‘സ്പോർട്സാണ് എന്റെ രാഷ്ട്രീയം; പരാതികളിൽ കഴമ്പില്ല’: തിരഞ്ഞെടുപ്പ് ആരോപണങ്ങളോട് പ്രതികരിച്ച് അഞ്ജു ബോബി ജോർജ്

1 week ago 3

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) ഭരണസമിതിയിലെ ‘സ്പോർട്സ് പഴ്സൻ ഓഫ് മെറിറ്റ്’ (എസ്ഒഎം) പ്രതിനിധികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം വോട്ട് നേടി (53) വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് അത്‌‍ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് കൂടിയായ അഞ്ജു ബോബി ജോർജ്. എന്നാൽ, തിരഞ്ഞെടുപ്പിനുശേഷം തന്നെ മോശക്കാരിയായി ചിത്രീകരിച്ചുകൊണ്ടുള്ള ചിലരുടെ പ്രചാരണത്തിൽ കടുത്ത അമർഷവും താരത്തിനുണ്ട്. മലയാളി ഒളിംപ്യൻ‌ ‘മനോരമ’യോടു മനസ്സു തുറക്കുന്നു...

Q. തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയാണല്ലോ വിജയം

A. വളരെ സന്തോഷമുണ്ട്. അത്‌ലീറ്റ് എന്ന നിലയിലും കായിക ഭരണാധികാരി എന്ന നിലയിലും എന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിട്ടാണ് ഈ വലിയ വിജയത്തെ കാണുന്നത്. എന്നെ അറിയാവുന്നവർ എനിക്കായി സർവാത്മനാ വോട്ട് ചെയ്തു എന്നാണു കരുതുന്നത്. കോമൺവെൽത്ത് ഗെയിംസ് ഉൾപ്പെടെ ഇന്ത്യയിലേക്കു വരുന്ന സാഹചര്യത്തിൽ ആത്മാർഥത നിറഞ്ഞ പ്രവർത്തനങ്ങളുമായി കായികഭരണരംഗത്തു ഞാനുണ്ടാകും.

Q. തിരഞ്ഞെടുപ്പു പ്രചാരണത്തെപ്പറ്റി പരാതി ഉയരുന്നുണ്ടല്ലോ

A. എന്ത് അടിസ്ഥാനത്തിലാണു പരാതി പറയുന്നത്. തിരഞ്ഞെടുപ്പു ചട്ടങ്ങൾക്ക് വിരുദ്ധമായ ഒരു കാര്യവും ചെയ്തിട്ടില്ല. വോട്ടവകാശമുള്ള 80 പേരെയും ഫോണിൽ വിളിച്ച് വോട്ട് തേടിയിട്ടുണ്ട്. ഏതൊരു തിരഞ്ഞെടുപ്പിലും അതു പതിവുള്ളതല്ലേ. സമൂഹമാധ്യമങ്ങൾ പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ല. കാരണം, അങ്ങനെ ചെയ്യരുതെന്നു ചട്ടങ്ങളിലുണ്ട്. അതു കൃത്യമായി പാലിച്ചിട്ടുണ്ട്. എല്ലാവരും ജയിക്കാൻ വേണ്ടിയാണല്ലോ മത്സരിക്കുന്നത്. തോൽവി നേരിടുമ്പോൾ വിഷമം സ്വാഭാവികമാണ്. അതുമായി പൊരുത്തപ്പെട്ടു പോവുകയേ തരമുള്ളൂ. എന്നെ മോശക്കാരിയായി ചിത്രീകരിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അത്തരം നീക്കങ്ങളോടു വിട്ടുവീഴ്ചയുണ്ടാകില്ല.

Q. ‘ന്യൂ ഭാരത് ഇന്ത്യ’ എന്ന പാനലിന്റെ ഭാഗമായിട്ടാണല്ലോ മത്സരിച്ചത്. അതിൽ എന്തെങ്കിലും രാഷ്ട്രീയമുണ്ടോ?

A. അതൊരു വ്യാജ പ്രചാരണം മാത്രമാണ്. ഞാൻ ഔദ്യോഗികമായി ഒരു പാനലിന്റെയും ഭാഗമല്ല. അത്തരമൊരു പ്രചാരണം എങ്ങനെ വന്നുവെന്നു വ്യക്തമല്ല. ആരെങ്കിലും എന്നെ, ഏതെങ്കിലും പാനലിന്റെ ഭാഗമായി, എന്റെ അംഗീകാരമില്ലാതെ അവതരിപ്പിച്ചിട്ടുണ്ടെങ്കിൽ അതിനു ഞാൻ ഉത്തരവാദിയല്ലല്ലോ. ഒരു വിധത്തിലുള്ള രാഷ്ട്രീയ ഇടപെടലുകളും തിരഞ്ഞെടുപ്പിൽ പാടില്ലെന്നു കർശന നിർദേശമുള്ളതുമാണ്. സ്പോർട്സാണ് എന്റെ രാഷ്ട്രീയം. നേരത്തേയും അങ്ങനെയായിരുന്നു. ഇനിയും അങ്ങനെയായിരിക്കും.

Q. മത്സരത്തിൽനിന്നു പിൻമാറണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടിരുന്നോ?

A. ആരും ആവശ്യപ്പെട്ടിരുന്നില്ല. പക്ഷേ, ഞാൻ പിൻമാറിയതായി ചില കേന്ദ്രങ്ങൾ പ്രചരിപ്പിച്ചതായി അറിഞ്ഞു. അങ്ങനെ പിൻമാറിയിട്ടില്ലെന്നു വോട്ടർമാരെ വിളിച്ചുപറയേണ്ടതായും വന്നു. ഞാൻ എന്റെ സ്വന്തം താൽപര്യപ്രകാരം മത്സരത്തിനിറങ്ങിയതാണ്. ആരും എന്നെ നിർബന്ധിച്ചിട്ടില്ല. കൂടുതൽ സജീവമായ പ്രവർത്തനം നടത്തുക എന്ന ലക്ഷ്യമേ എനിക്കുണ്ടായിരു ന്നുള്ളൂ.

Q. പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമോ?

A. ഇതുവരെ ആലോചനയില്ല. പത്രികാസമർപ്പണത്തിന് ഇന്നുകൂടി സമയമുണ്ട്. കാത്തിരുന്നു കാണാം.

English Summary:

Anju Bobby George IOA predetermination triumph highlights her palmy travel successful sports medication contempt facing baseless controversies and allegations. The salient Indian Olympian and Athletics Federation of India vice president opened up astir her record-breaking triumph and aboriginal plans successful sports.

Read Entire Article