Published: November 24, 2025 10:45 AM IST
1 minute Read
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയുടെ വിവാഹച്ചടങ്ങിനിടെ പിതാവ് ശ്രീനിവാസ് മന്ഥനയ്ക്കു ഹൃദയാഘാതമുണ്ടായ വിവരം ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. മഹാരാഷ്ട്രയിലെ സംഗ്ലിയിലെ സ്മൃതിയുടെ ഫാം ഹൗസിലെ വിവാഹവേദിയിലേക്ക് ആംബുലൻസ് എത്തിച്ചാണ് ശ്രീനിവാസിനെ ആശുപത്രിയിലേക്കു മാറ്റിയത്. സംഭവത്തിനു പിന്നാലെ സ്മൃതിയുടെ വിവാഹം മാറ്റിവച്ചിരുന്നു.
ശ്രീനിവാസ് ആശുപത്രി വിട്ടശേഷം മാത്രമാകും വിവാഹച്ചടങ്ങുകൾ ആരംഭിക്കുക. എന്നാൽ സ്മൃതിയുടെ വരനായ പലാശ് മുച്ഛലും ആശുപത്രിയിലാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. വിവാഹവേദിയിൽവച്ച് അണുബാധയുണ്ടായതിനെ തുടർന്ന് പലാശ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പലാശിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ല. ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ട പലാശ് ഹോട്ടലിലേക്കു പോയി. സ്മൃതിയുടെ ജന്മനാടായ സംഗ്ലിയിലാണ് വിവാഹച്ചടങ്ങുകൾ നടത്താൻ ഇരു വീട്ടുകാരും തീരുമാനിച്ചത്.
സംഗീത സംവിധായകനായ പലാശ് ഇൻഡോർ സ്വദേശിയാണ്. 2019 മുതൽ ഇരുവരും പ്രണയത്തിലാണ്. ഇന്ത്യയുടെ വനിതാ ലോകകപ്പ് വിജയത്തിനു പിന്നാലെയായിരുന്നു വിവാഹം തീരുമാനിച്ചത്. ഞായറാഴ്ച വൈകിട്ട് നടക്കേണ്ട വിവാഹം മാറ്റിവച്ചതിനു പിന്നാലെയാണ് പലാശിന് ആരോഗ്യപ്രശ്നങ്ങളുണ്ടായത്.
English Summary:








English (US) ·