ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ആഴ്‌സണലിനെ അവരുടെ തട്ടകത്തിൽ കീഴടക്കി ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി. ആദ്യപാദസെമിയില്‍ ഏകപക്ഷീയമായ ഒരുഗോളിനാണ് പിഎസ്ജിയുടെ ജയം. ഒസ്മാനെ ഡെംബലെയാണ് പിഎസ്ജിക്കായി ലക്ഷ്യം കണ്ടത്.
മത്സരം ആരംഭിച്ച് നാലാം മിനിറ്റില്‍ തന്നെ പിഎസ്ജി ആഴ്‌സണലിനെ ഞെട്ടിച്ചു. ഇടതുവിങ്ങില്‍ നിന്ന് മുന്നേറിയ വിങ്ങര്‍ ക്വച്ച ക്വാറട്‌സ്‌കേലിയ പന്ത് ഡെംബലെയ്ക്ക് നീട്ടി. ഉഗ്രന്‍ ഇടംകാലന്‍ ഷോട്ടിലൂടെ താരം വലകുലുക്കി. മുന്നിലെത്തിയ പിഎസ്ജി നിരന്തരം ആക്രമണങ്ങള്‍ തുടര്‍ന്നു. ആദ്യ പകുതി ഗോള്‍രഹിതമായാണ് അവസാനിച്ചത്.
രണ്ടാം പകുതിയില്‍ തിരിച്ചടിക്കാനായി ഗണ്ണേഴ്‌സും മുന്നേറ്റങ്ങള്‍ ശക്തമാക്കി. എന്നാല്‍ പിഎസ്ജി പ്രതിരോധത്തെ മറികടക്കാനായില്ല. ജയത്തോടെ ഫ്രഞ്ച് വമ്പന്മാര്‍ ഫൈനല്‍ പ്രതീക്ഷ സജീവമാക്കി. മേയ് എട്ടിനാണ് രണ്ടാം പാദസെമി.
അതേസമയം മറ്റൊരുസെമിയില്‍ ബുധനാഴ്ച ബാഴ്‌സലോണയും ഇന്റര്‍മിലാനും ഏറ്റുമുട്ടും. സ്പാനിഷ് കോപ്പ ഡെൽറേയിൽ ചിരവൈരികളായ റയൽ മഡ്രിഡിനെ കീഴടക്കി കപ്പുയർത്തിയതിന്റെ ആവേശത്തിലാണ് ബാഴ്‌സലോണ സ്വന്തം തട്ടകത്തിൽ കളിക്കാനിറങ്ങുന്നത്.
സൂപ്പർ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കി കളിക്കാനില്ലാത്തത് ബാഴ്‌സയ്ക്ക് പ്രതിസന്ധിയുണ്ടാക്കും. പേശികൾക്കേറ്റ പരിക്കാണ് താരത്തെ പുറത്തിരുത്തുന്നത്. പരിക്കിൽനിന്ന് മുക്തനായ ഇടതുവിങ്ബാക്ക് അലെസാൻഡ്രോ ബാൾഡെ ബാഴ്‌സാനിരയിൽ കളിക്കാൻ സാധ്യതയുണ്ട്. മുന്നേറ്റത്തിൽ ഫെറാൻ ടോറസ്, ലാമിൻ യമാൽ, ഡാനി ഒൽമോ, റഫീന്യ എന്നിവർ ഇറങ്ങും. ആദ്യപാദത്തിൽ മികച്ചജയത്തോടെ ഫൈനൽവഴി എളുപ്പമാക്കാനാകും പരിശീലകൻ ഹാൻസി ഫ്‌ളിക്കിന്റെ ശ്രമം.
സിമോണെ ഇൻസാഗിയുടെ ഇന്റർമിലാൻ സീരി എയിൽ തുടർച്ചയായ രണ്ടുകളികളിൽ തോറ്റതിന്റെ ക്ഷീണത്തിലാണ്. കളിക്കാരുടെ പരിക്കും സസ്‌പെൻഷനുമാണ് തിരിച്ചടിയായത്. ചാമ്പ്യൻസ് ലീഗിൽ കുതിപ്പ് തുടരാമെന്ന പ്രതീക്ഷയിലാണ് ടീം. ക്യാപ്റ്റൻ ലൗട്ടാറോ മാർട്ടിനെസും മാർക്കസ് തുറാമും കളിക്കുന്ന മുന്നേറ്റനിര ശക്തമാണ്.
Content Highlights: uefa champions league psg bushed arsenal








English (US) ·