Published: June 15 , 2025 08:54 AM IST Updated: June 15, 2025 10:14 AM IST
1 minute Read
ചെന്നൈ∙ സൺറൈസേഴ്സ് ഹൈദരാബാദ് ടീം ഉടമ കാവ്യ മാരനും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇരുവരുടെയും വിവാഹം നടത്തുന്നതിനുള്ള നീക്കങ്ങൾ കുടുംബങ്ങളിൽ ആരംഭിച്ചതായാണു വിവരം. ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതേസമയം, വിവാഹവാർത്ത തെറ്റാണെന്ന് വ്യക്തമാക്കി അനിരുദ്ധ് രംഗത്തെത്തി. എക്സിൽ പോസ്റ്റ് ചെയ്ത ഒറ്റ വരി പോസ്റ്റിലാണ് വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് അനിരുദ്ധ് അഭ്യർഥിച്ചത്.
32 വയസ്സുകാരിയായ കാവ്യ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ സിഇഒയാണ്. ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗിലെ സൺറൈസേഴ്സ് ഈസ്റ്റേൺ കേപ് ടീമും കാവ്യയുടേതാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹൈദരബാദിന്റെ മത്സരങ്ങൾ കാണാൻ ഗ്രൗണ്ടിലെത്തുന്നതു പതിവായതോടെയാണു കാവ്യയ്ക്ക് ആരാധകേറിയത്. സൺ ഗ്രൂപ്പ് ചെയര്‍മാൻ കലാനിധി മാരന്റെയും കാവേരി കലാനിധിയുടേയും മകളാണ്.
നേരത്തെ, കാവ്യയും അനിരുദ്ധും യുഎസിലെ ലാസ് വേഗസിൽ അവധിക്കാലം ആഘോഷിക്കാൻ പോയിരുന്നതായും അഭ്യൂഹം പ്രചരിച്ചിരുന്നു. 34 വയസ്സുകാരനായ അനിരുദ്ധ് ബോളിവുഡിലടക്കം തിളങ്ങി നിൽക്കുന്ന സമയത്താണ് വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹം പുറത്തുവന്നത്. നടന്‍ രവി രാഘവേന്ദ്രയുടേയും നർത്തകി ലക്ഷ്മിയുടേയും മകനാണ് അനിരുദ്ധ്. ധനുഷ് നായകനായ ‘ത്രീ’ എന്ന സിനിമയ്ക്ക് ഗാനങ്ങളൊരുക്കിയാണ് അനിരുദ്ധ് കരിയർ തുടങ്ങിയത്. തമിഴ് സിനിമകളിലൂടെ അതിവേഗം വളർന്ന അനിരുദ്ധ്, തെലുങ്ക്, ഹിന്ദി സിനിമകളിലും ഗാനങ്ങൾക്ക് ഈണങ്ങളൊരുക്കി.
English Summary:








English (US) ·