Published: November 23, 2025 10:05 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയുടെ വിവാഹച്ചടങ്ങുകൾ മാറ്റിവച്ചു. സ്മൃതിയുടെ പിതാവിന് ആരോഗ്യ പ്രശ്നങ്ങളുണ്ടായതിനെ തുടർന്നാണു വിവാഹച്ചടങ്ങുകൾ മാറ്റിവച്ചത്. സ്മൃതിയുടെ ജന്മനാടായ മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് വിവാഹച്ചടങ്ങുകൾ നടക്കുന്നത്. സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ഥനയ്ക്ക് ഹൃദയാഘാതമുണ്ടായതായി താരത്തിന്റെ മാനേജർ സ്ഥിരീകരിച്ചു.
സംഭവത്തെ തുടർന്ന് വിവാഹ വേദിയിലേക്ക് ആംബുലൻസ് എത്തി ശ്രീനിവാസ് മന്ഥനയെ ആശുപത്രിയിലേക്കു മാറ്റി. സ്മൃതിയും കുടുംബവും പിതാവിനൊപ്പം ആശുപത്രിയിലെത്തിയിട്ടുണ്ട്. ശ്രീനിവാസ് മന്ഥനയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇപ്പോൾ നിരീക്ഷണത്തിലാണെന്നുമാണ് റിപ്പോർട്ട്.
സംഗ്ലിയിൽ സ്മൃതിയുടെ കുടുംബത്തിന്റെ ഫാം ഹൗസിലാണ് രണ്ടു ദിവസമായി വിവാഹ ആഘോഷങ്ങൾ നടന്നത്. ഹൽദി, സംഗീത് ചടങ്ങുകൾ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സുഹൃത്തുക്കളും വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കാന്‍ സംഗ്ലിയിലെത്തിയിരുന്നു. ഞായറാഴ്ചയാണ് വിവാഹം തീരുമാനിച്ചിരുന്നത്. അതിനിടെയാണ് താരത്തിന്റെ പിതാവിന് ആരോഗ്യപ്രശ്നങ്ങളുണ്ടായത്.
വിവാഹം മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചതായി ഇവന്റ് മാനേജ്മെന്റ് കമ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ‘‘ഞായറാഴ്ച രാവിലെ പ്രഭാതഭക്ഷണം കഴിച്ചതിനു പിന്നാലെയാണ് ശ്രീനിവാസ് മന്ഥനയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. നില വഷളായതോടെ ആശുപത്രിയിലേക്കു മാറ്റി. അദ്ദേഹം ഇപ്പോൾ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. പുതുക്കിയ വിവാഹത്തീയതി തീരുമാനിച്ചിട്ടില്ല.’’– താരത്തിന്റെ മാനേജർ തുഹിൻ മിശ്ര മാധ്യമങ്ങളോടു പറഞ്ഞു.
English Summary:








English (US) ·