Published: September 22, 2026 08:36 PM IST Updated: September 22, 2026 10:54 PM IST
2 minute Read
സാനോ ∙ സുസുകി കപ്പിൽ നേടിയ രണ്ടു റൺസ് വിജയത്തിനു പിന്നാലെ ജപ്പാൻ ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ. 2027ലെ ഇന്ത്യ- ജപ്പാൻ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന സൗഹൃദപോരാട്ടത്തിൽ രണ്ടു റൺസിനാണ് ജപ്പാനെതിരെ ഇന്ത്യ വിജയിച്ചത്. മഴയെ തുടർന്ന് അഞ്ച് ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 32 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ ജപ്പാന് 5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 30 റൺസെടുക്കാനെ സാധിച്ചുള്ളൂ.
What you should work next
മത്സരശേഷം സംസാരിച്ച ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ, ഇരുടീമുകളെയും അഭിനന്ദിക്കുകയും 75 വർഷത്തെ നയതന്ത്ര ബന്ധത്തിന്റെ പശ്ചാത്തലത്തിൽ ഈ മത്സരത്തിനുള്ള പ്രാധാന്യം ഓർമിപ്പിക്കുകയും ചെയ്തു. ജപ്പാന്റെ പ്രകടനത്തെ താരം പ്രത്യേകം പ്രശംസിച്ചു. ഉത്തരവാദിത്തങ്ങൾക്കൊപ്പം വരുന്ന സമ്മർദങ്ങളെ താൻ സ്വാഗതം ചെയ്യുന്നെന്നും, സമ്മർദ്ദ ഘട്ടങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ തനിക്കിഷ്ടമാണെന്നും അയ്യർ കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് വേദികളിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം കൃത്യമായ പദ്ധതികളോടെ ഇന്ത്യ മുന്നോട്ട് പോകുമെന്നും ശ്രേയസ്സ് വ്യക്തമാക്കി.
‘‘ആദ്യമായി, ഇന്ത്യയും ജപ്പാനും തമ്മിലുള്ള 75 വർഷത്തെ നയതന്ത്ര ബന്ധത്തിന് അഭിനന്ദനങ്ങൾ. ഞങ്ങൾക്ക് ഇതു വളരെ നീണ്ടൊരു യാത്രയായിരുന്നു, സ്റ്റേഡിയത്തിൽ എത്തിച്ചേരാൻ മാത്രം മൂന്നു മണിക്കൂറെടുത്തു. ഈ മത്സരം നടന്നു കാണാൻ ആരാധകർ അത്രയധികം ആഗ്രഹിച്ചിരുന്നു. അഞ്ച് ഓവർ മാത്രമായിരുന്നിട്ടും ഒരു മത്സരം കളിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. മൊത്തത്തിൽ ഇതൊരു ആവേശകരമായ മത്സരമായിരുന്നു, ജപ്പാനും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഉത്തരവാദിത്തത്തോടൊപ്പം സമ്മർദവും വരും, സമ്മർദങ്ങളിൽ ഞാൻ കൂടുതൽ തിളങ്ങാറുണ്ട്... ഇത്തരം സാഹചര്യങ്ങൾ നേരിടാൻ എനിക്കിഷ്ടമാണ്. നമ്മൾ പടിപടിയായി മുന്നോട്ട് പോകേണ്ടത് പ്രധാനമാണ്, ഏഷ്യൻ ഗെയിംസ് വേദിയിലേക്ക് പോയി അവിടുത്തെ സാഹചര്യങ്ങൾ വിലയിരുത്തണം.’’– മത്സരശേഷമുള്ള ചടങ്ങിൽ അയ്യർ പറഞ്ഞു.
പിച്ചിൽ നല്ല ടേണും വേരിയേഷനും ഉണ്ടായിരുന്നതിനാൽ ബാറ്റിങ് ദുഷ്കരമായിരുന്നെന്നും അതുകൊണ്ട് തന്നെ പന്തിന്റെ മെറിറ്റ് അനുസരിച്ച് കളിച്ച് സിംഗിളുകളും ഡബിളുകളും നേടുന്നതിലായിരുന്നു ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും ശ്രേയസ്സ് അയ്യർ പറഞ്ഞു. ജപ്പാൻ ടീമിന്റെ മനോഭാവത്തെ പ്രശംസിച്ച അദ്ദേഹം, കഠിനമായ ഈ പിച്ചിലെ മത്സരം ഇന്ത്യക്ക് നല്ലൊരു പരിശീലനമായി മാറിയെന്നും കൂട്ടിച്ചേർത്തു.
‘‘പന്ത് നന്നായി തിരിയുന്നുണ്ടായിരുന്നു, ബാറ്റിങ്ങിന് വളരെ ബുദ്ധിമുട്ടേറിയ വിക്കറ്റായിരുന്നു അത്. ഓപ്പണർമാർക്ക് പോലും സ്പിന്നിന്റെ വേഗത കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് സിംഗിളുകളും ഡബിളുകളും എടുക്കുക എന്നതായിരുന്നു എളുപ്പവഴി എന്ന് ഞാൻ തീരുമാനിച്ചു, ഒപ്പം ബാറ്റ് ചെയ്യുന്ന താരവുമായി നിരന്തരം സംസാരിച്ചു.
പന്തിന്റെ മെറിറ്റ് നോക്കി കളിക്കാൻ ഞാൻ തീരുമാനിച്ചു. പന്ത് തിരിയുകയും അൽപം കുത്തിപ്പൊങ്ങുകയും ചെയ്യുമ്പോൾ സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും റൺസ് കണ്ടെത്താനാണ് നോക്കിയത്. അഞ്ച് ഓവർ മത്സരങ്ങൾ ഏതു വഴിക്ക് വേണമെങ്കിലും തിരിയാമെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. ഇന്ന് ജപ്പാൻ ടീം കാണിച്ച മനോഭാവം തികച്ചും മാതൃകാപരമാണ്. അവർ ശരിയായ പാതയിലാണ് മുന്നേറുന്നത് എന്ന് എനിക്കുറപ്പുണ്ട്. ഞങ്ങളെ സംബന്ധിച്ച്, ഈ വിക്കറ്റിൽ കളിക്കാൻ കഴിഞ്ഞത് മികച്ചൊരു പരിശീലനമായിരുന്നു.’’– ശ്രേയസ്സ് കൂട്ടിച്ചേർത്തു. മത്സരത്തിൽ 16 റൺസെടുത്ത ശ്രേയസ്സായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. പ്ലെയർ ഓഫ് ദ് മാച്ചും ശ്രേയസ്സ് തന്നെ.
English Summary:






English (US) ·