23 June 2025, 08:34 PM IST

Photo: AP
ആറുമാസം മുമ്പാണ്, ഓസ്‌ട്രേലിയക്കെതിരായ മെല്‍ബണ്‍ ടെസ്റ്റിനിടെ അലക്ഷ്യമായ ഷോട്ടില്‍ സ്വന്തം വിക്കറ്റ് കളഞ്ഞുകുളിച്ച ഇന്ത്യന്‍ താരം ഋഷഭ് പന്തിനെ ഇന്ത്യയുടെ ഇതിഹാസ ബാറ്റര്‍ സുനില്‍ ഗാവസ്‌കര്‍ എടുത്ത് കുടഞ്ഞത്. വിക്കറ്റ് നഷ്ടപ്പെടുത്തിയതിനു പിന്നാലെ പന്തിനെ 'സ്റ്റുപ്പിഡ്, സ്റ്റുപ്പിഡ്, സ്റ്റുപ്പിഡ്' എന്ന് മൂന്നു തവണ വിളിച്ചാണ് അന്ന് കമന്ററി ബോക്‌സിലുണ്ടായിരുന്ന ഗാവസ്‌ക്കര്‍ അരിശം തീര്‍ത്തത്. ഇത്തരത്തില്‍ മോശം ഷോട്ടില്‍ വിക്കറ്റ് കളയുന്നത് നിങ്ങളുടെ നാച്ചുറല്‍ ഗെയിമാണെന്ന് പറയരുതെന്നും ഗാവസ്‌കര്‍ അന്ന് തുറന്നടിച്ചിരുന്നു. എന്നാല്‍, ഇന്നിതാ അതേ ഗാവസ്‌കറെ ഹെഡിങ്‌ലിയിലെ ലീഡ്‌സില്‍ സാക്ഷിയാക്കി ഇംഗ്ലണ്ടിനെതിരായ രണ്ടാം ഇന്നിങ്‌സിലും സെഞ്ചുറിയടിച്ചിരിക്കുകയാണ് പന്ത്.
ഒന്നാം ഇന്നിങ്‌സില്‍ 178 പന്തില്‍നിന്ന് ആറു സിക്‌സും 12 ഫോറുമടക്കം 134 റണ്‍സെടുത്ത പന്ത് നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം 209 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടിലും പങ്കാളിയായി.
രണ്ടാം ഇന്നിങ്‌സില്‍ പക്ഷേ, കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. നാലാംദിനം തുടക്കത്തില്‍തന്നെ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായതിനു പിന്നാലെയാണ് പന്ത് ക്രീസിലെത്തുന്നത്. ഇന്ത്യ മൂന്നിന് 92 റണ്‍സെന്ന നിലയില്‍. തുടക്കത്തില്‍ പതിവ് അടികളുമായി കളിക്കാന്‍ തുടങ്ങിയ പന്തിനെ രാഹുല്‍ പറഞ്ഞൊതുക്കി. അതോടെ നല്ലകുട്ടിയായി രാഹുലിനൊപ്പം ഇന്നിങ്‌സ് പതിയെ ബില്‍ഡ് ചെയ്ത പന്ത്, 90-കളില്‍ പതിവ് 'അടി' ശൈലിവിട്ട് പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഒന്നാം ഇന്നിങ്‌സില്‍ ഷോയബ് ബഷീറിനെ സിക്‌സറിന് തൂക്കിയാണ് സെഞ്ചുറിയിലെത്തിയതെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ ബഷീറിന്റെ പന്തില്‍ സിംഗിളെടുത്താണ് സെഞ്ചുറി തികച്ചത്.
മെല്‍ബണില്‍ പന്തിനെ സ്റ്റുപ്പിഡെന്നു വിളിച്ച ഗാവസ്‌കറെ സാക്ഷിയാക്കി ലീഡ്‌സില്‍ പന്ത് രണ്ടാം സെഞ്ചുറി കുറിച്ചു. ഗാലറിയിലിരുന്ന് പതിവ് സമ്മര്‍സാള്‍ട്ട് ചെയ്യാന്‍ പന്തിനോട് ആവശ്യപ്പെടുന്ന ഗാവസ്‌കറെയും ക്യാമറകള്‍ ഒപ്പിയെടുത്തു. ടെസ്റ്റ് കരിയറില്‍ പന്തിന്റെ എട്ടാം സെഞ്ചുറിയായിരുന്നു ഇത്. 140 പന്തുകള്‍ നേരിട്ട് മൂന്ന് സിക്‌സും 15 ഫോറുമടക്കം 118 റണ്‍സെടുത്ത പന്തിനെ ഒടുവില്‍ ഷോയബ് ബഷീര്‍ തന്നെ പുറത്താക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ ഇത്തവണ രാഹുലിനൊപ്പം 195 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പന്ത് ക്രീസ് വിട്ടത്.
Content Highlights: Rishabh Pant scores different period successful Leeds, silencing Sunil Gavaskar`s earlier criticism








English (US) ·