10 April 2025, 03:56 PM IST

വിനേഷ് ഫോഗട്ട്
ന്യൂഡല്‍ഹി: ഹരിയാന സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാദ്ഗാനങ്ങളിൽ നാലുകോടി രൂപയുടെ പാരിതോഷികം തിരഞ്ഞെടുത്ത് ഇന്ത്യന്‍ ഗുസ്തി താരവും എംഎല്‍എയുമായ വിനേഷ് ഫോഗട്ട്. നാല് കോടി, അല്ലെങ്കില്‍ ഭൂമി അതുമല്ലെങ്കില്‍ സര്‍ക്കാര്‍ ജോലി ഇതില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാനാണ് സര്‍ക്കാര്‍ വിനേഷ് ഫോഗട്ടിനോട് ആവശ്യപ്പെട്ടത്. ഇതില്‍ നാലുകോടി രൂപയുടെ പാരിതോഷികം തിരഞ്ഞെടുക്കാനാണ് വിനേഷ് തീരുമാനിച്ചതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കായിക താരങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളുടെ ഭാഗമായാണ് വിനേഷ് ഫോഗട്ടിന് മുന്നില്‍ ഹരിയാണ സര്‍ക്കാര്‍ മൂന്ന് നിര്‍ദേശം വെച്ചത്. നാലു കോടി രൂപയുടെ ക്യാഷ് പ്രൈസ്, ഹരിയാണ ഷഹരി വികാസ് പ്രധികരൺ പദ്ധതിക്ക് കീഴില്‍ നിശ്ചിത ഭൂമി, ഗ്രൂപ്പ് എ സര്‍ക്കാര്‍ ജോലി എന്നിവയായിരുന്നു വാഗ്ദാനങ്ങൾ. ഇതിൽ ഏതെങ്കിലും ഒന്ന് കോണ്‍ഗ്രസ് എംഎല്‍എ കൂടിയായ വിനേഷിന് തിരഞ്ഞെടുക്കാമായിരുന്നു. അതേസമയം എംഎൽഎ ആയതിനാൽ വിനേഷിന് സര്‍ക്കാര്‍ ജോലി സ്വീകരിക്കാനാവില്ലെന്ന് വിനേഷിന്റെ ബന്ധു പ്രതികരിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാന കായികവകുപ്പിന് ഇതുസംബന്ധിച്ച കത്തും നൽകിയിട്ടുണ്ട്.
നേരത്തേ മുഖ്യമന്ത്രി നയാബ് സിങ് സെയ്‌നിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കായിക നയം അനുസരിച്ച് ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവിന് നല്‍കുന്ന ആനുകൂല്യമാണിത്. പാരീസ് ഒളിമ്പിക്‌സില്‍ ഗുസ്തി 50 കിലോ വിഭാഗത്തില്‍ മത്സരിച്ച് ഫൈനലിലെത്തിയ വിനേഷ് ഭാരപരിശോധനയില്‍ 100 ഗ്രാം അധികം തൂക്കം വന്നതിനെത്തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ടിരുന്നു.
Content Highlights: vinesh phogat opts 4 crore currency prize haryana government








English (US) ·