Published: December 25, 2025 09:37 AM IST
1 minute Read
ജയ്പൂർ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇന്ത്യൻ ക്രിക്കറ്റ് താരം യാഷ് ദയാലിനു മുൻകൂര്‍ ജാമ്യമില്ല. ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ താരമായ ദയാലിന്റെ ജാമ്യാപേക്ഷ ജയ്പൂർ മെട്രോപോളിറ്റൻ പോക്സോ കോടതിയാണു തള്ളിയത്. ഇതുവരെയുള്ള അന്വേഷണത്തിൽനിന്ന് യാഷ് ദയാൽ സംഭവത്തിൽ ഉൾപ്പെട്ടതായി വ്യക്തമായതുകൊണ്ടാണു നടപടിയെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കി.
പൊതുസ്ഥലങ്ങളിൽവച്ചു മാത്രമാണു പെൺകുട്ടിയെ കണ്ടതെന്നും സ്വകാര്യമായ കൂടിക്കാഴ്ചകൾ ഇല്ലായിരുന്നുവെന്നുമാണ് ദയാൽ കോടതിയിൽ വാദിച്ചത്. പ്രായപൂർത്തിയായതായി നടിച്ചാണ് പെൺകുട്ടി ദയാലിനെ സമീപിച്ചതെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി പണം തട്ടിയെടുത്തതായും ദയാലിന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും അറസ്റ്റിൽനിന്നു സംരക്ഷണം നൽകാൻ കോടതി തയാറായില്ല.
പെൺകുട്ടിയുടെ പരാതിയിൽ ജയ്പൂരിലെ സങ്കനേർ സദർ പൊലീസാണ് യാഷ് ദയാലിനെതിരെ കേസെടുത്തത്. ക്രിക്കറ്റ് കരിയറിൽ ഉയരങ്ങളിലെത്താൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത്, ജയ്പുരിലെയും കാൻപുരിലെയും ഹോട്ടലുകളിലെത്തിച്ച് രണ്ടര വർഷത്തോളം യാഷ് ദയാൽ പീഡിപ്പിച്ചെന്നാണു പെൺകുട്ടിയുടെ പരാതി. ദയാലുമായുള്ള ചാറ്റുകളും വിഡിയോകളും ഹോട്ടലിൽ താമസിച്ചതിന്റെ രേഖകളും സഹിതമാണ് പെൺകുട്ടി പൊലീസിനെ സമീപിച്ചത്.
ആഭ്യന്തര ക്രിക്കറ്റിൽ ഉത്തർപ്രദേശിന്റെ താരമാണെങ്കിലും വിജയ് ഹസാരെ ട്രോഫിയിൽ യാഷ് ദയാൽ കളിക്കുന്നില്ല. ഐപിഎലിൽ 2026 സീസണിൽ യാഷ് ദയാൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിൽ കളിക്കും. അഞ്ചു കോടി രൂപയ്ക്ക് ആർസിബി താരത്തെ നിലനിർത്തുകയായിരുന്നു. 2024, 2025 സീസണുകളിലും താരത്തിന് അഞ്ച് കോടി രൂപ ഐപിഎൽ പ്രതിഫലമായി ലഭിച്ചിരുന്നു.
English Summary:








English (US) ·