ഇൻഡോർ ∙ ചരിത്രമാകുമായിരുന്ന ഒരു വിജയത്തിന്റെ തൊട്ടടുത്തെത്തിയിട്ടും അത് എത്തിപ്പിടിക്കാൻ ഇന്ത്യയ്ക്കായില്ല. ആവേശം അവസാന ഓവർ വരെ നീണ്ട വനിതാ ഏകദിന ലോകകപ്പിലെ നിർണായക മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് നാലു റൺസിന്റെ തോൽവി. ഇംഗ്ലണ്ട് ഉയർത്തിയ 289 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ ഇന്നിങ്സ് 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 284 റൺസിൽ അവസാനിക്കുകയായിരുന്നു. സ്മൃതി മന്ഥന (88), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (70), ദീപ്തി ശർമ (50) എന്നിവരുടെ പോരാട്ടമികവാണ് ഇന്ത്യയെ വിജയത്തിനു തൊട്ടടുത്തു വരെയെത്തിച്ചത്. 47–ാം ഓവറിൽ ദീപ്തി ശർമയെ പുറത്താക്കിയതാണ് ഇംഗ്ലണ്ട് വിജയത്തിൽ നിർണായകമായത്. ജയത്തോടെ ഇംഗ്ലണ്ട് ലോകകപ്പ് സെമിഫൈനൽ ഉറപ്പിച്ചു. അടുത്ത രണ്ടു മത്സരങ്ങളിലും വിജയിച്ചെങ്കിൽ മാത്രമേ ഇന്ത്യയ്ക്കു പ്രതീക്ഷയുള്ളൂ.
മറുപടി ബാറ്റിങ്ങിൽ, തുടക്കം മുതൽ നിശ്ചയദാർഢ്യത്തോടെയാണ് ഇന്ത്യ ബാറ്റു വീശിയത്. ഓപ്പണർ പ്രതിക റാവലിനെ (6) മൂന്നാം ഓവറിൽ തന്നെ നഷ്ടമായെങ്കിലും സ്മൃതിയും ഹർലീൻ ഡിയോളും (24) കരുതലോടെ ബാറ്റു വീശി. പവർപ്ലേ അവസാനിക്കുന്നതിനു തൊട്ടുമുൻപാണ് ഹർലീനെ ഇന്ത്യയ്ക്കു നഷ്ടമായത്. നാലാമതായി ക്യാപ്റ്റൻ ഹർമൻപ്രീത് എത്തിയതോടെയാണ് ഇന്ത്യൻ സ്കോർബോർഡിനു വേഗം കൂടിയത്. 70 പന്തിൽ 70 റൺസടിച്ച് ഹർമൻ, 10 ബൗണ്ടറികളും പായിച്ചു. മൂന്നാം വിക്കറ്റിൽ സ്മൃതിയും ഹർമൻപ്രീതും ചേർന്ന് 125 റൺസ് കൂട്ടിച്ചേർത്തു. 31–ാം ഓവറിൽ ഹർമൻ പുറത്താകുമ്പോൾ ഇന്ത്യയ്ക്ക് 167 റൺസായിരുന്നു.
പിന്നാലെയെത്തിയ ദീപ്തി ശർമയും സ്മൃതിക്കു ഉറച്ച പിന്തുണ നൽകിയതോടെ ഇന്ത്യ ജയം ഉറപ്പിച്ചു. 88 റൺസെടുത്ത സ്മൃതി 42–ാം ഓവറിൽ പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 234ൽ എത്തിയിരുന്നു. റിച്ച ഘോഷിന് (8) കാര്യമായ സംഭാവന നൽകാനായില്ലെങ്കിലും ദീപ്തി ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കുമെന്ന് കരുതി. എന്നാൽ 47–ാം ഓവറിന്റെ അഞ്ചാം പന്തിൽ ദീപ്തി പുറത്തായതോടെയാണ് ഇന്ത്യയുടെ വിജയപ്രതീക്ഷകൾക്കു മുന്നിൽ കരിനിഴൽ വീണത്. പിന്നീട് ക്രീസിൽ ഒന്നിച്ച അമൻജോത് കൗർ (18*), സ്നേഹ റാണ (10*) എന്നിവർ പരമാവധി ശ്രമിച്ചെങ്കിലും റൺറേറ്റ് നിലനിർത്താനായില്ല. അവസാന ഓവറിൽ 14 റൺസായിരുന്നു വിജയത്തിലേക്കു വേണ്ടതെങ്കിലും 9 റൺസെടുക്കാനെ ഇരുവർക്കും സാധിച്ചുള്ളൂ.
∙ റെക്കോർഡ് ടോട്ടലുമായി ഇംഗ്ലണ്ട്
ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 288 റൺസെടുത്തത്. സെഞ്ചറി നേടിയ ഹീതർ നൈറ്റ് (109), അർധസെഞ്ചറി നേടിയ ആമി ജോൺസ് (56) എന്നിവരാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്കു നയിച്ചത്. അവസാന 12 ഓവറിനിടെയാണ് ഇംഗ്ലണ്ടിന്റെ ആറു വിക്കറ്റുകൾ നഷ്ടമായത്. ഇന്ത്യയ്ക്കായി ദീപ്തി ശർമ നാലു വിക്കറ്റും ശ്രീ ചരണി രണ്ടും വിക്കറ്റും വീഴ്ത്തി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ ടാമി ബ്യൂമോണ്ട് (22)– ആമി ജോൺസ് സംഖ്യം 73 റൺസ് കൂട്ടിച്ചേർത്തു. 16–ാം ഓവറിൽ ടാമിയെ പുറത്താക്കി ദീപ്തി ശർമയാണ് കൂട്ടുകെട്ട് പൊളിച്ചത്. അധികം വൈകാതെ ആമിയെയും ദീപ്തി പുറത്താക്കി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഹീതർ നൈറ്റ്– ക്യാപ്റ്റൻ നാറ്റ് സ്കൈവർ-ബ്രണ്ട് സഖ്യം ഇന്നിങ്സ് മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു.
ഇരുവരും ചേർന്ന് 113 റൺസാണ് സ്കോർ ബോർഡിൽ ചേർത്ത്. ഇതിൽ 38 റൺസ് മാത്രമാണ് ക്യാപ്റ്റൻ സംഭാവന. ഒരു സിക്സും 15 ഫോറും സഹിതം വെറും 91 പന്തിലാണ് ഹീതർ 109 റൺസെടുത്തത്. അവസാന ഓവറുകളിൽ തുടരെ വിക്കറ്റ് വീണതോടെയാണ് ഇംഗ്ലണ്ട് സ്കോർ 300 കടക്കാതിരുന്നത്.
ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയർന്ന ടോട്ടലാണിത്. വനിതാ ഏകദിന ലോകകപ്പിലും ഇന്ത്യയ്ക്കെതിരെയുള്ള ഏതൊരു ടീമിന്റെയും ഉയർന്ന സ്കോറാണ് ഇംഗ്ലണ്ട് കുറിച്ചത്.
English Summary:








English (US) ·