Published: September 24, 2025 12:02 PM IST
1 minute Read
കൊച്ചി ∙ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ നിലവാരം തൃപ്തികരമാണെങ്കിലും മെച്ചപ്പെടുത്തണമെന്ന് അർജന്റീന ദേശീയ ഫുട്ബോൾ ടീമിന്റെ അഡ്മിനിസ്ട്രേഷൻ വിഭാഗം പ്രതിനിധി ഹെക്ടർ ഡാനിയേൽ കബ്രേര. ടർഫിനു പുറമേ, ഫ്ലഡ്‌ലൈറ്റ്, സീറ്റുകൾ എന്നിവ മെച്ചപ്പെടുത്തണമെന്നാണ് അദ്ദേഹം നിർദേശിച്ചത്. ‘‘ ഒരുക്കങ്ങൾ തൃപ്തികരമാണ്. വളരെ സന്തോഷം. നവംബറിൽ അർജന്റീനയുടെ മത്സരത്തിനായി കാത്തിരിക്കുന്നു’’– സ്റ്റേഡിയം സന്ദർശനത്തിനു ശേഷം അദ്ദേഹം പറഞ്ഞു. ടീമിന്റെ യാത്ര, താമസം, സുരക്ഷ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏകോപിപ്പിക്കുകയാണു കബ്രേരയുടെ ദൗത്യം. അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിനു മുന്നോടിയായി സ്റ്റേഡിയവും അനുബന്ധ സൗകര്യങ്ങളും വിലയിരുത്തുന്നതിന് എത്തിയതായിരുന്നു അദ്ദേഹം.
പിച്ച് പരിശോധിച്ച കബ്രേര തൃപ്തി പ്രകടിപ്പിച്ചതായി ഒപ്പമുണ്ടായിരുന്ന മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. ‘‘ അദ്ദേഹം ഫീൽഡ് പരിശോധിച്ചു. മെച്ചപ്പെടുത്തൽ ജോലികൾ രണ്ടു ദിവസത്തിനകം ആരംഭിക്കും. സീറ്റുകൾ മാറ്റും. ലൈറ്റുകളും മെച്ചപ്പെടുത്തും. മറ്റു പ്രശ്നങ്ങളില്ല. അർജന്റീനയുടെ കളി ഏതു ദിവസമാണെന്നും എതിരാളി ആരാണെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ മുഖ്യമന്ത്രി പ്രഖ്യാപിക്കും. ടിക്കറ്റെടുത്തു കളി കാണുന്നതിനപ്പുറം, സാധാരണ ആരാധകർക്കു ലയണൽ മെസ്സിയെ കാണാൻ സർക്കാർ സൗകര്യമൊരുക്കും. അതിനായി ഫാൻ മീറ്റ് സംഘടിപ്പിക്കും– മന്ത്രി പറഞ്ഞു.
പരമാവധി കാണികളെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന രീതിയിൽ ഫിഫ മാനദണ്ഡങ്ങൾ പ്രകാരം സ്റ്റേഡിയം പൂർണ സജ്ജമാക്കുമെന്നു സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് എംഡി ആന്റോ അഗസ്റ്റിൻ, ചെയർമാൻ റോജി അഗസ്റ്റിൻ, വൈസ് ചെയർമാൻ ജോസ്കുട്ടി അഗസ്റ്റിൻ എന്നിവർ പറഞ്ഞു.
അതേസമയം, കൊച്ചിയിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ ഓസ്ട്രേലിയ ആണെന്നാണു സ്ഥിരീകരിക്കാത്ത വിവരം. നവംബർ 12നും 18നും ഇടയിലാകും മത്സരം.
English Summary:








English (US) ·