സ്മൃതിയുടെ വെടിക്കെട്ട് സെഞ്ചറി, കോലിയുടെ റെക്കോർഡും വീണു; ഓസ്ട്രേലിയയുടെ റൺമലയ്ക്കു മുന്നിൽ പൊരുതിത്തോറ്റ് ഇന്ത്യ

4 months ago 4

ഓൺലൈൻ ഡെസ്ക്

Published: September 20, 2025 08:11 PM IST Updated: September 20, 2025 09:45 PM IST

1 minute Read

 X@BCCI
സെഞ്ചറി നേടിയ സ്മൃതി മന്ഥനയുടെ ആഹ്ലാദം. Photo: X@BCCI

ന്യൂഡൽഹി∙ ഏകദിന പരമ്പര പിടിക്കാനുള്ള നിർണായക പോരാട്ടത്തിൽ ഓസ്ട്രേലിയ പടുത്തുയർത്തിയ റൺമലയ്ക്കു മുന്നിൽ പൊരുതി വീണ് ഇന്ത്യ. മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റു ചെയ്ത ഓസീസ് 47.5 ഓവറിൽ അടിച്ചുകൂട്ടിയത് 412 റൺസ്. മറുപടി ബാറ്റിങ്ങിൽ 47 ഓവറിൽ 369 റണ്‍സെടുത്ത് ഇന്ത്യ പുറത്തായി. ഓസീസിന് 43 റൺസ് വിജയം. ജയത്തോടെ പരമ്പര 2–1ന് ഓസ്ട്രേലിയ സ്വന്തമാക്കി.

അതിവേഗ സെഞ്ചറി നേടി പുറത്തായ സ്മൃതി മന്ഥനയുടെ ബാറ്റിങ്ങാണ് മറുപടിയിൽ ഇന്ത്യയ്ക്കു വിജയപ്രതീക്ഷ നൽകിയത്. 63 പന്തുകൾ നേരിട്ട സ്മൃതി 125 റൺസാണ് അടിച്ചുകൂട്ടിയത്. അഞ്ച് സിക്സറുകളും 17 ഫോറുകളും താരം ബൗണ്ടറി കടത്തി. 50 പന്തുകളിൽനിന്നാണ് സ്മൃതി സെഞ്ചറിയിലെത്തിയത്. ഇന്ത്യൻ ക്രിക്കറ്റിൽ ഒരു താരത്തിന്റെ വേഗമേറിയ ഏകദിന സെഞ്ചറിയാണിത്. 2013ൽ ഓസ്ട്രേലിയയ്ക്കെതിരെ 52 പന്തിൽ സെഞ്ചറിയടിച്ച വിരാട് കോലിയുടെ റെക്കോർഡാണ് സ്മൃതി തകർത്തത്. വനിതാ ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചറി കൂടിയാണ് സ്മൃതി ന്യൂഡൽഹിയില്‍ സ്വന്തമാക്കിയത്.

smriti-2

സെഞ്ചറി നേടിയ സ്മൃതി മന്ഥനയുടെ ആഹ്ലാദം. Photo: X@BCCI

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും സ്മൃതി സെഞ്ചറി (117) റൺസ്) യിലെത്തിയിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ദീപ്തി ശര്‍മയും അർധ സെഞ്ചറി സ്വന്തമാക്കി. 35 പന്തുകൾ നേരിട്ട ഹർമൻ 52 റൺസാണ് അടിച്ചത്. 58 പന്തുകളിൽനിന്ന് ദീപ്തി 72 റൺസും നേടി. വാലറ്റത്ത് സ്നേഹ് റാണ (41 പന്തിൽ 35) പൊരുതിനോക്കിയെങ്കിലും വലിയ വിജയലക്ഷ്യം എത്തിപ്പിടിക്കാൻ സാധിച്ചില്ല. ഓസിസിനായി കിം ഗാർത്ത് മൂന്നു വിക്കറ്റുകൾ വീഴ്ത്തി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ട്വന്റി20 ശൈലിയിൽ ബാറ്റു വീശിയതോടെ ഇന്ത്യൻ ബോളർമാർ പ്രതിരോധത്തിലായിരുന്നു. 75 പന്തിൽ 138 റൺസടിച്ച ബെത് മൂണിയാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. ഓപ്പണർ ജോർജിയ വോൾ (68 പന്തില്‍ 81), എലിസ് പെറി (72 പന്തിൽ 68) എന്നിവർ ഓസീസിനായി അർധ സെഞ്ചറി കടന്നു. ഇന്ത്യൻ ബോളർമാരിൽ അരുന്ധതി റെഡ്ഡി മൂന്നും രേണുക സിങ്, ദീപ്തി ശർമ എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി. ക്രാന്തി ഗൗഡിനും സ്നേഹ് റാണയ്ക്കും ഓരോ വിക്കറ്റുകളുമുണ്ട്.

smriti-1

സ്മൃതി മന്ഥനയുടെ ബാറ്റിങ്. Photo: X@BCCI

smriti-3

ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ മത്സരത്തിനിടെ. Photo: X@BCCI

English Summary:

India vs Australia Third ODI Match Updates

Read Entire Article