Published: May 16 , 2025 03:18 PM IST Updated: May 16, 2025 04:56 PM IST
1 minute Read
തിരുവനന്തപുരം∙ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്കു വരില്ല. സ്പോൺസർ കരാർ തുക അടയ്ക്കാത്തതാണു കാരണം. സംഭവത്തിൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ നിയമനടപടി സ്വീകരിക്കുമെന്നും വിവരമുണ്ട്. ധാരണപ്രകാരമുള്ള തീയതി കഴിഞ്ഞ് മൂന്നു മാസമായിട്ടും പ്രതികരണമില്ലാത്തതിനാലാണു അർജന്റീന ടീമിന്റെ ഭാഗത്തുനിന്നുള്ള നീക്കം. കേരളത്തിലേക്ക് അർജന്റീന വരുമെന്നു പ്രതീക്ഷിച്ചിരുന്ന സമയത്തു തന്നെ ചൈനയിൽ ടീമിനു മത്സരങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ഇതോടെയാണ് കേരളത്തിലേക്ക് ഇതിഹാസ താരം ലയണൽ മെസ്സിയും ലോകകപ്പ് വിജയികളായ അർജന്റീനയും വരില്ലെന്ന് ഉറപ്പായത്.
കേരളത്തിൽ അർജന്റീന രണ്ടു സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നായിരുന്നു നേരത്തേ സർക്കാർ തലത്തിലടക്കം പറഞ്ഞിരുന്നത്. ഇതിനായി പ്രത്യേകം സ്റ്റേഡിയം നിർമിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. അർജന്റീന ടീം വരുമെന്നു തുടക്കം മുതൽ പറഞ്ഞ സംസ്ഥാന സർക്കാരും ഇതോടെ പ്രതിരോധത്തിലായി. ഒക്ടോബറിലാണ് അർജന്റീന ടീം ചൈനയിൽ രണ്ടു മത്സരങ്ങൾ കളിക്കുക. അതിൽ ഒരു മത്സരം ചൈനയ്ക്കെതിരെ ആയിരിക്കും. അതിനു ശേഷം ആഫ്രിക്കയിലും ഖത്തറിലും അർജന്റീനയ്ക്കു മത്സരങ്ങളുണ്ട്.
സ്പോൺസർമാരാണ് അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കരാർ ഒപ്പിട്ടിരിക്കുന്നതെന്നു കായിക മന്ത്രി വി. അബ്ദുറഹിമാൻ പ്രതികരിച്ചു. 2011ലാണ് അര്‍ജന്റീന അവസാനമായി ഇന്ത്യയിലെത്തിയത്. അന്ന് കൊല്‍ക്കത്ത സോള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയെ ആണ് അർജന്റീന നേരിട്ടത്. ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്റീന ടീമിന് കേരളത്തില്‍ നിന്ന് ലഭിച്ച പിന്തുണയ്ക്ക് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നന്ദി പറഞ്ഞിരുന്നു.
English Summary:








English (US) ·