സ്പോർട്സ് ബില്ലിൽ വീണ്ടും തിരുത്തൽ; ഭാരവാഹികളാകാനുള്ള യോഗ്യതയിൽ ഇളവ്

5 months ago 5

ആൽബിൻ രാജ്

ആൽബിൻ രാജ്

Published: August 19, 2025 02:39 PM IST

1 minute Read

chennai-sports

ന്യൂഡൽഹി ∙ ദേശീയ കായിക സംഘടനകളിൽ ഭാരവാഹികളാകാനുള്ള യോഗ്യതയിൽ ഇളവ് വരുത്തി കായിക മന്ത്രാലയം. കഴിഞ്ഞ ആഴ്ച പാർലമെന്റിൽ പാസാക്കിയ സ്പോർട്സ് ഗവേണൻസ് ബില്ലിലെ നിബന്ധനയിലാണ് ഭേദഗതി വരുത്തിയത്. സംഘടനകളുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്നവർ ഈ സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കുറഞ്ഞത് രണ്ടു തവണയെങ്കിലും പ്രവർത്തിച്ചവരാകണമെന്നത് ഒരു തവണയായി കുറയ്ക്കുന്നതാണ് ഭേദഗതി. ഇതോടെ നിലവിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ, അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ അധ്യക്ഷൻ കല്യാൺ ചൗബേ എന്നിവർക്ക് വീണ്ടും മത്സരിക്കാൻ അർഹത ലഭിക്കും. ഇരുവരും ഒരു തവണ മാത്രമാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലുണ്ടായിരുന്നത്.

ഇന്ത്യൻ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡിനെ (ബിസിസിഐ) വിവരാവകാശ നിയമത്തിനു കീഴിൽ കൊണ്ടുവരാനുള്ള നിബന്ധനയിലും മന്ത്രാലയം ഭേദഗതി വരുത്തിയിരുന്നു. കൂടാതെ ബില്ലിനു കീഴിൽ വരുന്ന കായിക സംഘടനകളുടെ തിരഞ്ഞെടുപ്പ്, ഭരണപരമായ തീരുമാനങ്ങൾ, കായിക താരങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചെല്ലാം വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടാം എന്നതുമാറ്റി സർക്കാർ നൽകുന്ന ഗ്രാന്റുകളെക്കുറിച്ചു മാത്രമേ ചോദിക്കാവു എന്ന നിബന്ധനയും ഭേദഗതിയിൽ കൊണ്ടുവന്നിട്ടുണ്ട്.

ഈ ഭേദഗതികൾ വരുത്തിയ ബിൽ ഇരുസഭകളിലും പാസായതിനെ തുടർന്ന് രാഷ്ട്രപതിയുടെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്.  അനുമതി ലഭിച്ചാൽ ബിൽ നിയമമാകുമെന്നും ആറു മാസത്തിനുള്ളിൽ സ്പോർട്സ് ബിൽ രാജ്യത്ത് നടപ്പാക്കുമെന്നും കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

English Summary:

Sports Bill Amendment relaxes eligibility criteria for sports federation officials. The amendment benefits officials similar PT Usha and Kalyan Chaubey, allowing them to contention elections again. The changes besides modify the RTI applicability to sports organizations.

Read Entire Article