Published: June 16 , 2025 03:01 PM IST
1 minute Read
ന്യൂഡൽഹി∙ ഇംഗ്ലണ്ട് പര്യടനത്തിലെ പരിശീലന മത്സരത്തിൽ തകർപ്പൻ സെഞ്ചറിയുമായി തിളങ്ങിയ യുവതാരം സർഫറാസ് ഖാനെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്താത്തതിൽ വിമർശനവുമായി മുൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യൻ എ ടീമിൽ ഉൾപ്പെടുത്താമെങ്കിൽ, സർഫറാസിനെ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുന്നതിൽ എന്താണ് പ്രശ്നമെന്ന് ചോപ്ര ചോദിച്ചു. ന്യൂസീലൻഡിനെതിരെ ടെസ്റ്റിൽ സെഞ്ചറി നേടിയ തിളങ്ങിയ താരത്തെ, പിന്നീട് കാര്യമായ അവസരങ്ങൾ നൽകാതെ പുറത്തിരുത്തുന്നത് ദുഃഖകരമാണെന്നും ചോപ്ര വ്യക്തമാക്കി.
‘‘സർഫറാസ് ഖാൻ എന്തെങ്കിലും തെറ്റു ചെയ്തതായി എനിക്ക് അറിയില്ല. ഇതുവരെ അദ്ദേഹം കാര്യമായ പിഴവുകളൊന്നും വരുത്തിയിട്ടില്ല. കളിച്ച മത്സരത്തിലാണെങ്കിൽ സെഞ്ചറിയിലേക്ക് എത്തിയില്ലെങ്കിൽപ്പോലും അദ്ദേഹം 90 റൺസിനു മുകളിൽ സ്കോർ ചെയ്തു. എന്നിട്ടും തൊട്ടടുത്ത മത്സരത്തിൽ അവസരം നിഷേധിച്ചു. ഇപ്പോൾ അദ്ദേഹം ഇന്ത്യൻ ടെസ്റ്റ് ടീമിലും അംഗമല്ല’ – ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.
‘‘ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും കളിച്ച് പരാജയപ്പെട്ട ആളല്ല അദ്ദേഹം. അദ്ദേഹത്തിന് അവിടെയൊന്നും ഇതുവരെ അവസരം ലഭിച്ചിട്ടില്ല. ഇതൊരു നല്ല സൂചനയല്ല. ആ താരത്തിന്റെ സാങ്കേതികത്തികവിലോ ശൈലിയിലോ നിങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ അതു മനസ്സിലാക്കാം. അവിടെ റൺസ് നേടാനുള്ള മികവ് അദ്ദേഹത്തിന് ഇല്ലെങ്കിൽ തീർച്ചയായും പരിഗണിക്കാതിരിക്കാം. പക്ഷേ അങ്ങനെയൊരാളെ പിന്നെ എന്തിനാണ് ഇന്ത്യ എ ടീമിനൊപ്പം പര്യടനത്തിനു വിടുന്നത്? ഒരാളെക്കുറിച്ച് ഇത്തരമൊരു മുൻധാരണയുണ്ടെങ്കിൽ പിന്നെ എ ടീമിൽ ഉൾപ്പെടുത്തിയുള്ള പരീക്ഷണം വേണോ?’ – ചോപ്ര ചോദിച്ചു.
2024 ഒക്ടോബറിൽ ന്യൂസീലൻഡിനെതിരെ ബെംഗളൂരുവിൽ 150 റൺസടിച്ച സർഫറാസിന്, പിന്നീട് മൂന്നു ടെസ്റ്റുകളിൽ മാത്രമാണ് അവസരം ലഭിച്ചത്. ആറു മാസത്തിലധികമായി താരം ടെസ്റ്റ് ടീമിനു പുറത്തുമാണ്. ഇപ്പോൾ ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ടീമിലും താരം അംഗമല്ല.
‘‘ഏതു സാഹചര്യത്തിലും റൺസ് നേടാനുള്ള മികവുണ്ടെന്ന ബോധ്യത്തിലാണ് സർഫറാസിനെ ഇന്ത്യ എ ടീമിൽ ഉൾപ്പെടുത്തിയതെങ്കിൽ, അദ്ദേഹത്തെ ഇന്ത്യൻ ടീമിലും കളിപ്പിക്കൂ. എന്തു തെറ്റാണ് അദ്ദേഹം ചെയ്തത്? ബെംഗളൂരുവിൽ സർഫറാസ് സെഞ്ചറി നേടിയിരുന്നു. തുടർന്ന് രണ്ടു മത്സരങ്ങളിൽ പരാജയപ്പെട്ടു എന്നതു ശരിതന്നെ. ആ മത്സരങ്ങളിൽ ഇന്ത്യൻ നിരയിൽ ആർക്കും തിളങ്ങാനായിരുന്നില്ല. പിന്നീട് ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിലേക്കു പോലും സർഫറാസിനെ പരിഗണിച്ചില്ല. ഇപ്പോൾ അദ്ദേഹം ടീമിൽപ്പോലും ഇല്ല.’ – ചോപ്ര ചൂണ്ടിക്കാട്ടി.
English Summary:








English (US) ·