Published: April 09, 2026 08:06 PM IST Updated: April 09, 2026 11:01 PM IST
1 minute Read
മുംബൈ ∙ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയും സംഗീത സംവിധായകൻ പലാശ് മുച്ഛലും വീണ്ടും ഒന്നിക്കുന്നതായി അഭ്യൂഹം. സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വിഡിയോയ്ക്കു പിന്നാലെയാണ് അഭ്യൂഹങ്ങൾ പരന്നത്. മുംബൈയിലെ ഒരു റസ്റ്ററന്റിൽ സ്മൃതിയുടെ പിതാവ് ശ്രീനിവാസ്, പലാശിന്റെ സഹോദരിയും ഗായികയുമായ പാലക് മുച്ഛലിനെയും ഭർത്താവ് മിഥുനെയും കാണുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പാലകും മിഥുനും ശ്രീനിവാസിന്റെ പാദങ്ങളിൽ തൊട്ട് വന്ദിക്കുന്നതും വിഡിയോയിൽ കാണാം.
കൂടിക്കാഴ്ചയുടെ കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയ്ക്കു വഴിതുറന്നു. മന്ഥന-മുച്ഛൽ കുടുംബങ്ങൾ തമ്മിലുള്ള പിണക്കം മാറിയോ എന്നും സ്മൃതിയും പലാശും തമ്മിലുള്ള വിവാഹം ഉടനുണ്ടാകുമോ എന്നുമാണ് സൈബർലോകത്തെ ആകാംക്ഷ. ‘‘ഇത് എന്നെ അദ്ഭുതപ്പെടുത്തുന്നു... പക്ഷേ ഞെട്ടിക്കുന്നില്ല... നടന്നത് നടന്നു... വിട്ടുകളയൂ’’– വിഡിയോയെക്കുറിച്ച് ഒരാളുടെ കമന്റ് ഇങ്ങനെ. ഈ വിഡിയോ പഴയതാകാം എന്നും ചിലർ അവകാശപ്പെടുന്നുണ്ട്. കുടുംബങ്ങൾ തമ്മിലുള്ള ഒത്തുതീർപ്പിൽ എത്തിയോ എന്നതിനെക്കുറിച്ചോ വൈറൽ വിഡിയോയെക്കുറിച്ചോ ഇരു കുടുംബങ്ങളും ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ല
∙ സ്മൃതി– പലാശ് വിവാഹത്തിന് എന്തു സംഭവിച്ചു?ഏറെനാളത്തെ പ്രണയത്തിനൊടുവിൽ 2025 നവംബർ 23ന് സ്മൃതിയുടെ ജന്മനാടായ മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ വച്ച് പലാശും സ്മൃതിയും വിവാഹിതരാകാൻ നിശ്ചയിച്ചിരുന്നതാണ്. എന്നാൽ അപ്രതീക്ഷിത സംഭവവികാസങ്ങൾക്കൊടുവിൽ വിവാഹം ആദ്യം അനിശ്ചിതകാലത്തേക്ക് മാറ്റിവയ്ക്കുകയും പിന്നീട് റദ്ദാക്കുകയും ചെയ്യുകയായിരുന്നു. വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് വിവാഹം മാറ്റിവച്ചത്. സ്മൃതിയുടെ പിതാവിന് ദേഹാസ്വാസ്ഥ്യമുണ്ടായെന്നായിരുന്നു ആദ്യ വിശദീകരണം. പിന്നാലെ പലാശും ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയിലായതായി വാര്‍ത്ത വന്നു.
എന്നാല്‍ സ്മൃതിയെ പലാശ് ചതിച്ചെന്നും അരുതാത്ത കാഴ്ച വിവാഹാഘോഷങ്ങള്‍ നടക്കുന്നതിനിടെ സ്മൃതി കണ്ടെന്നും ഇതോടെയാണ് വിവാഹച്ചടങ്ങ് അലങ്കോലപ്പെട്ടതെന്നും വാര്‍ത്തകള്‍ പരന്നു. ഇതു പലാശിന്‍റെ കുടുംബംനിഷേധിച്ചെങ്കിലും വ്യക്തമായ കാരണം പറഞ്ഞില്ല. ബന്ധം അവസാനിപ്പിക്കുന്നതായി സ്മൃതിയും പലാശും തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനു ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ സ്മൃതിയുടെ നേതൃത്വത്തിൽ വനിതാ പ്രിമിയർ ലീഗ് കിരീടം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു സ്വന്തമാക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇപ്പോൾ വീണ്ടും വിവാഹവാർത്തകൾ ചൂടുപിടിക്കുന്നത്.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Instagram/smriti_mandhana/, Instagram/bollywoodpapking/ എന്നിവടങ്ങളിൽ നിന്ന് എടുത്തതാണ്
English Summary:








English (US) ·