Published: September 15, 2025 12:08 PM IST
1 minute Read
ദുബായ്∙ ഏഷ്യാകപ്പ് ക്രിക്കറ്റിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനു ശേഷം ഇന്ത്യൻ താരങ്ങൾ ഹസ്തദാനത്തിനു നിൽക്കാത്ത സംഭവത്തിൽ ഔദ്യോഗികമായി പ്രതിഷേധിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം. ഇന്ത്യൻ താരങ്ങളുടെ നടപടിക്കു മറുപടിയായാണ് പാക്കിസ്ഥാന്‍ ക്യാപ്റ്റൻ മത്സരത്തിന്റെ സമ്മാനദാനം ബഹിഷ്കരിച്ചതെന്ന് പാക്ക് പരിശീലകൻ മൈക്ക് ഹെസ്സൻ മത്സരശേഷം വ്യക്തമാക്കി. ഇന്ത്യയോടു തോറ്റതിനു പിന്നാലെ മാധ്യമങ്ങളോടു സംസാരിക്കാനും പാക്ക് ക്യാപ്റ്റൻ തയാറായിരുന്നില്ല.
ഇന്ത്യൻ താരങ്ങളുമായി സൗഹൃദനീക്കത്തിനായി ഡ്രസിങ് റൂം വരെ പാക്കിസ്ഥാൻ താരങ്ങൾ പോയതായാണു പുറത്തുവരുന്ന വിവരം. എന്നാൽ അനുകൂല പ്രതികരണമല്ല ഇന്ത്യന്‍ താരങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്. മാച്ച് റഫറിയുടെ നിർദേശ പ്രകാരമാണ് സൂര്യകുമാർ യാദവുമായുള്ള ഹസ്തദാനം പാക്ക് ക്യാപ്റ്റൻ ഒഴിവാക്കിയത്. ഇന്ത്യയുടെ നിലപാട് സംഘാടകരും പാക്കിസ്ഥാൻ ടീമും നേരത്തേ തന്നെ അറിഞ്ഞിരുന്നെന്നു വ്യക്തം. ഇന്ത്യയുടെ നീക്കം കായിക താരങ്ങൾക്കു ചേർന്നതല്ലെന്നാണ് പാക്ക് ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിൽ പ്രതികരിച്ചത്.
‘‘ഇന്ത്യൻ ക്യാപ്റ്റനുമായി ഹസ്തദാനത്തിനു നിൽക്കരുതെന്ന് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് സൽമാൻ ആഗയെ അറിയിച്ചിരുന്നു. അതു പ്രകാരമാണ് പാക്ക് ക്യാപ്റ്റൻ വിട്ടുനിന്നത്. ഇന്ത്യയുടെ നടപടി കായിക മേഖലയ്ക്കു ചേർന്നതല്ല. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രതിഷേധം രേഖപ്പെടുത്തുകയാണ്.’’– പിസിബി വാർത്താകുറിപ്പിൽ പ്രതികരിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായാണ് പാക്കിസ്ഥാന്‍ ക്യാപ്റ്റൻ സമ്മാനദാനച്ചടങ്ങ് ബഹിഷ്കരിച്ചതെന്നും പിസിബി സ്ഥിരീകരിച്ചു. ഇന്ത്യ– പാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഒട്ടേറെ പ്രതിഷേധങ്ങൾക്കിടയിൽ നടന്ന ക്രിക്കറ്റ് മത്സരത്തിലാണ്, കളിക്കപ്പുറം സൗഹാർദത്തിന്റെ സൂചനകളൊന്നും ഉണ്ടാകാതിരുന്നത്.
മത്സരത്തിനു മുൻപ് ടോസ് ചെയ്യുന്ന ചടങ്ങിലെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഗയും മാച്ച് റഫറിക്കു ടീം ചാർട്ട് നൽകിയ ശേഷം മാറിനിൽക്കുകയായിരുന്നു. മത്സരശേഷം പാക്കിസ്ഥാൻ താരങ്ങൾക്കു കൈകൊടുക്കാൻ ഇന്ത്യൻ താരങ്ങളും കൂട്ടാക്കിയില്ല. അതേസമയം പാക്കിസ്ഥാനെതിരായ വിജയം ഇന്ത്യയുടെ ധീരസൈനികർക്കു സമർപ്പിക്കുന്നതായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പ്രതികരിച്ചു.
‘ഞങ്ങൾ ഇവിടെ ക്രിക്കറ്റ് കളിക്കാനാണു വന്നത്. ചില കാര്യങ്ങൾ ക്രിക്കറ്റിന് അപ്പുറമുള്ളതാണ്. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഒപ്പമാണു ഞങ്ങളുടെ മനസ്സ്. ഓപ്പറേഷൻ സിന്ദൂർ സൈനികനടപടിയിൽ പങ്കെടുത്ത എല്ലാ സൈനികർക്കുമായി ഈ വിജയം സമർപ്പിക്കുന്നു’’– മത്സരശേഷം സൂര്യകുമാർ പറഞ്ഞു.
English Summary:








English (US) ·