എന്നാൽ വരില്ലെന്ന് എഎഫ്എ തീരുമാനിച്ചാൽ പിന്നെ ഒന്നും ചെയ്യാനാകില്ലെന്നും ആന്റോ പറഞ്ഞു.
പണം നൽകിയിട്ടില്ല
അർജന്റീന ടീം വരില്ലെന്ന വാർത്തകൾ ദുഷ്ടലാക്കോടെയുള്ളതാണ്. പണം കൊടുത്തില്ല, സ്റ്റേഡിയം സൗകര്യമില്ല തുടങ്ങിയ വാദങ്ങളിലൊന്നും കാര്യമില്ല. സ്റ്റേഡിയം ആവശ്യമെങ്കിൽ ഉണ്ടാക്കും. കേരളത്തിലേക്കു വരില്ലെന്ന് എഎഫ്എ പറയട്ടെ. കേരളത്തിൽ 2 സൗഹൃദ മത്സരങ്ങൾ കളിക്കാനും ഫാൻ മീറ്റ് നടത്താനും അവരുമായി കരാറുള്ളതാണ്. അവർ മത്സര തീയതികൾ അറിയിച്ചാൽ പണം കൈമാറും. അതിനു മുൻപു പണം നൽകാൻ കഴിയില്ല. റിസർവ് ബാങ്കിന്റെ ഉൾപ്പെടെ വിവിധ സാങ്കേതിക അനുമതികൾ ആവശ്യമാണ്. അർജന്റീന ടീമിനെ ഇന്ത്യയിൽ എത്തിക്കുന്നതിനുള്ള എല്ലാ അനുമതികളും എടുത്തിട്ടുണ്ട്. അക്കാര്യം എഎഫ്എയെ അറിയിച്ചിട്ടുമുണ്ട്. കേരളത്തിലെ മത്സര വേദി തീരുമാനിക്കേണ്ടതും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതും സംസ്ഥാന സർക്കാരാണെന്നും ആന്റോ പറഞ്ഞു.
English Summary:








English (US) ·