Published: September 18, 2025 09:52 AM IST
1 minute Read
-
സ്മൃതി മന്ഥനയ്ക്ക് 12–ാം സെഞ്ചറി (117)
മുല്ലൻപുർ ∙ അതിവേഗ സെഞ്ചറിയുമായി ഓപ്പണർ സ്മൃതി മന്ഥന (91 പന്തിൽ 117) ആളിക്കത്തിയപ്പോൾ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യൻ വനിതകൾക്ക് കൂറ്റൻ ജയം. രണ്ടാം ഏകദിനത്തിൽ 102 റൺസ് വിജയത്തോടെ 3 മത്സര പരമ്പരയിൽ ഇന്ത്യ 1–1ന് ഒപ്പമെത്തി. നിർണായകമായ മൂന്നാം മത്സരം ശനിയാഴ്ച ഡൽഹിയിൽ നടക്കും. സ്കോർ: ഇന്ത്യ– 49.5 ഓവറിൽ 292. ഓസ്ട്രേലിയ–40.5 ഓവറിൽ 190.
കരിയറിലെ 12–ാം ഏകദിന സെഞ്ചറിയുമായി സ്മൃതി കളംനിറഞ്ഞതോടെ ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയൻ വനിതകളുടെ പദ്ധതികളെല്ലാം പാളം തെറ്റി.പ്രതിക റാവലിനൊപ്പം (25) ഒന്നാം വിക്കറ്റിൽ 70 റൺസ് കൂട്ടുകെട്ടുമായി തുടങ്ങിയ സ്മൃതി, ഹർലീൻ ഡിയോൾ (10), ഹർമൻപ്രീത് (17) തുടങ്ങിയവരെയെല്ലാം ഒരറ്റത്തു നിർത്തി സ്കോറുയർത്തി.
77 പന്തിൽ സെഞ്ചറി തികച്ച താരം രാജ്യാന്തര വനിതാ ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്കെതിരായ വേഗമേറിയ സെഞ്ചറിയുടെ റെക്കോർഡും സ്വന്തം പേരിലാക്കി. 3 വിക്കറ്റ് വീഴ്ത്തിയ യുവ പേസർ ക്രാന്തി ഗൗഡും 2 വിക്കറ്റ് നേടിയ സീനിയർ സ്പിന്നർ ദീപ്തി ശർമയും ചേർന്നാണ് മറുപടി ബാറ്റിങ്ങിൽ ഓസീസിനെ എറിഞ്ഞൊതുക്കിയത്. 44 റൺസ് നേടിയ അന്നബെൽ സതർലൻഡാണ് അവരുടെ ടോപ് സ്കോറർ.
English Summary:








English (US) ·