Published: June 24 , 2025 10:38 AM IST
1 minute Read
ചെണ്ടയ്ക്ക് രണ്ടുണ്ട് സ്വഭാവം. ശിങ്കാരിമേളക്കാർക്കൊപ്പം ചേരുമ്പോൾ ചെണ്ട ആവേശത്താളമാണ്. തായമ്പകയിലേക്കു വരുമ്പോൾ ആസ്വാദനത്തിന്റെ മേളവും. ഈ ആവേശവും ആസ്വാദനവും ഒരുമിച്ചു കൊട്ടിക്കയറിയ കൂട്ടുകെട്ടായിരുന്നു രണ്ടാം ഇന്നിങ്സിൽ കെ.എൽ.രാഹുൽ– ഋഷഭ് പന്ത് സഖ്യത്തിന്റേത്. ഒരുവശത്ത് പന്ത് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഇംഗ്ലിഷ് ബോളർമാരെ അടിച്ചൊതുക്കി മുന്നേറിയപ്പോൾ മറുവശത്ത് ക്ലാസിക്കൽ ഷോട്ടുകളുടെ പ്രദർശനമായിരുന്നു രാഹുലിന്റെ ഇന്നിങ്സ്. 3ന് 92 എന്ന നിലയിൽ, ഏതുവശത്തേക്കു വേണമെങ്കിലും ഒഴുകാവുന്ന മത്സരഗതിയെ ഇന്ത്യൻ തീരത്തേക്കു തിരിച്ചുവിട്ടത് നാലാം വിക്കറ്റിൽ 283 പന്തിൽ 195 റൺസ് കൂട്ടിച്ചേർത്ത പന്ത്– രാഹുൽ കൂട്ടുകെട്ടാണ്.
ക്ഷമയുടെ ‘കെഎൽ’ മോഡൽഫോർമാറ്റിന് അനുസരിച്ച് തന്റെ കളിശൈലിയെ പരുവപ്പെടുത്തുന്നതിൽ വിദഗ്ധനായ രാഹുൽ, ഒരു പെർഫക്ട് ടെസ്റ്റ് ഓപ്പണറുടെ ശൈലിയിലാണ് ഇന്നിങ്സിന്റെ തുടക്കം മുതൽ ബാറ്റ് ചെയ്തത്. ആദ്യ ഇന്നിങ്സിൽ, ഓഫ് സ്റ്റംപിനു പുറത്തുപോയ പന്തിൽ ഏന്തിവലിഞ്ഞ് കവർഡ്രൈവിനു ശ്രമിച്ചായിരുന്നു രാഹുൽ പുറത്തായത്. ഈ പുറത്താകൽ നൽകിയ പാഠം ഉൾക്കൊണ്ടതിനാലാകാം രണ്ടാം ഇന്നിങ്സിൽ രാഹുൽ ഒരുതവണപോലും ‘നാലാം സ്റ്റംപിന്’ പുറത്തേക്കു നോക്കിയതു പോലുമില്ല. ഗ്രൗണ്ട് ഷോട്ടുകളിൽ ശ്രദ്ധിച്ചു മുന്നോട്ടുപോകുകയായിരുന്നു രാഹുലിന്റെ മറ്റൊരു തന്ത്രം.
കട്ട് ഷോട്ടുകൾ കളിക്കുമ്പോഴും പുൾ ഷോട്ടുകൾക്കു ശ്രമിക്കുമ്പോഴും ബോൾ ഉയർന്നുപോകാതിരിക്കാൻ രാഹുൽ പരമാവധി ശ്രദ്ധിച്ചു. സ്പിന്നർ ശുഐബ് ബഷീർ പന്തെറിയാൻ എത്തിയപ്പോഴും ഈ കരുതൽ തുടർന്നു. ശുഐബിനെ സ്റ്റെപ് ഔട്ട് ചെയ്ത് ആക്രമിക്കാനോ ലോഫ്റ്റഡ് ഷോട്ട് കളിക്കാനോ ഒരു തവണപോലും രാഹുൽ മുതിർന്നില്ല. ഈ ക്ഷമയും ആത്മനിയന്ത്രണവുമാണ് തന്റെ 9–ാം ടെസ്റ്റ് സെഞ്ചറിയിലേക്ക് രാഹുലിനെ എത്തിച്ചത്.
പതിവുപോലെ പന്ത്‘ഋഷഭ് പന്തിന്റെ ബാറ്റിങ് കാണുമ്പോൾ സ്വന്തം ടീമിനും എതിർ ടീമിനും ഹാർട്ട് അറ്റാക്ക് വരും’ എന്ന് മുൻ ഇന്ത്യൻ താരം ആർ.അശ്വിൻ പറഞ്ഞത് വെറുതെയല്ല. ഒരു വശത്ത് സ്വന്തം ടീമിന്റെ റൺനിരക്ക് ഉയർത്തുമ്പോൾ മറുവശത്ത് എതിർ ടീമിന് വിക്കറ്റ് നേടാനുള്ള അവസരം അടിക്കടി നൽകുന്ന പതിവ് ‘പന്ത് ഷോ’ ആയിരുന്നു രണ്ടാം ഇന്നിങ്സിലും കണ്ടത്. 1ന് 82 എന്ന നിലയിൽ നിന്ന് 3ന് 92 എന്ന സ്കോറിലേക്കു വീണ്, ടീമിന്റെ സ്ഥിതി പരുങ്ങലിലായ സമയത്തായിരുന്നു പന്ത് ക്രീസിൽ എത്തുന്നത്. വിക്കറ്റ് നഷ്ടപ്പെടാതെ ആദ്യ സെഷൻ അവസാനിപ്പിക്കാനായിരിക്കും ഈ സാഹചര്യത്തിൽ ഏതൊരു ബാറ്ററും ശ്രമിക്കുക. എന്നാൽ പന്തിന്റെ ‘കളി’ വേറെയായിരുന്നു.
പേസർ എന്നോ സ്പിന്നർ എന്നോ വ്യത്യാസമില്ലാതെ ഇംഗ്ലിഷ് ബോളർമാരെ കടന്നാക്രമിച്ച പന്ത്, ആതിഥേയരുടെ ഗെയിം പ്ലാനുകൾ അപ്പാടെ തെറ്റിച്ചു. വീണുകിടന്നുള്ള സ്ലോഗ് സ്വീപ്പുകളും ഒറ്റക്കൈ സിക്സറുകളുമായി പന്ത് നിറഞ്ഞാടിയതോടെ ഇന്ത്യയുടെ റൺനിരക്ക് ഉയർന്നു. 140 പന്തിൽ 3 സിക്സും 15 ഫോറുമടക്കം 118 റൺസുമായി പന്ത് പുറത്താകുമ്പോൾ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ഏറക്കുറെ ആധിപത്യം ഉറപ്പിച്ചിരുന്നു.
English Summary:









English (US) ·