Published: July 10 , 2025 04:48 PM IST
1 minute Read
ഹൈദരാബാദ്∙ ഐപിഎൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദ് നൽകിയ പരാതിയിൽ, ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ (എച്ച്സിഎ) പ്രസിഡന്റ് എ.ജഗൻ മോഹൻ റാവു ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. ജഗൻ മോഹൻ റാവുവിനു പുറമേ എച്ച്സിഎ ട്രഷറർ സി.ശ്രീനിവാസ റാവു, സിഇഒ സുനിൽ കാന്റെ എന്നിവരും മറ്റു രണ്ടു പേരുമാണ് അറസ്റ്റിലായത്. തെലങ്കാന ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് (സിഐഡി) ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
സാമ്പത്തിക തിരിമറി, വിശ്വാസ വഞ്ചന തുടങ്ങിയ ആരോപണങ്ങളാണ് ഇവർക്കെതിരെ ഉയർന്നിരിക്കുന്നത്. ഇവർക്കെതിരെ ഹൈദരാബാദിലെ സിഐഡി പൊലീസ് സ്റ്റേഷനിൽ ക്രിമിനൽ കേസും റജിസ്റ്റർ ചെയ്തു. സൺറൈസേഴ്സ് ഹൈദരാബാദിനു പുറമേ തെലങ്കാന ക്രിക്കറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ധരം ഗുരുവ റെഡ്ഡിയും ഇവർക്കെതിരെ പരാതി നൽകിയിരുന്നു.
ഇക്കഴിഞ്ഞ ഐപിഎൽ സീസണുമായി ബന്ധപ്പെട്ടാണ്, സൺറൈസേഴ്സ് ടീം ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനെതിരെ പരാതി നൽകിയത്. അസോസിയേഷൻ ഭാരവാഹികൾ ബ്ലാക്ക്മെയിൽ ചെയ്യുന്നുവെന്ന സൺറൈസേഴ്സ് ടീം അധികൃതരുടെ പരാതിയിൽ തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി അന്വേഷണത്തിന് ഉത്തരവിട്ടതിനു പിന്നാലെയാണ് അഞ്ചംഗ സംഘം അറസ്റ്റിലായത്.
അതേസമയം, സൺറൈസേഴ്സിന്റെ ആരോപണങ്ങൾ എച്ച്സിഎ തള്ളിയിരുന്നു. ആരോപണങ്ങൾ വ്യാജമാണെന്നായിരുന്നു എച്ച്സിഎ അധികൃതരുടെ പ്രതികരണം.
നേരത്തെ, കോംപ്ലിമെന്ററി ടിക്കറ്റുകൾ ആവശ്യപ്പെട്ട് നിരന്തരം ശല്യപ്പെടുത്തുന്നതായും ടിക്കറ്റ് നൽകിയെങ്കിൽ മത്സരം നടത്താൻ സ്റ്റേഡിയം വിട്ടുതരില്ലെന്ന് ഭീഷണിപ്പെടുത്തുന്നതായും ആരോപിച്ചാണ് എച്ച്സിഎയ്‌ക്ക് എതിരെ ബിസിസിഐ, ഐപിഎൽ കമ്മിറ്റി എന്നിവർക്ക് സൺറൈസേഴ്സ് ഹൈദരാബാദ് പരാതി നൽകിയത്. ഈ സാഹചര്യത്തിൽ ഹൈദരാബാദ് ടീമിന്റെ ഹോം ഗ്രൗണ്ട് മറ്റൊരു സ്റ്റേഡിയത്തിലേക്ക് മാറ്റുന്നതു പരിഗണിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
English Summary:








English (US) ·