13 June 2025, 04:03 PM IST

പ്രതീകാത്മക ചിത്രം | Photo: X/ Raaj Kamal Films International, ANI
ന്യൂഡല്‍ഹി: 'തഗ് ലൈഫ്' നിരോധനംചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജിയില്‍ കര്‍ണാടക സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്. ജസ്റ്റിസുമാരായ പ്രശാന്ത് കുമാര്‍ മിശ്ര, മന്‍മോഹന്‍ എന്നിവരുടെ ബെഞ്ചാണ് കര്‍ണാടക ചീഫ് സെക്രട്ടറിക്കും ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും പോലീസ് മേധാവിക്കും നോട്ടീസ് നല്‍കിയത്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചിട്ടും 'തഗ് ലൈഫി'ന്റെ പ്രദര്‍ശനം വിലക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയെന്ന് പൊതുതാത്പര്യഹര്‍ജിയില്‍ ബെംഗളൂരു സ്വദേശിയായ എം. മഹേഷ് റെഡ്ഡി വാദിച്ചിരുന്നു. അത്തരം നടപടികള്‍ 19 (1) (എ) വകുപ്പുപ്രകാരമുള്ള അഭിപ്രായസ്വാതന്ത്ര്യത്തിനുമേലുള്ള ഭരണഘടനാവിരുദ്ധമായ നിയന്ത്രണമാണെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഡ്വ. എ. വേലന്‍ വാദിച്ചു. ഭാഷാ ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയും തീയേറ്ററുകള്‍ കത്തിക്കാന്‍ ആഹ്വാനം നല്‍കുകയുംചെയ്യുന്ന തീവ്രസ്വഭാവമുള്ള സംഘടനകള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ കീഴടങ്ങിയെന്നും ഹര്‍ജിയില്‍ പറയുന്നു.
'തഗ് ലൈഫി'ന്റെ പ്രൊമോഷന്റെ ഭാഗമായി തമിഴ്‌നാട്ടില്‍നടന്ന പരിപാടിയില്‍ കമല്‍ഹാസന്റെ പ്രസ്താവനയ്‌ക്കെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. കന്നഡ ഭാഷ തമിഴില്‍നിന്നുണ്ടായതാണെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് കര്‍ണാടകയില്‍ വലിയ പ്രതിഷേധമുണ്ടായി. തുടര്‍ന്നാണ് കന്നഡ അനുകൂല സംഘടനകളുടേയും രാഷ്ട്രീയപ്പാര്‍ട്ടികളുടേയും സമ്മര്‍ദത്തെത്തുടര്‍ന്ന് കര്‍ണാടകയില്‍ 'തഗ് ലൈഫി'ന് പ്രദര്‍ശന വിലക്ക് ഏര്‍പ്പെടുത്താന്‍ കര്‍ണാടക ഫിലിം ചേംബര്‍ തീരുമാനിച്ചത്.
നിരോധനം ചോദ്യംചെയ്ത് ചിത്രത്തിന്റെ നിര്‍മാതാക്കളായ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, കമല്‍ഹാസന്‍ ഖേദം പ്രകടിപ്പിച്ചാല്‍ തീരാവുന്നതാണ് പ്രശ്‌നങ്ങള്‍ എന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി ഹര്‍ജി തള്ളി.
Content Highlights: Supreme Court Issues Notice To Karnataka For Ban On Kamal Haasan's Thug Life
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·