'സ്റ്റോക്സ് ബാറ്റുചെയ്തു,പന്തെറിഞ്ഞു,റണ്ണൗട്ടാക്കി; ബുംറയോ,അഞ്ചോവർ എറിഞ്ഞ് റൂട്ടിനായി കാത്തുനിന്നു'

6 months ago 7

ലോര്‍ഡ്‌സ്: എഡ്ജ്ബാസ്റ്റണില്‍ ജോലി ഭാരം കാരണം മാറ്റി നിര്‍ത്തിയെങ്കിലും പേസര്‍ ജസ്പ്രീത് ബുംറയെ ലോര്‍ഡ്‌സ് ടെസ്റ്റിലും കൃത്യമായി ഉപയോഗപ്പെടുത്താന്‍ ഇന്ത്യക്ക് സാധിച്ചില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍. ഇംഗ്ലണ്ട് താരങ്ങള്‍ ജോലിഭാരമൊന്നും കണക്കിലെടുക്കാതെ തുടര്‍ച്ചയായി പന്തെറിയുമ്പോള്‍ ഇന്ത്യ ബുംറയെ മാറ്റിനിര്‍ത്തുകയാണെന്ന് പഠാന്‍ പറഞ്ഞു. ബെന്‍ സ്‌റ്റോക്‌സ് ബാറ്റ് ചെയ്തും പന്തെറിഞ്ഞും ഫീല്‍ഡ് ചെയ്തും ഇംഗ്ലണ്ടിനെ ജയിപ്പിക്കാന്‍ നോക്കുമ്പോഴാണ് ഇന്ത്യന്‍ ടീമില്‍ ഈ അവസ്ഥയെന്നും അദ്ദേഹം വിമര്‍ശിച്ചു.

'അഞ്ചാം ദിവസം രാവിലെ ബെൻ സ്റ്റോക്സ് തുടർച്ചയായി 9.2 ഓവർ എറിഞ്ഞു. എന്തൊരു കളിക്കാരനാണ് അദ്ദേഹം. പന്തെറിയുന്നു, ബാറ്റ് ചെയ്യുന്നു, ഋഷഭ് പന്തിനെ റണ്ണൗട്ടാക്കുകയും ചെയ്തു. എന്നിട്ടും ജോലിഭാരം നിയന്ത്രിക്കുന്നതിനെക്കുറിച്ച് ഒരു സംസാരവുമില്ല. എന്നാൽ ഇന്ത്യയുടെ കാര്യത്തിൽ അങ്ങനെയല്ല.' - ഇർഫാൻ പഠാൻ പറഞ്ഞു

'എന്നാൽ ജസ്പ്രീത് ബുംറയോ, അഞ്ച് ഓവർ എറിഞ്ഞ ശേഷം ജോ റൂട്ട് ബാറ്റ് ചെയ്യാൻ വരുന്നതുവരെ കാത്തിരുന്നു. കളിയുടെ നിയന്ത്രണം ഏറ്റെടുക്കേണ്ട ഘട്ടത്തിലാണിത്. അത് നിരാശപ്പെടുത്തുന്നതായിരുന്നു.'

'എഡ്ജ്ബാസ്റ്റണിൽ കളിക്കാതിരുന്നതിനാൽ അദ്ദേഹത്തിന്റെ ജോലിഭാരം നിയന്ത്രിക്കപ്പെട്ടിരുന്നു. നിങ്ങൾ ഒരു മത്സരം കളിക്കുമ്പോൾ ജോലിഭാരം എന്നൊന്നില്ല. എന്തു വില കൊടുത്തും ജയിച്ചേ മതിയാവൂ. ഇന്ത്യക്ക് അത് മികച്ച രീതിയിൽ കൈകാര്യം ചെയ്യാമായിരുന്നു. '- പഠാൻ കൂട്ടിച്ചേർത്തു.

നാല് വർഷങ്ങൾക്ക് ശേഷമാണ് ആർച്ചർ ഒരു ടെസ്റ്റ് മത്സരം കളിക്കുന്നത്. എങ്കിലും രാവിലെ ആറ് ഓവർ എറിഞ്ഞ ശേഷം അദ്ദേഹം വീണ്ടും പന്തെറിയാൻ തിരിച്ചെത്തി. ബെൻ സ്റ്റോക്സ് ജോലിഭാരത്തെക്കുറിച്ച് ഒട്ടും ചിന്തിച്ചില്ല. അദ്ദേഹം തുടർ‌ച്ചയായി പന്തെറിഞ്ഞുകൊണ്ടിരുന്നു. - പഠാൻ പറഞ്ഞു.

ലോര്‍ഡ്‌സില്‍ 22 റണ്‍സിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. 193 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ 170 റണ്‍സിന് പുറത്തായി. അര്‍ധസെഞ്ചുറിയുമായി ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ(61) പുറത്താവാതെ നിന്നു. ജയത്തോടെ പരമ്പരയില്‍ ഇംഗ്ലണ്ട് മുന്നിലുമെത്തി(2-1).

Content Highlights: bumrah enactment load ben stokes india vs england irfan pathan criticism

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article