റഷ്യന്‍ പെണ്‍കൊടികള്‍ വനിതാ ടെന്നീസിനെ തീപ്പിടിപ്പിച്ച വര്‍ഷമാണ് 2004. അതുവരെ റഷ്യന്‍ വനിതകള്‍ക്ക് കിട്ടാക്കനിയായിരുന്ന ഗ്രാന്‍ഡ് സ്ലാം കിരീടം ഒന്നല്ല, മൂന്നെണ്ണമാണ് ആ വര്‍ഷം അവര്‍ നാട്ടിലെത്തിച്ചത്. ഫ്രഞ്ച് ഓപ്പണില്‍ അനസ്താസിയ മിസ്‌കിനയിലൂടെ തുടങ്ങി വിംബിള്‍ഡണില്‍ മരിയ ഷറപ്പോവയും തുടര്‍ന്ന് യു.എസ്.ഓപ്പണില്‍ സ്വെറ്റ്‌ലാന കുസ്‌നോട്‌സോവയും ജേതാക്കളായതോടെ വനിതാ ടെന്നീസിലെ റഷ്യന്‍ വിപ്ലവം ലോകം കണ്ടു.
മിസ്‌കിന പാതിവഴിയില്‍ വീണു പോയെങ്കിലും ഷറപ്പോവയും കുസ്‌നട്‌സോവയും വീണ്ടും ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുയര്‍ത്തി രാജ്യത്തിന്റെ അഭിമാനമായി. ഷറപ്പോവ നാല് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ കൂടി നേടിയപ്പോള്‍ (ഫ്രഞ്ച് ഓപ്പണ്‍ രണ്ടു തവണയും ഓസ്‌ട്രേലിയന്‍ ഓപ്പണും യു.എസ്.ഓപ്പണും ഓരോ തവണ കൂടിയും) കുസ്‌നട്‌സോവ ഒരു തവണകൂടി (ഫ്രഞ്ച് ഓപ്പണ്‍ ) ഗ്രാന്‍ഡ്സ്ലാം ചാമ്പ്യനായി. പ്രതിഭയുടെ ധാരാളിത്തമുണ്ടായിരുന്നിട്ടും ഷറപ്പോവയുടെ ഗ്രാന്‍ഡ് സ്ലാം കിരീടനേട്ടങ്ങള്‍ അഞ്ചിലൊതുങ്ങിയെന്ന യാഥാര്‍ഥ്യവുമുണ്ട്. 2014-ല്‍ ഷറപ്പോവ കരിയറിലെ രണ്ടാമത്തെ ഫ്രഞ്ച് ഓപ്പണ്‍ നേടിയശേഷം ഇതുവരെ ഗ്രാന്‍ഡ് സ്ലാം കിരീടത്തില്‍ മുത്തമിടാന്‍ മറ്റൊരു റഷ്യന്‍ വനിതയ്ക്കായിട്ടില്ല. വനിതാ ഗ്രാന്‍ഡ്സ്ലാം ചാമ്പ്യന്‍മാരുടെ എണ്ണമാകട്ടെ മൂന്നില്‍ തന്നെ നില്‍ക്കുകയും ചെയ്യുന്നു. മിറാ ആന്‍ഡ്രീവയെന്ന ടീനേജ് സെന്‍സേഷന്‍ ഈ കാത്തിരിപ്പിന് വിരമാമിടുമെന്ന പ്രതീക്ഷ ഇപ്പോള്‍ കായികപ്രേമികളില്‍ ഉയര്‍ന്നു കഴിഞ്ഞു. അവരുടെ പ്രതീക്ഷകള്‍ക്ക് നിറം പകരുന്ന പ്രകടനങ്ങളാണ് 2025 സീസണിന്റെ തുടക്കത്തില്‍ തന്നെ താരം കാഴ്ച വയ്ക്കുന്നത്.
ഒരു മാസത്തിനുള്ളില്‍ രണ്ട് ഡബ്ല്യു.ടി.എ 1000 കിരീടങ്ങള്‍ നേടിയാണ് മിറ വരവ് തെളിയിച്ചിരിക്കുന്നത്. 2025 സീസണിന് അരങ്ങുണരുമ്പോള്‍ രണ്ട് താരങ്ങളായിരുന്നു നക്ഷത്രത്തിളക്കത്തോടെ നിന്നത്. നിലവിലെ ലോക ഒന്നും രണ്ടും നമ്പര്‍ താരങ്ങളായ ബെലാറസിന്റെ അര്യാന സബലെങ്കയും പോളിഷ് താരം ഇഗ സ്വിയാടെക്കും. ഇവര്‍ തന്നെയിരിക്കും കിരീടപ്പോരാട്ടങ്ങളില്‍ മുന്നില്‍ നില്‍ക്കുകയെന്നതെന്നായിരുന്നു കണക്കുകൂട്ടല്‍. ക്ലേ കോര്‍ട്ടിലാണ് സ്വിയാടെക്കിന് മേധാവിത്വം.കരിയറിലെ നാല് ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങള്‍ തന്നെ ഇതിനുള്ള സാക്ഷ്യം. സബലെങ്കയാകട്ടെ ഹാര്‍ഡ് കോര്‍ട്ട് സ്‌പെഷ്യലിസ്റ്റും. സബലെങ്കയുടെ രണ്ട് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും ഓസ്‌ട്രേലിയയിലെ ഹാര്‍ഡ് കോര്‍ട്ടില്‍ നിന്ന് നേടിയതാണ്. അമേരിക്കന്‍ താരങ്ങളായ കൊക്കോ ഗൗഫും ജെസിക്കാ പെഗ്യൂലയും മാഡിസണ്‍ കെയ്‌സും കസാഖ് താരം എലേന റൈബാകിനയും ഇറ്റലിയുടെ ജാസ്മിന്‍ പോളിനിയുമൊക്കെ പോരാട്ട വീര്യവുമായി രംഗത്തുണ്ടെങ്കിലും സബെലെങ്കാ-സ്വിയാടെക് പോരാട്ടമാണ് ഏവരും പ്രതീക്ഷിച്ചിരുന്നത് . അവിടേയ്ക്കാണ് വനിതാ ടെന്നീസിലെ എല്ലാ സമവാക്യങ്ങളേയും തകര്‍ത്തെറിഞ്ഞ് ഒരു മാസമായി മിറയെന്ന പതിനേഴുകാരി പടയോട്ടം നടത്തുന്നത്.
ഫെബ്രുവരി രണ്ടാം പകുതിയില്‍ നടന്ന ദുബായ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ഇഗാ സ്വിയാടെക്കിനെയും എലേന റൈബാകിനയെയും പോലുള്ള താരങ്ങളെ കീഴടക്കി കരിയറിലെ ആദ്യ ഡബ്‌ള്യു.ടി.എ 1000 കിരീടം. ദുബായിലേത് അപ്രതീക്ഷിത പ്രകടനമായിരുന്നില്ലെന്ന തെളിയിച്ച് ഈയാഴ്ച അവസാനം ഇന്ത്യനാ വെല്‍സിലും ചാമ്പ്യന്‍. കിരീട പാതയില്‍ റൈബാക്കിനെയും സിയാടെക്കിനെയും ഒരിക്കല്‍ക്കൂടി മറികടന്നു. സെമി ഫൈനലിലായിരുന്നു സിയാടെക്കിനെതിരായ ജയം. ഫൈനലില്‍ സാക്ഷാല്‍ ലോക ഒന്നാം നമ്പര്‍ താരം സബെലെങ്കയും വീഴ്ത്തി. മിന്നിപ്പറക്കുന്ന സെര്‍വുകളും റിട്ടേണുകളുമൊക്കെയായി പവര്‍ ടെന്നീസിന്റെ ഇപ്പോഴത്തെ ചക്രവര്‍ത്തിനിയാണ് സബലെങ്ക. ആക്രമണ ടെന്നീസിന്റെ ആ ആള്‍രൂപമാണ് ഒരു പതിനേഴുകാരിയുടെ പോരാട്ടവീര്യത്തിലും മനക്കരുത്തിനും മുന്നില്‍ വീണത്. 'അമ്മയും മകളും' തമ്മിലുള്ള പോരാട്ടമെന്ന രീതിയിലാണ് സബലെങ്ക ഫൈനലിനിറങ്ങുമുമ്പ് മിറയുമായുള്ള മത്സരത്തെ വിശേഷിപ്പിച്ചത് (രണ്ടുപേരും തമ്മില്‍ ഏകദേശം ഒമ്പത് വയസിന്റെ പ്രായവ്യത്യാസമുണ്ട്). ആദ്യ സെറ്റില്‍ നിഷ്പ്രഭയായി പോയിട്ടും കളിമികവും പ്രായത്തില്‍ കവിഞ്ഞ പക്വതയും കാഴ്ച വച്ചായിരുന്നു മിറയുടെ ജയം.
പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ നേരത്തെ തന്നെ മിറ പ്രകടിപ്പിച്ചിരുന്നു. ജൂനിയര്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന മിറ കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണിന്റെ സെമി ഫൈനല്‍ വരെയെത്തി. കഴിഞ്ഞ പാരിസ് ഒളിമ്പ്ക്‌സില്‍ വനിതകളുടെ ഡബ്ള്‍സില്‍ ഡയാന ഷ്‌നൈഡര്‍ക്കൊപ്പം വെള്ളി മെഡലും നേടിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് പുതിയ സീസണിലുളള റഷ്യന്‍ താരത്തിന്റെ മുന്നേറ്റം. ഒരു ഗ്രാന്‍ഡ് സ്ലാം ചാമ്പ്യനാകാനുള്ള എല്ലാ അസ്ത്രങ്ങളും മിറയുടെ ആവനാഴിയിലുണ്ട്. ബേസ് ലൈനില്‍ നിന്ന് ആക്രമിച്ചു കളിക്കുന്ന രീതിയാണ് താരത്തിന്റേത്. കോര്‍ട്ടിലെ വേഗമേറിയ ചലനങ്ങളും മറ്റു പലതാരങ്ങള്‍ക്കുമില്ലാത്ത മനക്കരുത്തും കൂടിയാകുമ്പോള്‍ ഒരു ചാമ്പ്യന്‍ ജനുസു തന്നെയാണ് ഈ ജെന്‍സീ (1995-നും 2010 നും ഇടയില്‍ ജനിച്ചവര്‍) താരം. കോര്‍ട്ടിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ള മിറയ്ക്ക് അപ്രതീക്ഷിത ഷോട്ടുകളിലൂടെ എതിരാളികളുടെ താളം തെറ്റിക്കാനറിയാം.
വേഗമേറിയ നീക്കങ്ങളിലൂടെ കോര്‍ട്ട് കവര്‍ ചെയ്യുന്ന താരത്തിന്റെ പ്രതിരോധവും മികച്ചതാണ്. മനക്കരുത്താണ് മിറയുടെ മറ്റൊരു ട്രേഡ് മാര്‍ക്ക്. കളിയുടെ ഏത് പ്രതിസന്ധി ഘട്ടത്തിലും മനസാന്നിധ്യം കൈവിടാതെ കളിയില്‍ തിരിച്ചുവരവിനുള്ള അവസരം സൃഷ്ടിച്ചെടുക്കാന്‍ താരത്തിനാകും. സ്വിയാടെക്കിനും സബലെങ്കയ്ക്കുമെതിരായ മത്സരത്തിലൊക്കെ ഈ മനസാന്നിധ്യം കണ്ടതാണ്. ഇന്ത്യാനാവെല്‍സില്‍ ആദ്യ സെറ്റില്‍ സബലെങ്കയുടെ ബുള്ളറ്റ് റിട്ടേണുകളില്‍ നിന്ന് ഒരു മുയലിനെപ്പോലെ താന്‍ ഓടി മാറുകയായിരുന്നുവന്നാണ് മത്സര ശേഷം മിറ പറഞ്ഞത്. ഒടുവില്‍ ആ മുയല്‍ ഓടി ജയിക്കുകയും ചെയ്തു.
ഇന്നത്തെ മുന്‍നിര താരങ്ങളില്‍ സ്വിയാടെക് ക്ലേ കോര്‍ട്ടിലും സബലെങ്ക ക്ലേ കോര്‍ട്ടിലും ആധിപത്യം പുലര്‍ത്തുമ്പോള്‍ ഏത് പ്രതലത്തിലു കളിക്കാന്‍ തനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞുകൊണ്ടാണ് മിറയെന്ന ടീനേജ് പെണ്‍കുട്ടി തലയെടുപ്പോടെ നില്‍ക്കുന്നത്. പതിനേഴുകാരി മറ്റു മുന്‍നിരക്കാരുടെ ഉള്ളില്‍ ഭയത്തിന്റെ വിത്തുകള്‍ വിതച്ചു കഴിഞ്ഞെന്നു സാരം.
കരിയറിന്റെ തുടക്കത്തില്‍ തന്നെ നല്ലൊരു പരിശീലകയെ ലഭിച്ചതും എല്ലാ പിന്തുണയുമായി മാതാപിതാക്കള്‍ കൂടെയുള്ളതും മിറയുടെ കുതിപ്പിന് കാരണമായി വിലയിരുത്തപ്പെടുന്നു. മുന്‍ വിംബിള്‍ഡണ്‍ ചാമ്പ്യനായ സ്‌പെയിന്‍കാരി കൊഞ്ചിത മാര്‍ട്ടിനെസാണ് മിറയുടെ പരിശീലക. നല്ലൊരു ബന്ധമാണ് ഇരുവരും തമ്മിലുള്ളത്. ടൂര്‍ണമെന്റുകളിലെ വിജയത്തിനു ശേഷമുള്ള മറുപടി പ്രസംഗത്തില്‍ കൊഞ്ചിത ഇതുവരെ തന്നില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് മിറ പറയാറുണ്ട്. ഇന്ത്യാന വെല്‍സില്‍ കൊഞ്ചിത രണ്ടു തവണ ഫൈനലിലെത്തിയെങ്കിലും ട്രോഫി ഉയര്‍ത്താന്‍ സാധിച്ചിരുന്നില്ല. കോച്ചിന്റെ ആ സങ്കടം ശിഷ്യ പരിഹരിച്ചു.

മിറയ്‌ക്കെതിരായ തോല്‍വിക്കുശേഷം സബലെങ്ക ഒരു അഭിപ്രായം പങ്കുവച്ചിരുന്നു. കരിയറിന്റെ തുടക്കത്തില്‍ തന്നെ ഇത്രയും നല്ല ഒരു ടീമിനെ ലഭിച്ചതാണ് ( പരിശീലക സംഘവും മാതാപിതാക്കളും) മിറിയുടെ കുതിപ്പിന് കാരണമായി സബലെങ്ക ചൂണ്ടിക്കാട്ടിയത്. തനിക്കൊന്നും ഇത്തരമൊരു അവസരം ലഭിച്ചില്ലെന്നും ലോക ഒന്നാം നമ്പര്‍ വെളിപ്പെടുത്തിയിരുന്നു. മിറയ്ക്ക് കൂട്ടായി മാതാപിതാക്കളും ടൂര്‍ണമെന്റുകള്‍ക്കെത്തുന്നു. ചേച്ചി എറിക്കാ ആന്‍ഡ്രീവയും പ്രൊഫഷണല്‍ താരമാണ്.
ദുബായിലെ കിരീട നേട്ടത്തിലൂടെ ലോക റാങ്കിങില്‍ കരിയറിലാദ്യമായി ആദ്യ പത്തിലേക്ക് മിറ എത്തിയിരുന്നു. ഇന്ത്യാനാ വെല്‍സിലെ കിരീട നേട്ടത്തോടെ താരത്തിന്റെ റാങ്കിങ് ആറിലേക്കുയര്‍ന്നു. ഇരുപതുകാരിയായ ചേച്ചി എറിക്ക ലോക റാങ്കിങില്‍ 65-ാം സ്ഥാനത്തുവരെ എത്തിയിരുന്നു. ഇപ്പോള്‍ 91- ാം റാങ്കിലാണ് കിരീടവിജയങ്ങള്‍ക്കു ശേഷം താരങ്ങള്‍ അവരുടെ പരിശീലകര്‍ക്കും ടീമിനും മാതാപിതാക്കള്‍ക്കും ടൂര്‍ണമെന്റ് നടത്തിപ്പുകാര്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കുമൊക്കെ നന്ദി പറയുന്നത് നമ്മള്‍ കേട്ടിട്ടുണ്ട്. അത് സ്വാഭാവികവുമാണ്. അവിടെയും മിറയെന്ന ജെന്‍സീക്കാരി വ്യത്യസ്തയാണ്. തനിക്കു തന്നെ നന്ദി പറഞ്ഞു കൊണ്ടാണ് മിറ മറുപടി പ്രസംഗങ്ങള്‍ അവസാനിപ്പിക്കുന്നത്. റാങ്കിങില്‍ മുന്നിലുള്ള താരങ്ങളെയും പ്രതിസന്ധി ഘട്ടങ്ങളെയുമൊക്കെ മറികടന്ന് കിരീടം നേടിയതിന് താന്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്ന് കരളുറപ്പോടെ തന്നെ മിറ പറയുന്നു. കേട്ടിരിക്കുന്നവര്‍ ആദ്യമൊന്ന് അമ്പരക്കുമെങ്കിലും വാക്കുകളിലെ ആത്മാര്‍ത്ഥതയും സത്യസന്ധതയും തിരിച്ചറിയുമ്പോള്‍ നിറുത്താതെ കയ്യടിക്കും.
ചൊവ്വാഴ്ച തുടങ്ങിയ മയാമി ടെന്നീസ് ചാമ്പ്യന്‍ഷിപ്പിലാണ് ഇനി മിറ മത്സരിക്കുന്നത്. ഇന്ത്യാനവെല്‍സിലെയും മയാമിയിലെയും ടൂര്‍ണമെന്റുകള്‍ ചേര്‍ന്ന് സണ്‍ഷൈന്‍ ടൂര്‍ണമെന്റ് എന്നാണ് അറിയപ്പെടുന്നത്. മയാമിയിലും വിജയിച്ചാല്‍ സണ്‍ഷൈന്‍ ഡബിള്‍ എന്ന നേട്ടമാണ് മിറയ്ക്ക് മുന്നിലുള്ളത്. ഇന്ത്യാനാവെല്‍സിലെ കിരീട നേട്ടത്തോടെ മിറയ്ക്ക് മയാമിയിലും സാധ്യത കല്‍പ്പിക്കുന്നവര്‍ ഏറെയാണ്. ഇതെല്ലാം തള്ളിക്കളഞ്ഞ് ശരിയായ ഒരു പ്രൊഫഷണലിനെപ്പോലെ ടൂര്‍ണമെന്റില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം. വനിതാ ഗ്രാന്‍ഡ് സ്ലാമിലെ റഷ്യന്‍ വിപ്ലവം വെറും മൂന്നു പേരിലൊതുങ്ങി നില്‍ക്കുകയാണ്. ഇതിനൊരു മാറ്റമുണ്ടാക്കാനുള്ള പ്രതിഭയും പോരാട്ടവീര്യവും മിറയ്ക്കുണ്ട്. അപ്രതീക്ഷിതമായതൊന്നും സംഭവിച്ചില്ലെങ്കില്‍ വൈകാതെ അതിനുള്ള അവസരമൊരുങ്ങുമെന്ന് പ്രതീക്ഷിക്കാം.
Content Highlights: Mira Andreeva tennis WTA 1000 Grand Slam Russian tennis Aryna Sabalenka Iga Swiatek teen tennis star
ABOUT THE AUTHOR
മാതൃഭൂമി ചീഫ് സബ് എഡിറ്റർ. ഗ്രന്ഥകർത്താവ്. അങ്ങനെ ഒരു ക്രിസ്മസ് കാലത്ത് എന്ന പുസ്തകത്തിന്റെ രചയിതാവ്








English (US) ·