20 September 2025, 10:23 PM IST

പരമ്പര ട്രോഫിയുമായി ഓസീസ് ക്യാപ്റ്റൻ അലിസ്സ ഹീലി, ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറുമായി സെഞ്ചുറി സന്തോഷം പങ്കുവെയ്ക്കുന്ന സ്മൃതി മന്ദാന | ഫോട്ടോ - പിടിഐ
ന്യൂഡല്‍ഹി: എണ്ണൂറിനടുത്ത് റണ്‍സ്. കണ്ണുകളെ ത്രസിപ്പിച്ച, എണ്ണം പറഞ്ഞ രണ്ടു സെഞ്ചുറികള്‍. നാലുപേരുടെ അര്‍ധസെഞ്ചുറികള്‍, 20 വിക്കറ്റുകളും. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ ബാറ്റിങ് പിച്ചില്‍ ഇന്ത്യന്‍ വനിതകളും ഓസ്ട്രേലിയന്‍ വനിതകളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ പിറകൊണ്ടത് ഓര്‍ത്തുവെയ്ക്കേണ്ട ഒരുപിടി റെക്കോഡുകള്‍. ആവേശപ്പോരിനൊടുക്കം ജയം ഓസ്ട്രേലിയയ്ക്കൊപ്പം നിന്നെങ്കിലും, ഇന്ത്യയുടെ അഭിമാനകരമായ ചെറുത്തുനില്‍പ്പിന് കൈയടിക്കാതെ തരമില്ല. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 47.5 ഓവറില്‍ 412 റണ്‍സിന് പുറത്തായി. ഇന്ത്യയുടെ മറുപടി 47 ഓവറില്‍ 369 റണ്‍സില്‍ അവസാനിച്ചു. ഓസീസിന് 43 റണ്‍സ് ജയം. ഇതോടെ 2-1ന് പരമ്പര ഓസ്‌ട്രേലിയക്ക് സ്വന്തം. വനിതാ ഏകദിനത്തിലെ തങ്ങളുടെ എക്കാലത്തെയും ഉയര്‍ന്ന സ്‌കോറിന് ഒപ്പമെത്താനും ഓസ്‌ട്രേലിയക്കായി.
138 റണ്‍സ് നേടി ഓസീസ് വിജയത്തില്‍ ശക്തമായി പങ്കുവഹിച്ച ബെത്ത് മൂണിയാണ് കളിയിലെ താരം. 75 പന്തുകള്‍ നേരിട്ട മൂണി, 23 ഫോറും ഒരു സിക്സും നേടി. 81 റണ്‍സുമായി ജോര്‍ജിയ വോളും 68 റണ്‍സോടെ എല്ലിസെ പെറിയും ശക്തമായ പിന്തുണ നല്‍കി. അതേ നാണയത്തില്‍ തിരിച്ചടിച്ച ഇന്ത്യക്ക് സ്മൃതി മന്ദാന, വിസ്മയിപ്പിക്കുന്ന തുടക്കമാണ് നല്‍കിയത്. 63 പന്തുകളില്‍ 125 റണ്‍സുമായി സ്മൃതി വെടിക്കെട്ട് തീര്‍ത്തെങ്കിലും ഓസീസിന്റെ വലിയ സ്‌കോറിനെ ഭേദിക്കാന്‍ ഇന്ത്യക്കായില്ല. കേവലം 50 പന്തുകളിലാണ് സ്മൃതി സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ചുറിയാണിത്. നേരത്തേ 52 പന്തില്‍ സെഞ്ചുറി നേടിയിരുന്ന വിരാട് കോലിയുടെ പേരിലായിരുന്നു ഈ റെക്കോഡ്.
അഞ്ച് സിക്സും 17 ബൗണ്ടറിയും ചേര്‍ന്നതാണ് സ്മൃതിയുടെ ഇന്നിങ്സ്. 22-ാം ഓവറില്‍ സ്മൃതി പുറത്താകുമ്പോള്‍ ടീം, നാലിന് 216 എന്ന നിലയിലായിരുന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (35 പന്തില്‍ 52), ദീപ്തി ശര്‍മ (58 പന്തില്‍ 72) എന്നിവരും തിളങ്ങിയെങ്കിലും ഇന്ത്യക്ക് വിജയലക്ഷ്യം എത്തിപ്പിടിക്കാനായില്ല. ഇന്ത്യക്കായി അരുന്ധതി റെഡ്ഢിയും ഓസ്ട്രേലിയക്കായി കിം ഗാര്‍ത്തും മൂന്നുവീതം വിക്കറ്റുകള്‍ നേടി. ദീപ്തി ശര്‍മ, രേണുക സിങ്, ഓസീസ് താരം മേഗന്‍ ഷട്ട് എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ വീഴ്ത്തി.
Content Highlights: australia beats india odi women cricket








English (US) ·