.jpg?%24p=a38706e&f=16x10&w=852&q=0.8)
വിരാട് കോലി ഐപിഎൽ ട്രോഫിയുമായി | AP
ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർ.സി.ബിയുടെ ആഘോഷപ്രകടനങ്ങള്‍ നടക്കുന്ന സമയത്ത് പുറത്ത് ദാരുണമായ സംഭവങ്ങൾ നടന്ന കാര്യം വിരാട് കോലി അറിഞ്ഞിരുന്നുവെന്ന് വിശ്വസിക്കുന്നില്ലെന്ന് മുൻ ക്രിക്കറ്റ് താരം അതുല്‍ വാസ്സന്‍. ആര്‍സിബി മാനേജ്‌മെന്റും രാഷ്ട്രീയനേതാക്കളും സംഭവത്തെ കുറിച്ച് അറിഞ്ഞുകാണുമെന്നും അദ്ദേഹം പ്രതികരിച്ചു. വാർത്ത ഏജൻസിയായ എഎൻഐയോടാണ് വാസന്റെ പ്രതികരണം.
പുറത്ത് ആളുകൾ മരിച്ചതറിഞ്ഞിട്ടും കോലി ആഘോഷം തുടരുമെന്ന് വിശ്വസിക്കുന്നില്ല. ഫ്രാഞ്ചൈസികൾക്ക് പ്രശ്നമില്ല, കാരണം അവർക്ക് ബാലൻസ് ഷീറ്റുകൾ കാണിക്കണം, വരുമാനം കാണിക്കണം. ഒരുപക്ഷേ അവർ അറിഞ്ഞിരിക്കാം. വിരാട് അറിഞ്ഞിരുന്നെങ്കിൽ അദ്ദേഹം ഉടൻ പുറത്തുപോകുമായിരുന്നു. വിരാട് കോലി അറിഞ്ഞിട്ടും ഇത് നടന്നതായി ഞാൻ വിശ്വസിക്കുന്നില്ല. - അതുൽ വാസൻ പറഞ്ഞു.
അപകടത്തിന്റെ പശ്ചാത്തലത്തിലും സ്റ്റേഡിയത്തിലെ ആഘോഷങ്ങള്‍ നിര്‍ത്തിവെക്കാന്‍ അധികൃതര്‍ തയ്യാറാവാത്തത് വലിയ വിമർശനം വിളിച്ചുവരുത്തിയിരുന്നു. താരങ്ങള്‍ സ്റ്റേഡിയത്തിന് നടുവില്‍ ഒത്തുകൂടുകയും ട്രോഫി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ടീമൊന്നടങ്കം സ്റ്റേഡിയത്തെ വലംവെച്ചു. കാണികള്‍ വന്‍ ആരവങ്ങളോടെയാണ് വിരാട് കോലിയെയും സംഘത്തെയും വരവേറ്റത്. എന്നാൽ, ടീം വിക്ടറി പരേഡ് ഒഴിവാക്കി.
ബുധനാഴ്ച ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വിരാട് കോലി ഉൾപ്പെടെയുള്ള താരങ്ങളെ കാത്തുനിന്ന ആരാധകർക്കിടയിലുണ്ടായ തിക്കിലും തിരക്കിലും 11 പേരാണ് മരിച്ചു. 33 പേർക്ക് പരിക്കേറ്റു. കന്നിക്കിരീടം സ്വന്തമാക്കിയ ആർസിബി താരങ്ങളെ കാണാൻ ആയിരക്കണക്കിന് ആരാധകരാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ പരിസരത്ത് തടിച്ചുകൂടിയത്.
ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ വിധാൻ സൗധയിലേക്കാണ് വിരാട് കോലിയും സഹതാരങ്ങളും ആദ്യമെത്തിയത്. സംസ്ഥാന സർക്കാരിന്റെ സ്വീകരണമായിരുന്നു അവിടെ. വിധാൻസൗധയിൽനിന്ന് താരങ്ങൾ സമീപത്തുള്ള ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് പോകാനിരിക്കെയാണ് സ്റ്റേഡിയത്തിന്റെ കവാടത്തിനുമുന്നിൽ തിക്കുംതിരക്കുമുണ്ടായത്. പലരും കുഴഞ്ഞുവീണു. ഇവർക്കുമുകളിലേക്ക് കൂടുതൽ ആളുകൾ വീണതോടെ സ്ഥിതി ഗുരുതരമായി. പരിക്കേറ്റവരെ സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും ചേർന്നാണ് ആശുപത്രികളിലേക്ക് മാറ്റിയത്.
Content Highlights: Former Indian cricketer Atul Wassan connected Bengaluru stampede kohli rcb celebration








English (US) ·